Image
Image

റേഡിയേഷനോ, ഓപ്പറേഷനോ എന്ന് അദ്ദേഹത്തിന്റെ ഡോക്ടർ തീരുമാനിക്കും ; മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് നടൻ തമ്പി ആന്റണി

Published on 24 March, 2025
റേഡിയേഷനോ, ഓപ്പറേഷനോ എന്ന് അദ്ദേഹത്തിന്റെ ഡോക്ടർ തീരുമാനിക്കും ; മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് നടൻ തമ്പി ആന്റണി

കൊച്ചി: മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഹേഷ് നാരായണന്റെ സിനിമാ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിയെ ചെന്നൈയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നത്. അതിനിടെ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതായും പ്രചാരണം ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ പിആര്‍ ടീം അത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. രോഗത്തിന്റെ ആരംഭം മാത്രമാണെന്നും രണ്ടാഴ്ചത്തെ റേഡിയേഷന്‍ കൊണ്ട് അദ്ദേഹം സുഖംപ്രാപിച്ചു വരും എന്നും കഴിഞ്ഞ ദിവസം സംവിധായകന്‍ ജോസ് തോമസ് വ്യക്തമാക്കിയിരുന്നു. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന് തയ്യാറാവുകയും ചെയ്തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നായിരുന്നു സംവിധായകന്‍ അഖില്‍ മാരാര്‍ പറഞ്ഞത്. അതിനിടെ മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നേരുകയും ചെയ്തിരുന്നു

ഇപ്പോഴിതാ നടന്‍ തമ്പി ആന്റണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ചര്‍ച്ചയാവുകയാണ്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടര്‍മാരുടെ അഭിപ്രായം എന്ന് തമ്പി ആന്റണി പറയുന്നു. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടതെന്നും തമ്പി ആന്റണി പറയുന്നു.

 

തമ്പി ആന്റണിയുടെ കുറിപ്പ്

മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക.

കുടലിലെ ക്യാന്‍സര്‍ കൊള്‌നോസ്‌കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അന്‍പതു വയസുകഴിഞ്ഞാല്‍ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കില്‍ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at age 45. ഇത് എല്ലാ വര്‍ഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീര്‍ച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിന്നിരിക്കണം. ഭക്ഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കില്‍ അഭിനയിക്കുബോള്‍ ഞങ്ങള്‍ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉള്‍പ്പടെ പല മീന്‍ വിഭവങ്ങള്‍ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്കു മാറ്റിവെക്കും. അടുത്തിരിക്കുന്നവര്‍ക്കു കൊടുക്കാന്‍ ഒരു മടിയുമില്ല മമ്മൂക്കായിക്ക്. അതറിയാവുന്ന അമ്പിളിചേട്ടന്‍ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി.

ഇപ്പോള്‍ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടര്‍ന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വര്‍ഷംകഴിഞ്ഞിട്ടും പൂര്‍ണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂര്‍ണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളില്‍ സജീവമാകും എന്നതില്‍ ഒരു സംശയവുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക