ന്യൂഡല്‍ഹി: ഒറ്റപ്പെട്ട സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കാനും ഇന്ത്യയുടെ ബഹുസ്വര സമൂഹത്തെ അധിക്ഷേപിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് യു.എസ് സര്‍ക്കാറിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ നടത്തുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ മോശം സമീപനമാണ് നേരിടുന്നതെന്ന വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള യു.എസ് മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോര്‍ട്ട് (യു.എസ്.സി.ഐ.ആര്‍.എഫ്) ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. മുന്‍വിധിയോടെയും രാഷ്ട്രീയ പ്രേരിതവുമായ വിലയിരുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കാനും ഇന്ത്യയുടെ ബഹുസ്വര സമൂഹത്തെ അധിക്ഷേപിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് യു.എസ് സര്‍ക്കാറിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ നടത്തുന്നത്. ഇത് മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള യഥാര്‍ഥ ആശങ്കയെക്കാള്‍ ബോധപൂര്‍വമായ ഒരു അജണ്ടയെയാണ് പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും വിളക്കായ ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാനുള്ള ഈ ശ്രമങ്ങള്‍ വിജയംകാണില്ല. യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനെ 'ആശങ്കയുണ്ടാക്കുന്ന സ്ഥാപനമായി' കണക്കാക്കണമെന്നും ഇന്ത്യ പ്രതികരിച്ചു.
ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ മോശം സമീപനമാണ് നേരിടുന്നതെന്ന വിമര്‍ശനം ശക്തമാക്കിയാണ് 2025ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) പുറത്തുവിട്ടത്. സിഖ് വിഘടനവാദി നേതാവിനെതിരെയുണ്ടായ വധശ്രമത്തില്‍ ആരോപണം നേരിട്ട ഇന്ത്യയുടെ ചാരസംഘടനയായ 'റോ'യ്ക്ക് ഉപരോധമേര്‍പ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ യു.എസ് സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ചൈനക്ക് ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ഇന്ത്യയുമായുള്ള ബന്ധത്തിലൂടെ മറികടക്കാനാണ് യു.എസിന്റെ ശ്രമം. ഇതാണ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ യു.എസ് അവഗണിക്കാനുള്ള കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.