നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിർമ്മാണ സംരംഭമായ NSS2 ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്നു നൽകുന്നതിലും നിർണ്ണായകമായി മാറിയിരുന്നു.
സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും കൈകോർക്കുകയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനാവുന്നത്. 2025 ജൂൺ വരെ ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്ന് നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ പറഞ്ഞു.
ഹൊറർ ത്രില്ലർ വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവർ അഭിപ്രായപ്പെട്ടു.