യുഎസുമായി വ്യാപാര കരാർ ഉണ്ടാക്കാൻ താത്പര്യമുള്ളതിനാൽ യുഎസ് ഉത്പന്നങ്ങൾക്കു താരിഫ് കുറയ്ക്കാൻ ഇന്ത്യ തയാറാവുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല എന്നാണ് ന്യൂ ഡൽഹിയിൽ ഔദ്യോഗിക വൃത്തങ്ങൾ ആവർത്തിച്ച് പറയുന്നത്. എന്നാൽ യുഎസിൽ നിന്നുള്ള ഇറക്കുമതിയിൽ പകുതിയോളം വരുന്ന $23 ബില്യണ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്ന പോലുള്ള ഇളവുകൾ നൽകാൻ ഇന്ത്യ തയ്യാറാവും എന്നാണ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ ഒരു റിപ്പോർട്ട്.
ട്രംപ് ഏപ്രിൽ 2 മുതൽ നടപ്പാക്കും എന്നു പറയുന്ന ബദൽ താരിഫുകൾ ഒഴിവാക്കാൻ അത് സഹായിക്കുമെന്നു കരുതപ്പെടുന്നു. ഇന്ത്യ യുഎസിലേക്കു കയറ്റി അയക്കുന്ന $66 ബില്യൺ ഉത്പന്നങ്ങളിൽ 87% ട്രംപിന്റെ തീരുവകളുടെ വലയത്തിൽ വരും.
യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ (ബി ടി എ) സെപ്റ്റംബറോടെ ഒപ്പുവയ്ക്കാം എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ നടത്തിയ യുഎസ് സന്ദർശനത്തിൽ അതിനുള്ള ഗൗരവമായ നീക്കം നടന്നിരുന്നു.
യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആണെങ്കിലും ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടായിട്ടില്ല. എന്നാൽ താരിഫ് യുദ്ധം ഉണ്ടാവുന്നത് വ്യാപാര ബന്ധങ്ങളെ ഹനിക്കും എന്ന ആശങ്ക ഉയരുമ്പോൾ കരാർ ഇനി വൈകിക്കേണ്ട എന്ന ചിന്തയിലേക്ക് എത്തുകയാണ്.
യുഎസിനു 2024ൽ ഇന്ത്യയുമായി $45.7 ബില്യൺ വ്യാപാരക്കമ്മി ഉണ്ടായിരുന്നു. അത് നികത്താനാണ് ട്രംപ് അഞ്ചു പിടിക്കുന്നത്.
ഇപ്പോൾ 5% മുതൽ 30% വരെ താരിഫ് ചുമത്തുന്ന യുഎസ് ഉത്പന്നങ്ങൾക്കു 55% വരെ കുറവ് വരുത്താം എന്നാണ് ഇന്ത്യ മുന്നോട്ടു വച്ചിട്ടുള്ള നിർദേശം. ഉദ്യോഗസ്ഥ തലത്തിൽ ചര്ച്ചകൾ നടക്കുന്നുണ്ട്. ആൽമണ്ട്, പിസ്ത, ഓട്മീൽ, തുടങ്ങിയ കാർഷിക ഉത്പന്നങ്ങളും ഔഷധങ്ങളും അതിൽ ഉൾപെടും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ മുഖ്യമായ ഒരിനമാണ് മരുന്നുകൾ.
പാൽ ഉത്പന്നങ്ങൾ, മീറ്റ്, മൈദ, ഗോതമ്പ് എന്നീ ഉത്പന്നങ്ങൾക്ക് കുറയ്ക്കാൻ ആവില്ലെന്ന നിലപാടിൽ ഉറച്ചാണ് ഇന്ത്യ എന്നും റിപ്പോർട്ടിൽ പറയുന്നു.
India seen ready to trim tariffs on US goods