'എൽ2: എംപുരാൻ' സിനിമയുടെ ആദ്യ ഭാഗമായ 'ലൂസിഫർ' കാണാത്തവർക്കും രണ്ടാം ഭാഗം വേറിട്ടു നിൽക്കുന്ന ചിത്രമായി അനുഭവപ്പെടുമെന്നു നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ആദ്യ ഭാഗം കാണാത്തവർക്കും മനസിലാകാതെ പോകുന്ന യാതൊന്നും മോഹൻലാൽ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ ഇല്ലെന്നു അദ്ദേഹം ഉറപ്പു പറഞ്ഞു.
ചെന്നൈയിൽ നടന്ന മാധ്യമസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോഴാണ് പൃഥ്വിരാജ് പ്രതികരിച്ചത്. "തിരക്കഥ എഴുതിയ മുരളി ഗോപിയും ഞാനും ഇതൊരു സ്വതന്ത്ര ചിത്രമായിരിക്കണം എന്ന കാര്യത്തിൽ യോജിച്ചിരുന്നു. ഇതേ നിലവാരത്തിൽ മൂന്നാമതൊരു ഭാഗം കൂടി എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
ഒന്നാം ഭാഗം കണ്ടവർ രണ്ടാം ഭാഗം കാണുമ്പോൾ ചില രംഗങ്ങളും സംഭാഷണവും ഓർത്തുപോകാമെന്നു പൃഥ്വിരാജ് പറഞ്ഞു. "അത് തിയറ്ററിൽ കൈയ്യടി ഉയർത്താം."
ആദ്യ ഭാഗം പൂർത്തിയായപ്പോൾ രണ്ടാം ഭാഗത്തിന് വേണ്ടി ഒന്നും ബാക്കി വച്ചിരുന്നില്ലെന്നു അദ്ദേഹം ഓർമിച്ചു. കഥ പൂർണമായിരുന്നു. പക്ഷെ രണ്ടാം ഭാഗത്തിൽ ഞാൻ ഒരു റിസ്‌ക് എടുത്തു. പടത്തിന്റെ കഥ തീർന്നില്ലെന്നും അടുത്ത ഭാഗം കൊണ്ടുമാത്രമേ തീരൂ എന്നും 'എൽ2: എംപുരാൻ' കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു തോന്നും."
ആന്റണി പെരുമ്പാവൂരും ലൈക്കയും ഗോകുലവും ചേർന്നാണ് 'എൽ2: എംപുരാൻ' നിർമിച്ചത്. കനത്ത പ്രീ-ബുക്കിംഗ് നടന്നു കഴിഞ്ഞ ചിത്രം വ്യാഴാഴ്ച്ചയാണ് റിലീസാവുക.
ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം സുജിത് വാസുദേവ്.
Prithvi says 'Empuran' is standalone