ന്യൂ യോർക്ക് മേയർ സ്ഥാനത്തേക്കു മത്സരിക്കാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രവേശിച്ച സോഹ്രാൻ ക്വാമെ മാംദാനി (33) ധനസമാഹരണത്തിൽ അനുവദിച്ചിട്ടുള്ള പരിധിയിൽ എത്തി. "ഇനി ആരും പണം അയക്കേണ്ട, ദയവായി എനിക്കു വേണ്ടി അല്പം സമയം മാറ്റി വയ്ക്കൂ," ഇന്ത്യൻ അമേരിക്കൻ ചലച്ചിത്രകാരി മീരാ നായരുടെ പുത്രൻ എക്‌സിൽ കുറിച്ചു.
സംഭാവനയുടെ പരമാവധിയിൽ എത്തിയ ആദ്യത്തെ സ്ഥാനാർഥിയാണ് സ്റ്റേറ്റ് അസംബ്‌ളി അംഗമായ മാംദാനി. 18,000 പേരാണ് അദ്ദേഹത്തിനു $8 മില്യൺ സംഭാവന തികച്ചത്.
ഡെമോക്രാറ്റിക് പ്രൈമറിക്കു മൂന്നു മാസം ബാക്കി നിൽക്കെ, 7,000 വൊളന്റിയര്മാരെ ഉപയോഗിച്ചു ഒരു മില്യൺ വോട്ടർമാരുടെ വാതിലിൽ മുട്ടാനാണ് മാംദാനിയുടെ പരിപാടി. പണം പിരിക്കാൻ ഇനി സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണദ്ദേഹം പറയുന്നത്.
ചൊവാഴ്ച്ച ഹൊനാൻ സ്ട്രാറ്റജി ഗ്രൂപ് പുറത്തു വിട്ട സർവേ അനുസരിച്ചു മാംദാനിക്കു 18% പിന്തുണയുണ്ട്: രണ്ടാം സ്ഥാനം. എന്നാൽ ഒരു മാസം മുൻപ് 12% മാത്രം ആയിരുന്നു.
ഒന്നാമത് മുൻ ഗവർണർ ആൻഡ്രൂ കുവോമോ ആണ്: 41%. അഴിമതി കേസ് നേരിട്ട മേയർ എറിക് ആഡംസ് (6%), സിറ്റി കംപ്ട്രോളർ ബ്രാഡ് ലാഡർ (8%) എന്നിവർ ഏറെ പിന്നിലാണ്.
Donations hit maximum as Mamdani surges in polls