ചിക്കാഗോ : അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ നിരന്തരമായ പ്രാർത്ഥനയുടേയും അഭ്യർത്ഥനയുടേയും ഫലമായി, 2001 മാർച്ച് 13 -നു രൂപീകൃതമായ ചിക്കാഗോ സിറോ മലബാർ രൂപത അനുഗൃഹീതമായ കാൽ നൂറ്റാണ്ട് പിന്നിടുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ആശീർവാദത്തോടെ, ഇൻഡ്യയ്ക്കു പുറത്തു സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപത എന്ന ഖ്യാതിയും ചിക്കാഗോ രൂപതക്കു സ്വന്തം.
ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക്, മാർച്ച് 22 നു ശനിയാഴ്ച തുടക്കമായി. ചിക്കാഗോ സെൻറ് തോമസ് സിറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ, രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി വൈദികർ ചേർന്ന് അർപ്പിച്ച കൃതജ്ഞത ബലിക്കുശേഷം നടന്ന പ്രൗഡോജ്ജലമായ ചടങ്ങിൽ, ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നിലവിളക്കു കൊളുത്തി ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ, രൂപതയുടെ സ്ഥാപക ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക സിൽവർ ജൂബിലിക്കും തുടക്കം കുറിച്ചു.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷം ലഭിച്ച ദൈവകൃപക്ക് നന്ദി പറയുന്നതിനോടൊപ്പം, രൂപതയുടെ തുടക്കകാലത്തു നേതൃത്വം നൽകിയ മാർ അങ്ങാടിയത്തിനേയും , അക്കാലത്തു സേവനം ചെയ്ത വൈദികരെയും നന്ദിയോടെ സ്മരിക്കുന്നതായി മാർ ആലപ്പാട്ട് പറഞ്ഞു. മാർ അങ്ങാടിയത്തിന്റെ ത്യാഗോജ്വലമായ പ്രവർത്തനം കൊണ്ടും നേതൃപാടവുംകൊണ്ടുമാണ് ചിക്കാഗോ രൂപതക്കു ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിൽ ശക്തമായി വേരുറപ്പിക്കുവാൻ കഴിഞ്ഞത്. ഇന്ന്, അമ്പതിൽപരം ഇടവകകളും, മുപ്പത്തേഴു മിഷനുകളും ഉള്ള ചിക്കാഗോ രൂപതയുടെ കീഴിൽ എഴുപതോളും വൈദികർ സേവനം ചെയ്യുന്നു. ഒരു ലക്ഷത്തോളും വിശ്വാസികൾ ചിക്കാഗോ രൂപതയിൽ ഉണ്ട്. അതുപോലെ പതിനായിരത്തിലധികം കുട്ടികൾ വിവിധ ഇടവകകളിയായി സൺഡേസ്കൂളിൽ പഠിക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷം കൊണ്ട് ധാരാളം ദൈവവിളികൾ ചിക്കാഗോ രൂപതയിൽനിന്നുമുണ്ടായി. തദ്ദേശീയരായ ഏഴു വൈദികർ ഇപ്പോൾത്തന്നെ രൂപതയിൽ സേവനം ചെയ്യുന്നു. നിലവിൽ ഏഴുപേർ വിവധ സെമിനാരികളിൽ പഠനം നടത്തുന്നു. നമ്മുടെ വളർച്ചയിൽ, അമേരിക്കയിലെ വിവിധ കത്തോലിക്ക രൂപതകളുടെ സഹായ-സഹകരണങ്ങൾ എടുത്തുപറയേണ്ടതാണെന്നും, അവരോടുള്ള നന്ദി അറിയിക്കുന്നതായും മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
സിൽവർ ജൂബിലിയുടെ ഭാഗമായി ഇടവക തലത്തിലും രൂപതാ തലത്തിലും ഒരു വര്ഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകിവരുന്നു. ഇതിന്റെ ഭാഗമായി ഈ വര്ഷം മെയ് 23, 24, 25 തീയതികളിൽ ന്യൂജേഴ്സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് "യുക്കിരിസ്റ്റിക് റിവൈവൽ കോൺഗ്രസ് " നടത്തുന്നു. രണ്ടായിരത്തോളും വിശ്വാസികൾ പങ്കെടുക്കുന്ന "യുക്കിരിസ്റ്റിക് റിവൈവിൽ" അമേരിക്കയിൽനിന്നും കേരളത്തിൽനിന്നുമായി പ്രശസ്ത വചന പ്രഘോഷകർ പങ്കെടുക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും ഇംഗ്ലീഷ് ഭാഷയിലും പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. സിൽവർ ജൂബിലിയുടെ ഭാഗമായി, 2026 -ൽ ചിക്കാഗോയിൽ വച്ചുവിപുലമായ രീതിയിൽ സിറോ മലബാർ കൺവൻഷനും നടത്തുന്നതാണ്.
സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ നാളിതുവരെയുള്ള പ്രവർത്തങ്ങളെ വിലയിരുത്തുകയും, അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് രൂപതയെ നയിക്കുവാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുമായി"എപ്പാർക്കിയൽ അസ്സംബ്ലി” കഴിഞ്ഞ ഒക്ടോബര് 28, 29,30,31 തീയതികളിൽ ചിക്കാഗോയിൽവച്ചു കൂടുകയുണ്ടായി. രൂപതയുടെ മുന്നോട്ടുള്ള പ്രയാണം, പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള പദ്ധതികൾ, രൂപതയുടെ ആല്മീയവും ഭൗതികവുമായ വളർച്ച, കുട്ടികളുടെ വിശ്വാസ പരിശീലനം, അവരെ വിശ്വാസത്തിൽ അടിയുറച്ചു നിലനിർത്തുക തുടങ്ങി വിവിധ മേഖലകളിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ അടങ്ങിയ രൂപരേഖ സിൽവർ ജൂബിലി ഉദ്ഘാടനവേദിയിൽ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് പുറത്തിറിക്കി.
സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ, വർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനും, സമൂഹത്തിനു ഉപകാരപ്രദമായ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുവാനും രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് വിശ്വാസികളെ ആഹ്വാനം ചെയ്തു.
ചിക്കാഗോ സെൻറ് തോമസ് സിറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ള വലിയൊരു വിശ്വാസി സമൂഹം പങ്കെടുത്തു. വികാരി ജനറാൾമാരായ റവ. ഫാ. ജോൺ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. തോമസ് കടുകപ്പള്ളി, ചാൻസലർ റവ. ഫാ. ജോർജ് ദാനവേലിൽ, സിൽവർ ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാല, കത്തീഡ്രൽ ദേവാലയ ട്രസ്റ്റിമാർ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.