Image
Image

കാനഡ ഏപ്രിൽ 28നു പൊതുതിരഞ്ഞെടുപ്പ് നടത്തും; ട്രംപ് വിഷയമാകുമ്പോൾ ഭരണ ലിബറൽ പാർട്ടിക്കു മുന്നേറ്റം (പിപിഎം)

Published on 24 March, 2025
 കാനഡ ഏപ്രിൽ 28നു പൊതുതിരഞ്ഞെടുപ്പ് നടത്തും; ട്രംപ് വിഷയമാകുമ്പോൾ ഭരണ ലിബറൽ പാർട്ടിക്കു മുന്നേറ്റം (പിപിഎം)

കാനഡയിൽ അധികാരമേറ്റു 9 ദിവസം മാത്രം എത്തിയപ്പോൾ പ്രധാനമന്ത്രി മാർക്ക് കാർണി ഇടക്കാല തിരഞ്ഞെടുപ്പ് വിളിച്ചു. ഏപ്രിൽ 28നാണു വോട്ടെടുപ്പ് നടക്കുക.

കാനഡയെ യുഎസ് സംസ്ഥാനമാക്കും എന്നതുൾപ്പെടെയുള്ള പ്രസിഡന്റ് ട്രംപിന്റെ ഭീഷണികൾ നേരിടുമെന്ന ഉറച്ച നിലപാട് കാർണിയുടെയും ഭരണ ലിബറൽ പാർട്ടിയുടെയും ജനപ്രീതി കുതിച്ചുയരാൻ സഹായിച്ചതോടെയാണ് ഒക്ടോബറിൽ നടത്തേണ്ടിയിരുന്ന പൊതു തിരഞ്ഞെടുപ്പ് കാർണി നേരത്തെയാക്കിയത്. അഭിപ്രായ സർവേകളിൽ പിന്നിൽ നിന്ന ലിബറൽ പാർട്ടി ഭൂരിപക്ഷം നേടുമെന്നാണ് ഇപ്പോൾ പ്രവചനങ്ങൾ.

ജസ്റ്റിൻ ട്രൂഡോ നയിച്ച സഖ്യത്തിൽ ലിബറൽ പാർട്ടിയുടെ താങ്ങി നിർത്തിയ ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടി (എൻ ഡി പി) കൂപ്പുകുത്തി എന്നു സർവേകളിൽ കാണുന്നതിനും പ്രാധാന്യമുണ്ട്. ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നയത്തിൽ സിഖ് സമുദായത്തിനു മുൻതൂക്കമുള്ള എൻ ഡി പിയുടെ സ്വാധീനം ഉണ്ടായിരുന്നു.

കാനഡ ബ്രോഡ്‍കാസ്റ്റിംഗ് കോർപറേഷൻ നടത്തിയ സർവേയിൽ ലിബറൽ പാർട്ടി ഒറ്റയ്ക്കു 343-അംഗ ഹൗസ് ഓഫ് കോമൺസിൽ 174 സീറ്റ് വരെ നേടുമെന്നാണ് കാണുന്നത്. ഇപ്പോൾ 152 മാത്രമുള്ള അവർക്കു ലഭിക്കുന്ന എൻ ഡി പി പിന്തുണ അപ്പോൾ വേണ്ടെന്നു വയ്ക്കാം. ഖാലിസ്ഥാൻ വാദികൾ നടത്തുന്ന അക്രമങ്ങൾക്കു എതിരെ കൂടുതൽ കർശനമായ നടപടികൾ എടുക്കാൻ അത് സഹായിക്കും.

കൺസർവേറ്റിവ് പാർട്ടി ഇപ്പോൾ 37.1% പിന്തുണ നേടുമ്പോൾ ലിബറൽസിനു 37.5 ഉണ്ട്. എൻ ഡി പിക്കു ജനുവരിയിൽ 19.3% ഉണ്ടായിരുന്നത് ഇപ്പോൾ 11.6 ആയി. അവരെ ഒഴിവാക്കി ഭരിക്കാൻ കഴിഞ്ഞാൽ കാർണിയുടെ ഇന്ത്യാ നയവും സ്വതന്ത്രമാവും.

ചാൾസ് മൂന്നാമന്റെ പിന്തുണയും

പാർലമെന്റ് പിരിച്ചു വിടാൻ ഞായറാഴ്ച്ച ഗവർണർ ജനറൽ മേരി സിമനോട് ആവശ്യപ്പെട്ട കാർണി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ പിന്തുണയും നേടിയിരുന്നു. കാനഡയുടെ രാജാവ് കൂടിയായ ചാൾസിന്റെ പ്രതിനിധിയാണ് ആദിമ വംശജയായ സിമൻ.

ട്രംപിന്റെ ഭീഷണികൾ നേരിടാനും കാനഡയ്ക്ക് ഏറ്റവും മികച്ചത് നേടാനും ശക്തമായ ജനവിധി നൽകണമെന്നു മുൻ ബാങ്കറായ കാർണി കനേഡിയൻ ജനതയോട് അഭ്യർഥിച്ചു. "കാനഡയ്ക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. സുരക്ഷിതമാക്കണം, നിക്ഷേപം വർധിപ്പിക്കണം, ഐക്യം ഉണ്ടാക്കണം.

"ട്രംപിന്റെ അന്യായമായ വ്യാപാര നടപടികളും കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളികളും നമ്മുടെ ജീവിതകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ്."  

കാനഡ സ്വതന്ത്ര രാജ്യം പോലുമല്ലെന്ന ട്രംപിന്റെ നിലപാട് കനേഡിയൻ ജനതയിൽ ഇല്ലാതിരുന്ന ദേശീയ വികാരം ഉണർത്തിയിട്ടുണ്ട്. "നമ്മളെ തകർത്തു അമേരിക്കയോട് ചേർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നമ്മൾ അത് അനുവദിക്കില്ല."

ജനുവരിയിൽ സർവേകളിൽ മുന്നിട്ടു നിന്ന പ്രതിപക്ഷ കൺസർവേറ്റിവ് പാർട്ടിക്ക് ഇടിവ് വന്നത് ട്രംപിന്റെ ഭീഷണികൾ ലിബറൽ നേതൃത്വം ഫലപ്രദമായി നേരിട്ടതു മൂലമാണെന്നാണ് വിലയിരുത്തൽ. പാർട്ടിക്കു പുതിയ നേതൃത്വം വന്നതും സഹായമായി. ട്രംപ് തന്നെ പറഞ്ഞു: "ഞാൻ അവരുടെ തിരഞ്ഞെടുപ്പിൽ ഇടപെട്ടു. അതോടെ കാര്യങ്ങൾ പാടേ മാറി."

ട്രംപ് സ്ഥാനമേൽക്കും മുൻപ് ജനുവരി 6നു ട്രൂഡോ രാജി പ്രഖ്യാപിക്കുമ്പോൾ നടത്തിയ സർവേയിൽ കൺസർവേറ്റിവ് പാർട്ടിക്ക് 44.2%, ലിബറൽസിനു 20.1% എന്നിങ്ങനെയായിരുന്നു നില. എന്നാൽ ജനുവരി 20നു ട്രംപ് അധികാരമേറ്റ ശേഷം ആ സ്ഥിതി പാടേ മാറി. കാനഡയെ 51ആം യുഎസ് സ്റ്റേറ്റ് എന്നും ട്രൂഡോയെ ഗവർണർ എന്നും ട്രംപ് വിളിച്ചത് അവരുടെ ആത്മാഭിമാനത്തിനു നേരെയുള്ള വെല്ലുവിളിയായി.

ട്രംപ് കാനഡ പിടിച്ചെടുക്കുമെന്നു പറയുന്നത് ഭ്രാന്താണെന്ന് കാർണി തുറന്നടിക്കുന്നു. അതേ സമയം, നമ്മൾ ബഹുമാനം കൈവിടാതെ സംസാരിക്കണം എന്നാണ് കൺസർവേറ്റിവ് നേതാവ് പൊളിവർ പറയുന്നത്.

Canada PM calls snap elections

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക