Image
Image

അന്തരിച്ച ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍: പത്തൊമ്പതാം വയസ്സില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണ്ണം

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 23 March, 2025
അന്തരിച്ച ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍: പത്തൊമ്പതാം വയസ്സില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണ്ണം

ബോക്‌സിങ് ഇതിഹാസം, അമേരിക്കയുടെ ജോര്‍ജ് എഡ്വേര്‍ഡ് ഫോര്‍മാന്‍(76) അന്തരിച്ചു. രണ്ടു തവണ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യനായ ഫോര്‍മാന്റെ അന്ത്യം അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു. "ഞങ്ങളുടെ ഹൃദയങ്ങള്‍ തകര്‍ന്നു " എന്നാണ് ഫോര്‍മാന്റെ വിയോഗം അറിയിച്ചുകൊണ്ട് ബോക്‌സിങ് ഹാള്‍ ഓഫ് ഫെയ്‌മേഴ്‌സ് കുറിച്ചത്.

ടെക്‌സസിലെ മാര്‍ഷലില്‍ 1949 ല്‍ ജനിച്ച ഫോര്‍മാന്‍ പതിനേഴാം വയസ്സില്‍ റിങ്ങില്‍ സജീവമായി. 1968 ലെ മെക്‌സിക്കോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ പ്രായം 19. ജോ ഫ്രേസിയറെ പരാജയപ്പെടുത്തി 1973 ല്‍ ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ചാമ്പ്യനായി. 1964 ലെ ഒളിപിക്‌സ് ചാമ്പ്യനുമായിരുന്നു ഫ്രേസിയര്‍. ഒരു വര്‍ഷമേ ഈ കിരീടം ഫോര്‍മാന്റെ പേരില്‍ നിലനിന്നുള്ളൂ. തൊട്ടടുത്ത വര്‍ഷം സെയറില്‍(ഇപ്പോള്‍ കോംഗോ) നടന്ന, ചരിത്രത്തില്‍ സ്ഥാനം നേടിയ പോരാട്ടത്തില്‍ മുഹമ്മദ് അലി ജോര്‍ജ് ഫോര്‍മാനെ പരാജയപ്പെടുത്തി.

തിരിച്ചുവരവിനു ശ്രമിച്ച ഫോര്‍മാന്‍ 1977 ല്‍ പ്യൂര്‍ട്ടോയിൽ ജിമ്മി യങ്ങിനു മുന്നില്‍ കീഴടങ്ങി. പിന്നീട് വിവിധ പ്രോഡക്ടുകളുടെ പ്രചാരകനും പ്രഭാഷകനുമായി. 1984 ല്‍ ജോര്‍ജ് ഫോര്‍മാന്‍സ് യൂത്ത് ആന്‍ഡ് കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി. ഏതാണ്ട് ഒരു പതിറ്റാണ്ട് പ്രഫഷണല്‍ ബോക്‌സിങ് രംഗത്തുനിന്നു മാറിനിന്ന ഫോര്‍മാന്‍ 1987 ല്‍ മടങ്ങിയെത്തി. 1994 ല്‍ മൈക്കല്‍ മൂററെ തോല്‍പിച്ച് ലോക ഹെവിവെയ്റ്റ് ബോക്‌സിങ്ങ് കിരീടം രണ്ടാമതൊരിക്കല്‍ കൂടി സ്വന്തമാക്കി. 45-ാം വയസ്സിലെ ഈ ചാമ്പ്യന്‍പട്ടം പ്രായം കൂടിയ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ എന്ന റെക്കോര്‍ഡും സൃഷ്ടിച്ചു.

പ്രഫഷ്ണല്‍ മത്സരങ്ങളില്‍ 76 വിജയവും അഞ്ചു പരാജയവും ഫോര്‍മാന്റെ  പേരില്‍ ഉണ്ട്. അതില്‍ 68 നോക്കൗട്ട് വിജയങ്ങളാണ്. 1997 വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫോര്‍മാന് 12 കുട്ടികളുണ്ട്. അതില്‍ ആണ്‍മക്കള്‍ അഞ്ചു പേര്‍ക്കും ജോര്‍ജ് ഫോര്‍മാന്‍ എന്നു തന്നെയാണ് പേര്. അതിന്റെ കാരണവും വ്യക്തമാക്കിയിരുന്നു. ഒരാള്‍ക്ക് ഉയര്‍ച്ചയോ താഴ്ചയോ സംഭവിച്ചാല്‍ അഞ്ചുപേരും പങ്കാളികളാണം. ഫോര്‍മാന്‍ നല്ലൊരു കുടുംബനാഥനുമായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക