മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എമ്മിനോടും ഇടഞ്ഞ് എം.എല്‍.എ സ്ഥാനം രാജിവച്ച പി.വി അന്‍വറിന്റെ സ്വന്തം മണ്ഡലമായ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ എന്ന നിലയില്‍ പരാതികള്‍ പരിഹരിച്ച് അന്തിമ വോട്ടര്‍ പട്ടിക മെയ് 5-ന് പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിലമ്പൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആറ് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുമെന്നാണ് സൂചന. തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ ജനുവരി 13-ാം തീയതി എം.എല്‍.എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വര്‍, ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് പ്രവേശനത്തിന് കാത്തുകെട്ടി കഴിയുന്ന അന്‍വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. കോണ്‍ഗ്രസില്‍ നിന്ന് വി.എസ് ജോയിയോ ആര്യാടന്‍ ഷൗക്കത്തോ സ്ഥാനാര്‍ത്ഥിയാകുമെന്ന് കേള്‍ക്കുന്നു. 2016-ല്‍ അന്‍വര്‍ തോല്‍പ്പിച്ച വ്യക്തിയാണ് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരിന്റെ മുന്‍ എം.എല്‍.എ ആയിരുന്ന ടി.കെ ഹംസയുടെ പേരാണ് സി.പി.എം പരിഗണിക്കുന്നത്. എന്നാല്‍ ടി.കെ ഹംസയുടെ പ്രായം ഒരു ഘടകമാണ്. അദ്ദേഹത്തിന് 87 വയസുണ്ട്. സര്‍പ്രൈസായി അവിടെ സി.പി.എമ്മിന്റെ പുതുമുഖം വന്നേക്കാം.
ഏതായാലും കോണ്‍ഗ്രസ് എ.പി അനില്‍കുമാറിനും സി.പി.എം എം സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ മണ്ഡലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുക്കങ്ങള്‍ ആരംഭിച്ചു. നിലമ്പൂരില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കേണ്ടത് യു.ഡി.എഫിനെക്കാളും കോണ്‍ഗ്രസിനെക്കാളും അന്‍വറിന്റെ ആവശ്യമാണ്., അഭിമാന പ്രശ്‌നമാണ്. താന്‍ ഇടതുമുന്നണി വിട്ടതിന്റെ നീതീകരണം കൂടിയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. 2021-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രനായി നിലമ്പൂരില്‍ നിന്ന് രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട അന്‍വര്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ തോല്‍പ്പിച്ചത് 2,700 വേട്ടുകള്‍ക്കാണ്. അന്‍വര്‍ തന്നെയായിരിക്കും മണ്ഡലത്തിലെ നിര്‍ണായക ഘടകം.
ഇടതുമുന്നണി പിടിച്ചെടുത്ത യു.ഡി.എഫിന്റെ ഉരുക്ക് ഉരുക്ക് കോട്ടയാണ് നിലമ്പൂര്‍. നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം 1967-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വീശിയത് ചുവപ്പ് കാറ്റായിരുന്നു. കെ കുഞ്ഞാലിയിലൂടെ മണ്ഡലം ഇടതിനൊപ്പം നിന്നു. എന്നാല്‍ 69-ല്‍ കുഞ്ഞാലിയുടെ അരുംകൊലയ്ക്കാണ് മണ്ഡലം സാക്ഷിയായത്. നിലമ്പൂരിന്റെ ആദ്യ എം.എല്‍.എ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1970-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനെ കൈവിട്ടു.
അന്ന് കോണ്‍ഗ്രസിന്റെ എം.പി ഗംഗാധരനെ സ്വീകരിച്ച മണ്ഡലം '77-ലും '80-ലും യു.ഡി.എഫിമെ തുണച്ചു. എന്നാല്‍ '82-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തിയ സി.പി.എമ്മിന്റെ ടി.കെ ഹംസ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1987 മുതല്‍ കോണ്‍ഗ്രസിന്റെ വിജയ കുതിപ്പിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. '87 മുതല്‍ 2011 വരെ ആറ് തവണ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത് ആര്യാടന്‍ മുഹമ്മദാണ്. 1977-ലും 1980-ലും ആര്യാടനായിരുന്നു നിലമ്പൂരിന്റെ പ്രതിനിധി. എന്നാല്‍ 2016-ല്‍ കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറി മറിഞ്ഞു.
കേരളമൊട്ടാകെ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ നിലമ്പൂരിലും വലിയ അടിയൊഴുക്കുകള്‍ ഉണ്ടായി. ഉറച്ച കോട്ടയില്‍ പോരിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൗക്കത്തിന് അടിതെറ്റി. ഇടത് സ്വതന്ത്രന്‍ പി.വി അന്‍വറിലൂടെ മണ്ഡലം ഇടതിന് സ്വന്തമായി. 2021-ലും അന്‍വര്‍ മണ്ഡലം കാത്തു. ഇപ്പോള്‍ അന്‍വറും കളം മാറിയതോടെ നിലമ്പൂര്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം പിടിച്ചെടുത്ത മണ്ഡലം കൈവിട്ട് കളയാന്‍ ഇടതിനൊട്ടുമാവില്ല. തങ്ങളെ വെല്ലുവിളിച്ച് പുറത്തുപോയ അന്‍വറിനെ മുട്ടുകുത്തിക്കുന്നതില്‍ കുറഞ്ഞൊന്നും ഇടതു ക്യാമ്പ്, പ്രത്യേകിച്ച് സി.പി.എം ചിന്തിക്കുന്നില്ല.
പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം ഉപതിരഞ്ഞെടുപ്പ് എന്നാണ് അന്‍വര്‍ മോഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ അഴിമതി ആരോപണത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ യു.ഡി.എഫിനൊപ്പം നിലകൊള്ളുന്നത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അന്‍വര്‍ നിലമ്പൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തിയപ്പോള്‍ സി.പി.എം പിന്തുണച്ചതിനാലാണ് അദ്ദേഹം എല്‍.ഡി.എഫ് സ്വതന്ത്രനായത്. മണ്ഡലത്തിന്റെ കോണ്‍ഗ്രസ് കുത്തക തകര്‍ത്ത അന്‍വര്‍ സി.പി.എമ്മിന്റെ ചങ്കായി മാറി. അന്‍വറിനെതിരെ ഉയര്‍ന്ന വിവാദങ്ങളെല്ലാം സി.പി.എമ്മിന്റെ രാഷ്ട്രീയ ഇടപെടലില്‍ ഒതുങ്ങിപ്പോയി.
എന്നാല്‍ ഒരിക്കല്‍ സി.പി.എമ്മിന്റെ വിനീത വിധേയനായിരുന്ന അന്‍വര്‍ പതുക്കെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നേരേ തിരിഞ്ഞു കൊത്താന്‍ തുടങ്ങി. സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഇത് സി.പി.എമ്മിനെയും ആഭ്യന്തര വകുപ്പിനെയും ഫലത്തില്‍ മുഖ്യമന്ത്രിയെ തന്നെയും പ്രതിരോധത്തിലാക്കി. പൂരംകലക്കലിനെയും അന്‍വര്‍ രാഷ്ട്രീയ ആയുധമാക്കി. അങ്ങനെ അന്‍വര്‍-സി.പി.എം ബന്ധം തീര്‍ത്തും വഷളായി.
പിണറായി വിജയനെയും സി.പിഎമ്മിനെയും പരസ്യമായി തള്ളപ്പറഞ്ഞ അന്‍വര്‍ ഒടുവില്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചു. എം.എല്‍.എ പദം രാജിവച്ച ശേഷം ഏതാണ്ട് രണ്ട് മാസക്കാലം പി.വി അന്‍വറിനെ ചുറ്റിപ്പറ്റിയാണ് രാഷ്ട്രീയ കേരളത്തിന്റെ ദൈനംദിന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇടതു ബന്ധം വിച്ഛേദിച്ച അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. പിന്നാലെ തമിഴ്‌നാട്ടിലെ ഡി.എം.കെയില്‍ ചേക്കേറാന്‍ ആഗ്രഹിച്ചെങ്കിലും ആ ശ്രമം തുടക്കത്തിലേ പാളി. ഗതികിട്ടാതെ അലഞ്ഞ അന്‍വറിന് സി.പി.എമ്മിന്റെ മുഖ്യശത്രുക്കളായ തൃണമൂല്‍ കോണ്‍ഗ്രസ് കസേരയിട്ടുകൊടുക്കുകയായിരുന്നു.
ഇനിയാണ് യഥാര്‍ത്ഥ പോര്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും..? കേരളത്തിലെ മൂന്ന് മുന്നണികളും രാഷ്ട്രീയപ്പാര്‍ട്ടികളും കൂട്ടലും കിഴിക്കലും തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിക്ക് നിലമ്പൂരില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ..? 2016-ല്‍ 11,504 വോട്ടുകള്‍ നേടിയ ബി.ജെ.പിയുടെ പ്രകടനം 2021-ല്‍ 8,595 വോട്ടുകളില്‍ ഒതുങ്ങി. ഭരണവിരുദ്ധ വികാരവും അന്‍വര്‍ ഇഫക്ടും പ്രതിഫലിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന ടെക്‌നോക്രാറ്റായ പി.ജെ.പി പ്രസിഡന്‍ിന്റെ റോളും അപ്രസക്തമല്ല.