"ആശ വർക്കർമാർ സംസ്ഥാന സർക്കാരിന് വേണ്ടി ഒരു ജോലിയും ചെയ്യുന്നില്ല. ആശാവർക്കർമാർ സംസ്ഥാന സർക്കാരിന്റെ വളണ്ടിയർമാരും അല്ല.. 7000 നൽകുന്നത് സംസ്ഥാന സർക്കാരിന്റെ ഔദാര്യമാണ്. "
ആശസമരത്തെ അവഹേളിക്കാനായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വരികളാണൂ ഇവ.
ഔദാര്യമാണത്രേ..ഔദാര്യം ! ആരുടേയും കുടുംബ ഫണ്ടിൽ നിന്നോ പാർട്ടി ഫണ്ടിൽ നിന്നോ പണം ആവശ്യപ്പെട്ടല്ല ആശ പ്രവർത്തകർ സമരം നടത്തുന്നത്. സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ജനങ്ങളുടെ പൊതുപണം വിനിയോഗിക്കുന്നതിലെ മുൻഗണനാ ക്രമത്തെ കുറിച്ചുള്ള ചോദ്യമാണു അവർ മുൻപോട്ട് വെയ്ക്കുന്നത്. തൊഴിലാളിയുടെ മിനിമം വേതനമാണോ, പി എസ് സി മെമ്പറുമാരുടെ ലക്ഷങ്ങൾ ഇരട്ടിപ്പിക്കലാണോ,പെൻഷൻ പറ്റിയ കാലുമാറികളുടെ യാത്രാബദ്ധയുടെ ദശലക്ഷങ്ങളാണോ, മന്ത്രിപുങ്കവന്മാരുടെ യാത്രാശകടങ്ങൾക്കുള്ള ശതകോടികളാണോ, ഏതാണു നിങ്ങളുടെ മുൻഗണന എന്നാണു അവർ ചോദിക്കുന്നത്. ആരുടേയും ഔദാര്യം അവർക്ക് ആവശ്യമില്ല. മിനിമം കൂലി അവരുടെ അവകാശമാണെന്ന് അവരെ പഠിപ്പിച്ച നേതാക്കന്മാർ ഏന്തിയ ചെങ്കൊടി ഇപ്പോൾ കൈവശം വെച്ചിരിക്കുന്നവരോട് അവർ ആവശ്യപ്പെടുന്നത് അവരുടെ അവകാശമാണു. പക്ഷേ ചില മൂട് താങ്ങികൾ (മൂതകൾ) തങ്ങളുടെ ന്യായീകരണത്തിനായ് പച്ചക്കള്ളങ്ങൾ നിരത്തുകയാണു.
1. "ആശ വർക്കർമാർ സംസ്ഥാന സർക്കാരിന് വേണ്ടി ഒരു ജോലിയും ചെയ്യുന്നില്ല."
യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിനു വേണ്ടി അല്ലാതെ ആശപ്രവർത്തകർ ഒരു ജോലിയും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ ആശ സ്കീം ആരംഭിച്ചത് 2005 ലാണു. പക്ഷേ 2007ൽ സംസ്ഥാന സർക്കാർ ആശ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുകയും അവർക്ക് പ്രവർത്തന മേഖല ഒരുക്കുകയും ചെയ്യുന്നതു വരെ കേരളത്തിൽ ആശസ്കീം നടപ്പിലായിരുന്നില്ല. ഇപ്പോഴും ഓരോ സാമ്പത്തിക വർഷവും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ സംസ്ഥാന ആരോഗ്ഗ്യവകുപ്പ് ഒരു പ്രോഗ്യാം ഇൻപ്ലിമെന്റേഷൻ പ്ലാൻ (പി ഐ പി) എന്ന പേരിൽ തയ്യാറാക്കുകയാണു ചെയ്യുന്നത്. അതിൽ കേന്ദ്ര സർക്കാർ പറഞ്ഞിട്ടുള്ള പ്രവർത്തികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ പ്രവർത്തികൾക്ക് കേന്ദ്ര്ം ഒരു പാരിദോഷികം (ഇൻസെന്റീവ്) കുടി നൽകും.
അതിന്റെ പേരിൽ സംസ്ഥാൻ പൊതു ആരോഗ്യ വകുപ്പിലെ ജീവനക്കാർ / വോളന്റിയൻ എന്ന് വിളിക്കപ്പെടുന്ന ജീവനക്കാർ ആയ ആശമാർ
സംസ്ഥാനത്തിനു യാതൊരു ഉത്തരവാദിത്വവും ഇല്ലാത്തവർ ആവില്ല.
2. കേരളമാണോ ഏറ്റവും മികച്ച ഓണറേറിയം നൽകുന്നത് ?
സംസ്ഥാന സർക്കാർ പ്രതിമാസം ആശവർക്കർമാർക്ക് നൽകുന്നത് 7000 രൂപ ഓണറേറിയമാണു. കർണ്ണാടകം ജനുവരി മാസം മുതൽ 10000 രൂപ ഓണറേറിയം നൽകുന്നതായി മുഖ്യമന്ത്രി സിദ്ദരാമയ്യ അവിടെയുള്ള ആശസമര വേദിയിലെത്തി പ്രഖ്യാപിച്ചിരുന്നു ( വാർത്താചിത്രം ഇതോടൊപ്പം ചേർക്കുന്നു ). സിക്കിം സർക്കാർ 10000 രൂപ ഓണറേറിയം നൽകുന്നുണ്ട്. ആ ഉത്തരവ് ഇതോടൊപ്പം ചേർക്കുന്നു. അപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച ഓണറേറിയം നൽകുന്നത് കേരളമാണെന്ന്
പറയുന്നത് പച്ചകള്ളമാണു.
മറ്റ് സംസ്ഥാനങ്ങൾ നൽകുന്ന ഓണറേറിയം ഒഴികെയുള്ള ആനുകൂല്യങ്ങൾ കൂടി ഒന്ന് പരിശോധിക്കാം.
പശ്ചിമ ബംഗ്ഗാൾ സർക്കാർ ആശ വർക്കേഴ്സിനു 62 മുതൽ 65 വയസ്സു വരെ പ്രായപരിധിയിൽ രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വിരമിക്കൽ ആനുകൂല്യം നൽകുന്നുണ്ട്. ആന്ദ്ര സംസ്ഥാനം 2.5 ലക്ഷം ഗ്രാറ്റുവിറ്റിയും 180 ദിവസം പേയ്ഡ് മെറ്റേണിറ്റി ലീവും നൽകുന്നു. ( വാർത്താചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു ).ഹരിയാനാ ആവട്ടെ വേരിബൾ പേയ്‌മന്റ് മാർഗ്ഗത്തിൽ 18000 രൂപ വരെ പ്രതിമാസം ആശപ്രവർത്തകർക്ക് നൽകുന്നുണ്ട്. ആശമാർക്ക് അർഹതപ്പെട്ട മിനിമം ആനുകൂല്യങ്ങൾ പോലും നിഷേധിച്ച ശേഷം ചില പി ആർ ഏജൻസികളുടേയും ചില മൂതകളുടേയും സഹായത്തോടെ ജനങ്ങളുടെ ആകെ കണ്ണുമൂടി കെട്ടാനാണു നാമധേയ ഇടതു സർക്കാർ ശ്രമിക്കുന്നത്.
അതായത്, സംസ്ഥാന സർക്കാരുകൾക്ക് വ്യത്യസ്ഥ നിലയിൽ ആനുകൂല്യങ്ങൾ നൽകാൻ യാതൊരു തടസ്സവുമില്ല.
ഉമ്മൻ ചാണ്ടി സർക്കാർ 1000 രൂപ നൽകിയ ഓണറേറിയം എൽ ഡി എഫ് സർക്കാർ ഘട്ടം ഘട്ടമായി വർദ്ധിപ്പിച്ചു 7000 രൂപയാക്കി എന്ന് പറയുമ്പോൾ ഓണറേറിയം എന്നത് സംസ്ഥാന സർക്കാരുകൾ മാത്രം തീരുമാനം എടുക്കേണ്ട വിഷയമാണെന്നതിനു തെളിവല്ലേ ? സംസ്ഥാന മന്ത്രിസഭയ്ക്ക് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഇത് കേന്ദ്ര സർക്കാരിനു മാത്രം ഇടപെടാവുന്ന കാര്യമാണെന്നും ചില മൂതകൾ പറയുന്നത് പച്ചക്കളളമല്ലേ ?
3. ആശമാരെ തൊഴിലാളികളായ് അംഗീകരിക്കണമെന്നും അവർക്ക് ഇ എസ് ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഗ്രാറ്റിവിറ്റിയും പ്രൊവിഡന്റ് ഫണ്ടും ഈ സമരം ആവശ്യപ്പെടുന്നില്ല എന്നുമാണു മറ്റൊരു ആക്ഷേപം. ഇതെല്ലാം കേന്ദ്രസർക്കാർ നൽകേണ്ടതാണെന്നും അതു കൊണ്ട് ഡൽഹിയിൽ പോയാണു സമരം ചെയ്യേണ്ടത് എന്നുമാണു ഇവർ പറയുന്നത്. മേൽ പറഞ്ഞ പല ആനുകൂല്യങ്ങളും മറ്റ് സംസ്ഥാനങ്ങൾ ഇപ്പോഴേ
നൽകുന്നുണ്ട്. ഇതു കേരളത്തിലും നൽകേണ്ടതാണു. നമ്മുടെ ഭരണഘടന പ്രകാരം പൊതു ആരോഗ്യമെന്നത് സംസ്ഥാന വിഷയമാണു. പാർലമെന്റിൽ
പ്രേമചന്ദ്രൻ എം പിക്ക് നൽകിയ മറുപടിയിൽ ("public health is a state subject and it’s implementation primarily lies with the state government”) എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പത്രക്കുറിപ്പിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷനും (“Justice Ramasubramanian said that public health and fixing of minimum wages is a subject coming under the State.“)
ഇത് പ്രസ്താവിക്കുന്നു.പിന്നെ മന്ത്രി ശിവൻകുട്ടി കേന്ദ്രത്തിനു കത്ത് അയക്കുന്നതും മൂതകൾ അത് പാടി നടക്കുന്നതും ആരെ പറ്റിക്കാനാണൂ ?
4. CITU ഇതേ ആവശ്യം ഉന്നയിച്ച് ഇതേ സെക്രട്ടറിയേറ്റിന്റെ ഇതേ മൂലയിൽ സമരം നടത്തിയിട്ടുണ്ട്. അന്ന് കേരളം ഭരിച്ചിരുന്നത് യു ഡി എഫ് സർക്കാരായിരുന്നു എന്ന് മാത്രം. അപ്പോൾ ഏതാണു രാഷ്ടിയപ്രേരിതം ?
5. INTUC സമരത്തിൽ പങ്കുചേരുന്നില്ല എന്നാണു മറ്റൊരു വാദം.ശരിയാണു, INTUC നേതാവ് ആർ ചന്ദ്രശേഖരനെതിരെ അഴിമതി കേസിൽ സി ബി ഐ ആവശ്യപ്പെട്ട
പ്രോസിക്യൂഷനുള്ള അനുമതി നിഷേധിച്ച സർക്കാരണിത്. സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഈ സംഘടനാ നേതാവിന്റെ പ്രോസിക്യൂഷൻ തടഞ്ഞ് സംരക്ഷണ വലയം തീർക്കുമ്പോൾ എങ്ങനെ INTUC സമരത്തിൽ പങ്ക് ചേരും ? (സർക്കാർ ഉത്തരവ് ഇതോടൊപ്പം ചേർക്കുന്നു)
6.SUCI നേതൃത്വം നൽകുന്ന RSS സ്പോൺസേഡ് സമരമാണെന്നാണു മറ്റൊരു ആക്ഷേപം. ഗോവിന്ദൻമാഷ് പറയുന്നത് SDPI ജമാത്ത് തുടങ്ങിയ ഇസ്ലാമിക് തീവ്രവാദ ശക്തികളാണു സമരത്തിനു പിന്നിലെന്നാണൂ. മൂതകളെ കഷ്ടപ്പെടുത്താതെ ആദ്യം അവെലബിൾ സെക്രട്ടറിയേറ്റ് കൂടി ഇതിൽ ഏതാണു ശരിയെന്ന് അറിയിക്കാൻ പറയണം.
7. സുരേഷ് ഗോപി സമരപന്തലിൽ എത്തിയതിൽ പൊരുത്തക്കേട് കാണുന്ന മൂതകൾക്ക് അയാൾ വന്നപ്പോഴൂള്ള BGM മാത്രമേ സ്മൃതിയിലുള്ളു. കേന്ദ്രമന്ത്രിയെ
മഴയത്ത് നിർത്തി കേന്ദ്രം ഇപ്പോൾ നൽകുന്ന 3000 രൂപ ഇൻസെന്റിവ് അപര്യാപ്തമാണെന്നും അത് കൂട്ടണമെന്നും പരസ്യമായി ആവശ്യപ്പെടുന്ന സമരസമിതി
നേതാവിന്റെ പ്രസംഗം മാത്രം ഇവർ കേട്ട മട്ടില്ല. പത്ത് വർഷമായി പ്രഹസന സമരാഭാസങ്ങളും പേരിനുള്ള സമരപരിപാടിയും കണ്ട് ശീലിച്ച മൂതകൾക്ക്
ജീവിതസമരങ്ങൾ വെറും കേടാപുറങ്ങളാവും !
കേരളത്തിൽ വിരളിൽ എണ്ണാവുന്ന SUCI പ്രവർത്തകരേയുള്ളു എന്ന് എല്ലാവർക്കും അറിവുള്ളതാണു. പിന്നെ ഈ സമരത്തിൽ അണിചേരുന്ന ആശമാർ
ആരാണു ? ഇരുപത്തയ്യായിരം വരുന്ന ആശകൾ എങ്ങനെ ഇവർക്കൊപ്പം ചേർന്നു? നിലനിൽപ്പിനായ്
സമരമുഖത്ത് നിൽക്കുന്നവരെ ചേത്ത് പിടിക്കാൻ CITU പോലെയുള്ള സംഘടകൾക്ക്
കഴിയാതെ പോകുമ്പോഴാണു അവർ മറ്റ് സംഘടനകളെ വിശ്വാസത്തിൽ എടുക്കുന്നത്. ആശകളെ സംബ്ന്ധിച്ച് ഇത് ജീവിതസമരമാണു. ആ സമരത്തിനു ഇടവേളകളില്ല !