റൊമാന്റിക് കോമഡി റോളുകളില്‍ തന്നെ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ജോര്‍ജ്ജ് ക്ലൂണി. തനിക്ക് 63 വയസായെന്നും, ഗൗരവകരമായ റോളുകള്‍ ചെയ്യേണ്ട സമയമായി എന്നു കരുതുന്നു എന്നുമാണ് ഫീമെയില്‍സ് ഫസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ക്ലൂണി പറയുന്നത്.
പുതിയ ബ്രോഡ്‌വേ നാടകത്തില്‍ 42-കാരനായ എഡ്വാര്‍ഡ് ആര്‍. മറോ എന്ന കഥാപാത്രത്തെയൊണ് ക്ലൂണി അവതരിപ്പിക്കുന്നത്. ക്ലൂണിയുടെ തന്നെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ,'ഗുഡ് നൈറ്റ്, ആന്‍ഡ് ഗുഡ് ലക്ക്' എന്ന ചിത്രത്തിന്റെ നാടകരൂപമാണിത്. ചിത്രത്തില്‍ എഡ്വാര്‍ഡ് ആര്‍. മറോ എന്ന കഥാപാത്രമായി എത്തിയത് ഡേവിഡ് സ്ട്രാത്തേണ്‍ ആയിരുന്നു. ക്ലൂണിയും മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ നാടകത്തില്‍ 42-കാരനായ മറോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോര്‍ജ്ജ് ക്ലൂണിയാണ്.
42-കാരനായ മറോയ്ക്ക് ഉണ്ടായിരുന്ന പക്വത തനിക്ക് ആ പ്രായത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ക്ലൂണി, 25 വയസുകാരോട് മത്സരിക്കാന്‍ താനില്ലെന്നും, അതിനാല്‍ റൊമാന്റിക് സിനിമകള്‍ ചെയ്യില്ലെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. മുമ്പ് ബ്രോഡ്‌വേ നാടകങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും, അതിനു വേണ്ടിയുള്ള അധ്വാനമൊന്നും താന്‍ മുമ്പ് ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
17 വയസിന് ഇളപ്പമുള്ള ഭാര്യ അമാലിനെ വിവാഹം ചെയ്തതിനെക്കുറിച്ചും ക്ലൂണി പറയുന്നുണ്ട്. അമാലുമായി ഒരുമിച്ചൊരു ജീവിതം എന്നത് ആദ്യ ഘട്ടത്തില്‍ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്നാല്‍ പിന്നീട് എല്ലാം ശരിയായി വന്നുവെന്നും പറഞ്ഞ ക്ലൂണി, തനിക്ക് 60 വയസായെങ്കിലും ഒരു 30കാരന് ചെയ്യാന്‍ സാധിക്കുന്ന എല്ലാം തനിക്ക് ഇപ്പോഴും ചെയ്യാന്‍ സാധിക്കുമെന്നും പറയുന്നു. എന്നാല്‍ അടുത്ത 30 വര്‍ഷക്കാലം ഇങ്ങനെയായിരിക്കില്ലെന്നും, അതിനാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്ത് തീര്‍ക്കണമെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നരുത് എന്നാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
2014-ലാണ് ക്ലൂണിയും മനുഷ്യാവകാശ രംഗത്തെ അഭിഭാഷകയായ അമാലും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും ഇരട്ടക്കുട്ടികളാണ്.