കഴിഞ്ഞ ദിവസം കോട്ടയത്ത് പോകാൻ കൊട്ടാരക്കര നിന്നും ബസിൽ കയറി. മുന്നിലെ സീറ്റുകൾ നിറഞ്ഞിരുന്നു. നാലാം സീറ്റിൽ ആറേഴ് വയസുള്ള ഒരു ആൺകുട്ടി ഒറ്റയ്ക്ക് ഇരിയ്ക്കുന്നു. ഒറ്റയ്ക്ക് കുട്ടികളെ കണ്ടാൽ പിന്നെ ഒരു ആകാംക്ഷയാണ്. ചെന്ന് അടുത്തിരുന്നു. ആൾ ക്ഷീണിതനാണ്. കൈയിൽ ബസുകളിൽ വില്ക്കപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ കശുവണ്ടിയുടെ പകുതി കാലിയായ പായ്ക്കറ്റുണ്ട്. നാലു വശവും നോക്കിയപ്പോൾ അച്ഛനും അമ്മയും ചെറിയ കുഞ്ഞുമുണ്ട്. ഞാനവനോട് ചോദിച്ചു, അത്,അച്ഛനുമമ്മയുമാണോ, അവരുടെ കൂടെ വന്നതാണോ?
അവൻ അതേയെന്ന് തല കുലുക്കി. സൈഡ് സീറ്റിലിരിയ്ക്കാനുള്ള ഇഷ്ടം കൊണ്ടാകും. എന്നാലും...കശുവണ്ടി കഴിയ്ക്കുന്നതിനിടയിലും അവൻ എന്നെ പാളി നോക്കുന്നുണ്ട്. പന്തളത്തിറങ്ങണമത്രേ. രണ്ടാം ക്ലാസിൽ പഠിയ്ക്കുന്നു. ശംഭു. അനിയൻ മണികണ്ഠൻ. പിന്നെയും അവനെന്നെ നോക്കിയിരിയ്ക്കുന്നു, എന്തോ പറയാനുണ്ട്; കുട്ടിയാണേലും ചുഴിഞ്ഞു ചോദിയ്ക്കാനൊരു മടി.
അവനെ നോക്കി ചിരിച്ചു, മടിച്ച് അവനും. 'ഞങ്ങള് കേറുന്ന ഏഴാമത്തെ വാഹനമാ ഇത്.' "ഏഴാമത്തേതോ?" ങാ...ഉയ്യോ എന്ത് മാത്രം ദൂരെ പോയെന്നറിയാമോ? അപ്പോ നിങ്ങൾ എവിടെ പോയിട്ട് വരുവാ, അതൊന്നും എനിക്കറിഞ്ഞൂടാ, ബോർഡൊന്നും നോക്കാതങ്ങ് പോവല്ലാരുന്നോ, തിരുവനന്തോരം കഴിഞ്ഞൊക്കെ പോയി. പിന്നെ അതെന്റച്ഛനല്ല കേട്ടോ. ഞങ്ങടെ കിച്ചഛനാ. എന്റച്ഛൻ പണ്ടേ കൊല്ലത്തെങ്ങാണ്ടാന്ന് പറയുന്നു. കഞ്ചാവ് വിറ്റ് ജയിലി പോവും. കിച്ചഛന്റെ വീട്ടിലാ ഞങ്ങള് താമസിയ്ക്കുന്നെ. ഇന്നലെ ഉച്ചയ്ക്ക് ഒരു മീൻകറി വച്ചേന്റെ വഴക്കാ അവിടുത്തെ അമ്മൂമ്മേമായിട്ട്...അവര് പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. ഒടുക്കം വാവേം എടുത്ത് വാടാ മുടി വെട്ടിയ്ക്കാൻ പോവാമെന്നും പറഞ്ഞു പോയ പോക്കാ. ഈ വെയിലത്തോന്ന് ചോദിയ്ക്കാൻ തൊടങ്ങിയതാ, അമ്മേടെ മൊഖം കണ്ട് പേടിച്ചു പോയി.
ആരാണ്ടൊക്കെ ഫോണിൽ വിളിച്ചു, എടുത്തില്ല. ഒരുപാട് നേരമായപ്പോ എനിക്ക് വല്ലാതെ വെശന്നു. അന്നേരം കിച്ചഛൻ വിളിക്കുന്നു, ഞാൻ പറഞ്ഞു, ഫോണെടുത്തില്ലെങ്കി ഇവിടെ കെടന്ന് ഒറക്കെ കരയുമെന്ന്. അങ്ങനാ അമ്മ ഫോണെടുത്തത്. ഒരു കുപ്പി വെള്ളം വാങ്ങിച്ച് കുടിച്ച് അവിടിരുന്നു. ആളുകൾ തമിഴൊക്കെ പറയുന്നു. എനിക്ക് വെശക്കുകേം ചെയ്യുന്നു, പേടീമാവുന്നു, അമ്മയ്ക്ക് വല്ല കാര്യോമൊണ്ടോ, ഇതിലും വല്യ വഴക്കാ എന്നും. അറിയാത്ത സ്ഥലത്ത്...അമ്മേടെ കരച്ചിൽ കേട്ടാണ് ഞാനുണർന്നത്. കിച്ചഛൻ വന്നിരിയ്ക്കുന്നു.
എനിയ്ക്കും കരച്ചിൽ വന്നു. വെശന്നിട്ടാന്നാ കിച്ചഛൻ കരുതിയെ, അല്ല, അമ്മ ഞങ്ങളെ എവിടേലും കൊണ്ടുപോയി കൊല്ലുമെന്ന് കരുതി, രക്ഷ കിട്ടിയല്ലോന്നാ ഞാനോർത്തത്. മസാലദോശയൊക്കെ വാങ്ങിത്തന്ന് അറിയുന്ന ഒരു വീട്ടിൽ കൊണ്ടു പോയി കിടത്തി, കൊണ്ടു വരുവാ...ഇനിയെന്താവുമെന്നറിയത്തില്ല.
ഒന്നും ചോദിയ്ക്കാതെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി. ഏനാത്തായപ്പോൾ എന്നെ നോക്കി ഒരു പുഞ്ചിരിയോടെ, ഇവിടൊക്കെ എനിക്കറിയാം, പേടിയില്ല. ഞാനവന്റെ കൈയെടുത്ത് പറഞ്ഞു: മോനൊരു മിടുക്കനാ, വീട്ടിൽ ചെല്ലുമ്പോ അമ്മയോട് പറയണം, ഞാൻ പഠിച്ച് വല്യ ആളായി അമ്മയെ നന്നായി നോക്കുമെന്ന്. അമ്മയ്ക്ക് സന്തോഷമാവും. ആരെല്ലാം പൈസ തരാമെന്ന് പറഞ്ഞാലും കള്ളും കഞ്ചാവുമൊന്നും കൈ കൊണ്ട് തൊടുക പോലും ചെയ്യരുത്. നിവൃത്തിയില്ലാതെ വന്നാൽ അമ്മയ്ക്കൊപ്പം ഗാന്ധിഭവനിലേക്ക് വന്നാൽ മതിയെന്നും ഒരാവേശത്തിന് പറഞ്ഞു .എ.പി.ജെ.അബ്ദുൾ കലാമിനെ പോലെ വല്യ ആളാകുമെന്ന് എനിയ്ക്ക് കൈയിലടിച്ച് വാക്ക് തന്നിട്ടാണ് ശംഭു പോയത്. ഇറങ്ങാൻ നേരവും സംസാരിച്ച് പോകുന്ന രക്ഷിതാക്കൾ (?) ആ കുഞ്ഞിനെ ഒന്ന് പിടിച്ചില്ല. ആ അമ്മയ്ക്ക് ഇപ്പോൾ പോലും ഇരുപത് തികഞ്ഞോന്ന് സംശയം. ശംഭുവും അനിയനും മിടുക്കരാകട്ടെ. (പേരുകൾ സാങ്കല്പികം)
അതെ, ഇത് നടന്ന കാര്യങ്ങൾ പറഞ്ഞ് കഴിഞ്ഞപ്പോ അവൻ കുറെ സ്വസ്ഥനായി. അവൻ പറയുമ്പോഴെല്ലാം ഞാനവരെ പാളി നോക്കുകയായിരുന്നു, അതിന്റെ പേരിൽ ഉപദ്രവിയ്ക്കുമോയെന്ന് ഭയന്നു. ആ കുഞ്ഞിനെ ആരെങ്കിലും തൊട്ടിട്ടും വിളിച്ചിട്ടും ഒരുപാട് നാളായെന്ന് തോന്നി. ചെറിയ കുട്ടി, കിച്ചഛന്റെയാണോന്ന് പരിഗണന കണ്ടപ്പോൾ തോന്നി. പെൺകുഞ്ഞുങ്ങൾക്ക് കിട്ടുന്ന സഹതാപം പോലും ശിഥിലകുടുംബങ്ങളിൽ ആൺകുഞ്ഞുങ്ങൾക്ക് കിട്ടുന്നില്ല. അതാണ് പലരേയും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തിക്കുന്നത്. തക്ക സമയത്ത് ഒരു വാക്ക്...ചിലപ്പോൾ അത് പോലും പ്രയോജനം ചെയ്യും.