Image

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-17: ഡോ. പോള്‍ മണലില്‍)

Published on 25 May, 2021
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-17: ഡോ. പോള്‍ മണലില്‍)

പ്രസംഗത്തിനിടയില്‍ അഴീക്കോടിനു അമളി പറ്റിയ സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ വള്ളത്തോള്‍ സെമിനാര്‍ എറണാകുളത്തു നടന്നപ്പോള്‍ അദ്ദേഹത്തിന്റെ "പോരാ പോരാ നാളില്‍ നാളില്‍' എന്ന കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തെ അഴീക്കോട് വിമര്‍ശിച്ചു. "പോരാ പോരാ' എന്നതിനു "ിീ േലിീൗഴവ, ിീ േലിീൗഴവ' എന്നായിരുന്നു വിവര്‍ത്തനം. പോരാ പോരാ എന്നു പറയുമ്പോള്‍ ലഭിക്കുന്ന ഭാവത്തിന്റെ ആഴവും ശക്തിയും ിീ േലിീൗഴവ-നു ഇല്ലെന്നു അല്പം തമാശയായി അദ്ദേഹം പറഞ്ഞു. ഇതു വിവര്‍ത്തനം ചെയ്തതു അയ്യപ്പപ്പണിക്കരായിരുന്നു. അഴീക്കോട് വിമര്‍ശനം തൊടുത്തു വിടുമ്പോള്‍ അയ്യപ്പപ്പണിക്കര്‍ സദസ്സിന്റെ, മുന്‍നിരയില്‍ ഉണ്ടായിരുന്നു. വിവര്‍ത്തകന്‍ അയ്യപ്പപ്പണിക്കരാണെന്ന് അറിയാതെയാണ് പ്രസംഗിച്ചതെങ്കിലും ഒരു "ശത്രു'വിനെ സൃഷ്ടിക്കാന്‍ പ്രസംഗത്തിലെ ആ പരാമര്‍ശനം മതിയായിരുന്നു. അയ്യപ്പപ്പണിക്കര്‍ പക്ഷെ അതൊരു തമാശയായി കണ്ടതിനാല്‍ ഒരു പിണക്കത്തില്‍ നിന്ന് അഴീക്കോട് രക്ഷപ്പെട്ടു.
മരണത്തിനു മുമ്പ് ആശുപത്രിയില്‍ അഴീക്കോടിനെ പ്രവേശിപ്പിച്ചതു 2011 ഡിസംബര്‍ ഏഴിനായിരുന്നു. അതിന്റെ തലേന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സന്ദീപാനന്ദയുടെ ഗീതാപ്രഭാഷണത്തിന്റെ സമാപന ചടങ്ങില്‍ അഴീക്കോട് പ്രസംഗിച്ചിരുന്നു. അന്നു നല്ല ക്ഷീണവും പനിയും ഉണ്ടായിരുന്നെങ്കിലും മൂന്നു മിനിറ്റില്‍ നടത്തിയ പ്രസംഗം ഭാരതീയ തത്ത്വചിന്തയില്‍ അദ്ദേഹം നടത്തിയ അവസാനത്തെ പ്രസംഗമായിരുന്നു. ഭാരതത്തിന്റെ ആത്മീയ ഭൂമിശാസ്ത്രത്തിന്റെ കൊടുമുടിയാണ് ഗീത എന്നു നിര്‍വചിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലെ തുടര്‍ന്നുള്ള വാക്കുകള്‍: ""ഗീതയെ അറിയുക എന്നത് ഓരോ വ്യക്തിയുടെയും ധര്‍മ്മവും രാജ്യത്തോടുള്ള കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്. അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം.''
അഴീക്കോടിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസ് തലക്കെട്ട് നല്‍കിയതു, "ലിറ ീള ലഹീൂൗലിരല'' എന്നായിരുന്നു. അന്ന് "ജനയുഗ'വും "ദേശാഭിമാനി'യും നല്‍കിയത് ഒരേ തലക്കെട്ടായിരുന്നു - ബഷീറിന്റെ വിശേഷണം കടമെടുത്തു "സാഗരഗര്‍ജനം നിലച്ചു' എന്നായിരുന്നു അത്.
""പ്രസംഗം എനിക്ക് നിസ്തുലമായ മാനസികോന്നതിയും ആനന്ദവും ഉണ്ടാക്കിത്തന്നു. ആയുഷ്മാന്‍ എന്നു വിളിക്കാവുന്ന എന്റെ ദീര്‍ഘായുസ്സിനു നിദാനം ഇതത്രെ എന്നു ഞാന്‍ വിശ്വസിക്കുന്നു'' എന്നു പറഞ്ഞിട്ടുള്ള അഴീക്കോടിന്റെ ആഗ്രഹം, പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണം എന്നായിരുന്നു! 2011 ഒക്‌ടോബര്‍ മൂന്നിനു കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ സാഹിത്യവേദിയുടെ ജൂബിലി ആഘോഷിച്ചപ്പോള്‍ ""മൈക്ക് തന്റെ ദൗര്‍ബല്യമാണെന്നും പ്രസംഗമില്ലെങ്കില്‍ താനില്ലെന്നും പ്രസംഗിച്ചു മരിക്കണമെന്നാണ് ആഗ്രഹമെന്നും'' അദ്ദേഹം പറയുകയുണ്ടായി!
തിരുവനന്തപുരത്തു പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് 2011 ഒക്‌ടോബറില്‍ നടത്തിയ പ്രസംഗത്തിലും മരണത്തിന്റെ ഒരു സന്ദേശം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അതിന്റെ സംഗ്രഹം ഇങ്ങനെ:
""ഈ അവാര്‍ഡ് എന്നെ ഇഹലോകത്തിലും പരലോകത്തിലും സഹായിക്കുന്ന ഒന്നാണ്. അതു കൊണ്ടുതന്നെ ഇതു മറ്റ് അവാര്‍ഡുകളെക്കാള്‍ വിശിഷ്ടവുമാണ്. പരുമലത്തിരുമേനിയുടെ പേരിലുള്ള ഈ പുരസ്കാരത്തിനു ആധ്യാത്മികമായ ഒരു പരിമളമുണ്ട്. നമ്മള്‍ പരലോകത്ത് എത്തുന്ന സമയത്ത് ഒരു ചോദ്യമുണ്ട്. ഭൂമിയില്‍ വച്ച് എന്തൊക്കെ കിട്ടി? കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഒക്കെ കിട്ടിയെന്ന് പറഞ്ഞാല്‍ അതൊക്കെ ഇയാള് ഒപ്പിച്ചതായിരിക്കും എന്നു പറയും. പക്ഷെ പരുമല അവാര്‍ഡ് കിട്ടി എന്നു പറയുമ്പോള്‍ കേറി ഇരിക്കാന്‍ പറയും. അതുകൊണ്ടാണ് ഈ അവാര്‍ഡിനെ ഇഹലോകത്തുവച്ചു കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമായി ഞാന്‍ കാണുന്നത്.''
അഴീക്കോടിന്റെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേരളത്തില്‍ അധികം പേര്‍ കേട്ടിട്ടുണ്ടാവില്ല. മലയാളത്തില്‍ പ്രസംഗിക്കുന്ന അത്ര ഒഴുക്കോടെ ഇംഗ്ലീഷിലും അദ്ദേഹം പ്രസംഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണം, പദവിന്യാസം, ശൈലി എന്നിവ അതീവ ഹൃദ്യമായിരുന്നു. സ്കൂളിലും കോളജിലും പഠിക്കുമ്പോള്‍ ഇംഗ്ലീഷിലൊന്നും പ്രസംഗിച്ചിട്ടില്ലെങ്കിലും മംഗലാപുരത്തെ കോളജ് പഠനകാലത്തു ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചു. അതു മാത്രമല്ല, ഇംഗ്ലീഷ് മാധ്യമത്തില്‍ അവിടെ നടത്തിയിരുന്ന ക്ലാസ്സുകളും അദ്ദേഹത്തിന് ഭയമില്ലാതെയും തെറ്റില്ലാതെയും ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ തുണയായി. കോഴിക്കോട്ട് അധ്യാപക പരിശീലനം നടത്തിയ കാലത്ത് ഗവ.ട്രെയിനിംഗ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന രമാ രമണനുണ്ണിയുടെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ഉച്ചാരണ മാധുര്യവും മനോഹാരിതയും തനിക്കു മനസ്സിലാക്കിത്തന്നതു രമാ രമണനുണ്ണിയാണെന്ന് അഴീക്കോട് അനുസ്മരിച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രോ-വൈസ് ചാന്‍സലര്‍ ആയിരിക്കുമ്പോള്‍ ഔദ്യോഗിക തലത്തിലും അക്കാദമിക് തലത്തിലും ഒട്ടേറെ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള പ്രധാന പൊതു പ്രസംഗങ്ങള്‍ എല്ലാം കേരളത്തിനു പുറത്തുവച്ചാണ് നടത്തിയിട്ടുള്ളത്. ടാഗോറിന്റെ ജന്മശതാബ്ദിക്കു ബംഗാള്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം കല്‍ക്കട്ടയില്‍ പോയി അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. 1986-ല്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ വന്നപ്പോള്‍ ചെന്നൈയില്‍ രാജാജി ഹാളില്‍വച്ചു മാര്‍പ്പാപ്പയ്ക്കു നന്ദി പറഞ്ഞു പ്രസംഗിച്ചതു അഴീക്കോടായിരുന്നു. അഴീക്കോടിന്റെ ഇംഗ്ലീഷ് പ്രസംഗം കേട്ട് സദസ്സ് പല തവണ കരഘോഷം മുഴക്കി. ഒടുവില്‍ മാര്‍പ്പാപ്പാ എഴുന്നേറ്റ് നിന്ന് അഴീക്കോടിനെ അഭിനന്ദിച്ചു.
കോഴിക്കോട് വച്ച് ലയണ്‍സ് ഇന്റര്‍നാഷണല്‍ സമ്മേളനത്തില്‍ അന്ന് ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ കൂടെ പ്രസംഗിക്കാനുണ്ടായിരുന്നത് അഴീക്കോടായിരുന്നു. അഴീക്കോടിന്റെ ഇംഗ്ലീഷ് പ്രസംഗം കേട്ടിട്ട് അന്നു ലയണ്‍സ് ഗവര്‍ണറായിരുന്ന പ്രിയ ശിഷ്യന്‍ കണ്ണൂരിലെ പി.പി. ലക്ഷ്മണനും ഇംഗ്ലീഷില്‍ പ്രസംഗിച്ചു. ""ലക്ഷ്മണാ നീ ഇംഗ്ലീഷില്‍ നന്നായി പ്രസംഗിച്ചല്ലോ'' എന്ന് അഴീക്കോട് പ്രശംസിച്ചപ്പോള്‍, ഗുരുവിന്റെ പ്രസംഗം കേട്ടിട്ടാണ് ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ പ്രചോദനം കിട്ടിയതെന്നായിരുന്നു ലക്ഷ്മണന്റെ മറുപടി.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 1994-ല്‍ ഡല്‍ഹിയില്‍ വച്ച് ഒരു സെമിനാര്‍ നടത്തിയപ്പോള്‍ അഴീക്കോടും പ്രഭാഷകനായിരുന്നു. ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് മക്‌നമാറ ഉള്‍പ്പെടെ ലോകത്തെ പ്രമുഖരായ അറുപത് പേരായിരുന്നു ഇതില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി പി.വി. നരസിംഹറാവു, സോണിയാഗാന്ധി, നേച്ചര്‍ മാസിക എഡിറ്റര്‍ ജോണ്‍ മെഡോക്‌സ്, കെന്നത്ത് കൗണ്ട തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തവരാണ്. ""ലോകമാണ് തറവാട്'' എന്നൊരാശയമാണ് പി.വി. നരസിംഹറാവു അവതരിപ്പിച്ചത്. അഴീക്കോടിന്റെ പ്രസംഗം അതിന്റെ ചുവടുപിടിച്ചായിരുന്നു - ""ലോകമാകെ ഒരു കുടുംബമായി കാണണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷെ ഇവിടെ പലര്‍ക്കും സ്വന്തം കുടുംബമാണല്ലോ ലോകം'' - എന്നിങ്ങനെ പറഞ്ഞുകൊണ്ട് കയ്യടി വാങ്ങിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.
അഴീക്കോട് നാഷണല്‍ ബുക്ട്രസ്റ്റ് ചെയര്‍മാനായി സ്ഥാനമേറ്റപ്പോള്‍ ഡല്‍ഹിയില്‍ പ്രഗതി മൈതാനിയില്‍ ലോകപുസ്തകമേള നടത്തി. അഴീക്കോട് സ്ഥാനമേറ്റിട്ട് അധിക ദിവസമായിരുന്നില്ല. മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതം ആശംസിക്കാന്‍ സെക്രട്ടറി നിര്‍ബന്ധിച്ചു. പ്രസംഗം എന്നതു മറ്റുള്ളവരെക്കൊണ്ട് വകവയ്പിക്കുന്ന ഒരു കാര്യമാണല്ലോ അഴീക്കോടിന്. സാധാരണ സര്‍ക്കാരിന്റെ ഇത്തരം പരിപാടികളില്‍ "വെല്‍കം അഡ്രസ്' നോക്കിവായിക്കുകയാണ് പതിവ്. ആ മട്ടില്‍ ഒരു പ്രസംഗം എന്നേ സെക്രട്ടറിയും ഉദ്ദേശിച്ചുള്ളൂ. എന്നാല്‍ കയ്യില്‍ ഒരു കടലാസും ഇല്ലാതെ അഴീക്കോട് സ്വാഗതം പറയാന്‍ വേദിയില്‍ നിന്നപ്പോള്‍ അവിടെ കൂടിയിരുന്ന മലയാളി സുഹൃത്തുക്കള്‍ ഒന്നു പരുങ്ങി. വി.കെ. മാധവന്‍കുട്ടി, ഓംചേരി, അകവൂര്‍ നാരായണന്‍ എന്നിവരൊക്കെ സദസ്സില്‍ ഉണ്ട്. അഴീക്കോടിന്റെ ഇംഗ്ലീഷ് പ്രസംഗം ഫലിക്കാതാകുമോ? ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള അതിഥികള്‍ മുന്നിലുണ്ട്. മുണ്ടും ജുബ്ബയും പുറമെ ഒരു ജാക്കറ്റും ധരിച്ച് പ്രസംഗിക്കാന്‍ അഴീക്കോട് നിന്നപ്പോള്‍ സദസ്യര്‍ അല്പം സംശയത്തോടെയായിരിക്കണം അദ്ദേഹത്തെ വീക്ഷിച്ചത്!
അഴീക്കോടിന് ആ വലിയ സദസ് പ്രചോദനമായി. കേന്ദ്രമന്ത്രി അര്‍ജുന്‍സിങാണ് ഉദ്ഘാടകന്‍. അഞ്ചുമിനിറ്റാണ് സ്വാഗതപ്രസംഗത്തിനുള്ള സമയം. അതേപ്പറ്റി അഴീക്കോട് ഇങ്ങനെ ഓര്‍ക്കുന്നു:
""പ്രസംഗിക്കാന്‍ കയറിയപ്പോള്‍ ഡല്‍ഹി മലയാളികളെ കണ്ടു. അവര്‍ക്ക് അപമാനം ഉണ്ടാക്കരുത്. പ്രസംഗത്തില്‍ ആ സമൂഹബോധം ഉണ്ടായിരുന്നു. ഞാന്‍ ഇന്ന് എന്റെ ആളല്ല; സമൂഹത്തിന്റെ ആളാണ്. ഒരു വലിയ ലക്ഷ്യത്തിന്റെ ഉപാധി എന്ന നിലപാടില്‍ സംസാരിക്കണമെന്നു തോന്നി. ഹൃദയത്തില്‍ ഒരു കനിവു വന്നു. പെട്ടെന്ന് ആ കനിവ് ഒരു അഗ്നിയായി മാറി...''
അഞ്ചുമിനിറ്റ് തീരും മുമ്പ് അഴീക്കോടിന് അഞ്ചാറു കയ്യടി കിട്ടി. അദ്ദേഹം ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാളം ഇങ്ങനെയായിരുന്നു: ""പ്രഗതി മൈതാനത്തിന്റെ ഈ സുവിശാലമായ ആകാശത്തിന്റെ മേല്‍ക്കട്ടിക്കു താഴെ എല്ലാ നാടുകളില്‍ നിന്നും സംഭരിച്ച അത്യനര്‍ഘങ്ങളായ ഭാസുര രത്‌നങ്ങള്‍ നിറച്ച പേടകങ്ങള്‍ അവിടവിടെ തുറന്നു വച്ചിരിക്കയാണ്. വിജ്ഞാന പ്രേമികള്‍ക്ക് എന്നും വിലോഭനീയമായ ഒരു നിധി നായാട്ട് ഇവിടെ വരുംനാളുകളില്‍ നാഷണല്‍ ബുക്ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്നു'' - ഇങ്ങനെ പറഞ്ഞു കൊണ്ട് സ്വാഗതപ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഏറെ അഭിമാനിച്ചത് അവിടെ കൂടിയ മലയാളികളായിരുന്നു. പ്രസംഗം കേട്ടിട്ട് യു.ആര്‍. അനന്തമൂര്‍ത്തി പറഞ്ഞതു, ""ങമൃ്‌ലഹഹീൗ െുലൃളീൃാമിരല'' എന്നായിരുന്നു.
പുസ്തകമേളയുടെ സമാപന ചടങ്ങിലും അഴീക്കോടിനു പ്രസംഗിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കന്‍ കവി ഡെന്നീസ് ബ്രൗണ്‍ ആയിരുന്നു മുഖ്യാതിഥി. അദ്ദേഹത്തിനു നന്ദി പറയണമെന്നു സെക്രട്ടറി പറഞ്ഞതു അവസാന നിമിഷമായിരുന്നു. ഡെന്നീസ് ബ്രൗണിന്റെ പ്രസംഗം കഴിഞ്ഞാല്‍ സോണാല്‍ മാന്‍സിങിന്റെ നൃത്തപരിപാടിയും ഉണ്ടായിരുന്നു. ഡെന്നീസ് ബ്രൗണിനെപ്പറ്റി അഴീക്കോട് പ്രസംഗിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു: ""ഡെന്നീസ് ബ്രൗണ്‍ ഇവിടെ വരുമ്പോള്‍ അദ്ദേഹം കസ്റ്റംസ്കാരുടെ പാസ്‌പോര്‍ട്ട് പരിശോധനയ്ക്കു വിധേയനാകേണ്ടി വന്ന ഒരു അന്യദേശക്കാരനായിരുന്നു. എന്നാല്‍ ഇവിടെ വന്നു കവിത വായിച്ച ഈ കവിയെ ഞങ്ങള്‍ ഒരു തരം പരിശോധനയും ആവശ്യമില്ലാത്ത നാട്ടുകാരനായി കാണുന്നു...''
കവിയുടെയും നര്‍ത്തകിയുടെയും ഇടയില്‍ നിന്നു കൊണ്ട് അഴീക്കോട് നന്ദിപ്രകാശിപ്പിച്ചപ്പോള്‍ സദസ്സില്‍ ശ്രോതാവായി ഉണ്ടായിരുന്ന അന്നത്തെ പാര്‍ലമെന്റ് അംഗം എ.ബി. വാജ്‌പേയി അതാസ്വദിച്ചുകൊണ്ട് വാഹ്...വാഹ്... എന്നു പറഞ്ഞതായി തൊട്ടടുത്തിരുന്ന വി.കെ. മാധവന്‍കുട്ടി സാക്ഷിക്കുന്നു.
""മികച്ച പ്രഭാഷകനായ വാജ്‌പേയിയുടെ അഭിനന്ദനം ലഭിക്കുന്നതിനേക്കാള്‍ വലിയൊരു പുരസ്കാരം വേറെ എന്തുണ്ട് ഈ നാട്ടില്‍ ലഭിക്കാന്‍'' എന്നായിരുന്നു അഴീക്കോടിന്റെ പ്രതികരണം.
അഴീക്കോടിന്റെ വാക്കുകള്‍ കേട്ടിട്ട് ഡെന്നീസ് ബ്രൗണ്‍ തലകുനിച്ച്, കൈകള്‍ കൂപ്പുകയും ചെയ്തു!
നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ മറ്റൊരു പരിപാടിയില്‍ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജിയും തെലുങ്കുനടി സ്വപ്നസുന്ദരിയും പ്രഭാഷകരായിരുന്നു. സ്വപ്നസുന്ദരി എന്നൊരു പേര് ആദ്യമായി കേട്ട അഴീക്കോട് പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ""ഒരു യഥാര്‍ത്ഥ സ്വപ്നസുന്ദരി എന്റെ സമീപത്തു ഇരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.'' തന്റെ ഈ വാക്കുകള്‍ കേട്ട് സ്വപ്നസുന്ദരി സ്വപ്നസ്മിതയായെന്ന് അഴീക്കോട് പിന്നീട് പറഞ്ഞു!
അഴീക്കോടിന്റെ പ്രസംഗത്തിന്റെ ഒരു പ്രത്യേകത, അതു വേദിയില്‍ അവസാനിക്കുന്ന ഒന്നല്ല എന്നുള്ളതാണ്. അദ്ദേഹത്തിന്റെ പ്രസംഗം അവസാനിക്കുമ്പോള്‍ ശ്രോതാവ് അന്വേഷണം ആരംഭിക്കുന്നു. വിവരണരീതിയുടെ ശക്തിയും ഭാവനയുടെ ഔന്നത്യവും കൊണ്ട് അതിനു പുല്ലാങ്കുഴലിന്റെ മാധുര്യവും അലയാഴിയുടെ ഗാംഭീര്യവും ലഭ്യമാകുക മാത്രമല്ല അത് അപാരമായ ആഴവും പരപ്പും കൈവരിക്കുന്നു. പ്രസംഗത്തിലൂടെ അദ്ദേഹം ജീവിതത്തില്‍ ഇടപെടുകയും ജീവിതത്തെ പിടിച്ചുകുലുക്കുകയും ചെയ്യും. ജീവിതത്തെ മറ്റൊന്നാക്കും. ആ പ്രസംഗം ജാഗ്രതയുള്ള ശ്രോതാക്കളെയാണ് നിര്‍മിക്കുന്നത്. വര്‍ത്തമാന സമൂഹത്തെ പ്രസംഗത്തിലൂടെ അഴിച്ചുപണിയുന്നതിലൂടെ അഴീക്കോട് ധര്‍മ്മത്തിന്റെ വാമൊഴിയായി മാറുന്നു. അഴീക്കോടിന്റെ പ്രസംഗത്തെപ്പറ്റി കെ.പി. അപ്പന്‍ പറഞ്ഞതു, അദ്ദേഹം ഭാവിയോട് സംസാരിക്കുന്ന പ്രവാചകനാണ് എന്നാണ്. ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച വേളയില്‍ അഴീക്കോട് നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു:
""പ്രഭാഷണങ്ങളുടെയെല്ലാം ഒരു സമ്പ്രദായം, ഇത് ഒരു പക്ഷെ എന്നില്‍നിന്ന് ആരംഭിക്കുന്നെങ്കിലും കുറച്ചു കഴിയുമ്പോള്‍ ഇത് ഒരു ഡോക്ടര്‍ അദ്ദേഹത്തിന്റെ കൈവിരലുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് ഒരു മുറിവിലൂടെ കടത്തി, പിന്നീട് ഏതോ ജീവനുള്ള ഒരു നാഡിയെ സ്പര്‍ശിക്കുമ്പോള്‍ നമുക്കാകമാനം ശരീരത്തില്‍ ഏതോ ഒരു ഭയങ്കരമായ വേദനയും സ്തബ്ദതയും ഒക്കെ അനുഭവപ്പെടുന്നതു പോലെ, ഈ വാക്കുകള്‍ നമ്മുടെ രാജ്യത്തിന്റെ പ്രണിതമായ ഹൃദയത്തിന്റെ അടിയിലുള്ള ഏതോ ഒരു ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചുവപ്പ് നിറമുള്ള ഒര നാഡിയിന്മേല്‍ പിടിച്ചതുപോലെയുള്ള അനുഭവം ചിലപ്പോള്‍ നമുക്കു കൈവന്നേക്കാം...''
പ്രഭാഷണങ്ങളുടെ അടിയില്‍ നമ്മുടെ ജീവിതത്തിന്റെ സജീവമായ ഒരവസ്ഥയുണ്ടെന്നും ""ആ അവസ്ഥ എപ്പോഴും നമ്മെ പിന്തുടരുന്ന നില വരുമ്പോള്‍ ഒരു വലിയ ജീവിതമുള്ള ആളായി മാറുന്നതു പോലെ തോന്നു''മെന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്. അഴീക്കോട് പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഷ ക്രിയയായി മാറുന്നു. വേദിയില്‍ അദ്ദേഹത്തിന്റേതു കലഹിക്കുന്ന ഭാഷയാണ്. അതൊരു തുറന്ന യുദ്ധം മാതിരിയാണ്. അദ്ദേഹം പറയാനുള്ളതു പറയും. പ്രസംഗത്തെ പ്രതിരോധമില്ലാത്ത ആക്രമണമാക്കി മാറ്റാന്‍ അഴീക്കോടിനു മാത്രമേ കഴിയൂ. കെ.പി. അപ്പന്‍ പറയുന്നതു, അഴീക്കോടിന്റെ അബോധത്തില്‍ ഒരു ശ്രീശങ്കരവിഗ്രഹം ഉണ്ടെന്നാണ്. പ്രതിയോഗികളെ വാദിച്ചു തോല്പിച്ചു കൊണ്ടുള്ള യാത്രയില്‍ അദ്ദേഹം പ്രഭാഷണകലയുടെ സര്‍വ്വജ്ഞപീഠം കയറുകയായിരുന്നു.
അഴീക്കോട് തന്റെ പ്രസംഗത്തെ മറ്റൊരു രീതിയിലാണ് വീക്ഷിക്കുന്നത്. അദ്ദേഹം പറയുന്നു: ""പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന ധാരണയുള്ള കാലത്താണ് ഞാന്‍ വളര്‍ന്നുവന്നത്. പ്രസംഗം എന്റെ പ്രധാന കര്‍മ്മമായി. അതിനു മൂന്നു പ്രേരണയുണ്ട്. ഗാന്ധിജി, വിവേകാനന്ദന്‍, വാഗ്ഭടാനന്ദന്‍. മൂന്നു പേരും അങ്ങേയറ്റം കര്‍മ്മമഹിമ ഉള്ളവര്‍. അവരുടെ കര്‍മ്മത്തില്‍ വലിയ ഭാഗം പ്രസംഗമായിരുന്നു. ജീവിതത്തില്‍ നടപ്പാക്കാത്തതു പ്രസംഗിക്കുമ്പോഴേ കുഴപ്പമുള്ളൂ.''
~ ഒരു പ്രഭാഷകന്റെ സാഫല്യത്തെപ്പറ്റി അഴീക്കോട് ഇപ്രകാരം പറഞ്ഞു: ""നന്നായി പ്രസംഗിച്ചു കഴിഞ്ഞാല്‍ ഒരു സാഫല്യം പ്രഭാഷകനു സിദ്ധിക്കുന്നു. അതു മനസ്സിന്റെ എന്തെന്നില്ലാത്ത ഒരു പ്രഫുല്ലതയും ആന്തരശാന്തിയുമാണ്. സദസ്യരുടെ മനസ്സിനെ താമരയിലയിലെ മഞ്ഞുനീര്‍ക്കണം പോലെ ഇളക്കി അവരെ നാം സൃഷ്ടിച്ച ഒരു ആശയപ്രപഞ്ചത്തില്‍ എത്തിച്ച് ഒരു മാനസികോത്തേജനം നിര്‍വഹിച്ചതായി അനുഭവപ്പെടുന്ന ഒരു പ്രഭാഷകന്റെ ഹൃദയം എത്തിച്ചേരുന്ന ഭാവശാന്തിയുടെയും ഹൃദയത്തിന്റെ വിശ്രാന്തിയുടെയും അരികത്തെത്താന്‍ പല ജോലികൊണ്ടും സാധിക്കയില്ല. ഭൗമാനുഭവത്തില്‍ നിന്നു വ്യത്യസ്തമായ വല്ലാത്തൊരനുഭവമായിട്ടാണ് എനിക്ക് അതു തോന്നിയിട്ടുള്ളത്. എപ്പോഴും അതു കിട്ടുകയില്ല. ചില പ്രഭാഷണങ്ങള്‍ക്കുശേഷം കിട്ടുന്നു.''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക