യുഎന്നിലെ യുഎസ് അംബാസഡറാവാനുള്ള റെപ്. എലീസ് സ്‌റ്റെഫാനിക്കിന്റെ (റിപ്പബ്ലിക്കൻ-ന്യൂ യോർക്ക്) നോമിനേഷൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. യുഎസ് കോൺഗ്രസിൽ അഞ്ചു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുള്ള പാർട്ടിക്ക് ഒരു അംഗത്തെ കൂടി നഷ്ടപ്പെടുന്നത് പ്രശ്നമാവുമെന്നു തിരിച്ചറിഞ്ഞതാണ് കാരണം.
സ്‌റ്റെഫാനിക്കിന്റെ നോമിനേഷൻ പിൻവലിക്കുന്നുവെന്നു വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർ ജെയിംസ് ഇ. റിഷിനു (റിപ്പബ്ലിക്കൻ-ഐഡഹോ) വൈറ്റ് ഹൗസിൽ നിന്ന് അറിയിപ്പു കിട്ടി.
ട്രംപിന്റെ വിമർശക ആയിരുന്ന സ്‌റ്റെഫാനിക് (40) പിന്നീട് അദ്ദേഹത്തെ വാഴ്ത്തിപ്പാടാൻ തുടങ്ങിയ ശേഷമാണ് ഹൗസിലെ നാലാം സ്ഥാനത്തേക്ക് ഉയർന്നത്. ആ പദവിയിൽ നിന്നാണ് ജനുവരി 20 നു അധികാരമേറ്റയുടൻ അവരെ ട്രംപ് യുഎൻ ജോലിയിലേക്കു നിയോഗിച്ചത്. സെനറ്റ് കമ്മിറ്റി പിറ്റേന്നു തന്നെ അവരെ സ്ഥിരീകരിച്ചു.
എന്നാൽ 218-213 ഭൂരിപക്ഷമുളള സഭയിൽ അവരുടെ സാന്നിധ്യം ആവശ്യമാണെന്ന നിഗമനത്തിൽ സെനറ്റ് അവരുടെ സ്ഥിരീകരണം നീട്ടിക്കൊണ്ടു പോയി. ഇപ്പോഴത്തെ രാഷ്‌ടീയ യാഥാർഥ്യങ്ങൾ കണക്കിലെടുത്താണ് നോമിനേഷൻ പിൻവലിച്ചതെന്നു സെനറ്റ് മജോറിറ്റി ലീഡർ ജോൺ തൂൺ (റിപ്പബ്ലിക്കൻ-സൗത്ത് ഡക്കോട്ട) പറഞ്ഞു.
സഭയിൽ സ്‌പീക്കർ മൈക്ക് ജോൺസനു ഒരു വോട്ട് കൂടി ചോരുന്നത് ഒഴിവായി എന്നു മാത്രമല്ല, പകരം പ്രത്യേക തിരഞ്ഞെടുപ്പ് നടത്താനുള്ള ഗവർണർ കാത്തി ഹോക്കലിന്റെ നഷ്ടമാവുകയും ചെയ്തു. ഒരു പക്ഷെ ഡെമോക്രാറ്റിക് പാർട്ടിക്ക് ആ സീറ്റ് പിടിക്കാനും കഴിഞ്ഞേനെ.
ഈ രണ്ടു സാധ്യതകളും ട്രംപ് തുറന്നു പറഞ്ഞു. യുഎന്നിലെ ചുമതലയ്ക്കു വേറെയും മികച്ച ആളുകൾ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്‌റ്റെഫാനിക് ഹൗസിലെ പാർട്ടി നേതൃത്വത്തിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ പ്രധാന സ്ഥാനങ്ങൾ ഒന്നും ഒഴിവില്ല എന്നിരിക്കെ അവർക്കു എന്താണ് ലഭിക്കുക എന്ന് വ്യക്തമല്ല.
സ്‌റ്റെഫാനിക് ഭാവിയിൽ തന്റെ ഭരണകൂടത്തിൽ ചേരുമെന്നും ട്രംപ് പറഞ്ഞു.
Trump withdraws Stefanik nomination to US