സാൽവത്തോരെ ചെർണ്ണൂത്സ്യോ, ഫാ. ജിനു തെക്കേത്തലക്കൽ,
വത്തിക്കാൻ സിറ്റി: റോമിനടുത്തുള്ള സാക്രോഫാനോയിലെ ഫ്രത്തെർണ ദോമൂസിൽ വച്ച് നടക്കുന്ന ആതിഥ്യമര്യാദയെക്കുറിച്ചുള്ള സമ്മേളനത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ സംസാരിച്ചു. വിവിധ വിഷയങ്ങളിന്മേൽ അദ്ദേഹം പ്രസ്താവനകൾ നടത്തി. ഉക്രൈനിൽ, നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായി മുൻ വ്യവസ്ഥകളില്ലാതെ ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണെന്നും, ഗാസയിൽ താത്‌ക്കാലികമായ വെടിനിർത്തൽ ശാശ്വതമായ വെടിനിർത്തത്തിലേക്ക് പരിണാമം ചെയ്യപ്പെടണമെന്നും കർദിനാൾ അഭിപ്രായപ്പെട്ടു. ആയുധങ്ങൾ ഉപയോഗിക്കാതെ തന്നെ നിലവിലുള്ള പ്രശ്നം പരിഹരിക്കാൻ ഇസ്രയേലും, ഹമാസും മിതത്വ ബോധത്തോടുകൂടി വ്യവസ്ഥകൾ മുൻപോട്ടു വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല ശക്തമായ പ്രഖ്യാപനങ്ങളെ സംബന്ധിച്ച്, വാക്കുകൾ സംഘർഷങ്ങളായി മാറുന്നതിനെ എതിർക്കണമെന്നും, വാക്കുകളെ നിരായുധീകരിക്കണമെന്നും കർദിനാൾ പറഞ്ഞു. എല്ലാ മേഖലകളിലും ഇത്രയും പിരിമുറുക്കമുള്ള സാഹചര്യം നിലനിൽക്കുമ്പോൾ വാക്കുകളിൽ മിതത്വം പാലിച്ചുകൊണ്ട്, സംഭാഷണത്തിനും സമാധാനത്തിനും ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കണമെന്നും കർദിനാൾ പറഞ്ഞു. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് അധാർമികമാണെന്നും, കാരണം അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതും ദൂരവ്യാപകമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മധ്യപൂർവേഷ്യയിൽ നിന്നും ക്രിസ്ത്യാനികൾ പലായനം ചെയ്യുന്നത് അപകടകരമായ ഒരു സ്ഥിതി വിശേഷം ഉണ്ടാക്കുന്നുവെന്നും, അവരെ സ്വീകരിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും സ്റ്റേറ്റ് സെക്രട്ടറി ഓർമ്മപ്പെടുത്തി. ക്രിസ്ത്യാനികൾ ഇല്ലാത്ത സമൂഹം തീവ്രവാദികളുടെ ഇരിപ്പിടങ്ങളായി മാറുന്നതിനുള്ള അപകടകരമായ സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഇച്ഛാശക്തിയില്ലെങ്കിൽ, സമാധാനപരവും സൃഷ്ടിപരവുമായ ഒരു അന്താരാഷ്ട്രസമൂഹം രൂപപ്പെടുത്തുക അസാധ്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.