Image

മുന്തിയ ഹോട്ടൽ (കഥ: ഐപ്പ് മാത്യൂസ് )

Published on 16 November, 2022
മുന്തിയ ഹോട്ടൽ (കഥ: ഐപ്പ് മാത്യൂസ് )

പട്ടണത്തിന്റെ ഹൃദയഭാഗത്ത് പതിറ്റാണ്ടുകളായി പട്ടണവാസികളുടെയും,  കേരളത്തിലെ  മറ്റു നഗരവാസികളുടെയും പ്രിയ  സങ്കേതമായി  മുന്തിയ ഹോട്ടലും അതിനോട് ചേർന്ന ബേക്കറിയും നില കൊണ്ടു. 

പ്രശസ്തരും,അപ്രശസ്തരും,സമ്പനനരും,ദരിദ്രരും അവിടെ വന്നു പൊയ്ക്കൊ- ണ്ടേയിരുന്നു.അവർ രുചിയോടെ ഭക്ഷണം കഴിച്ചു.

ചിലർ ദിവസങ്ങളോളം അവിടെ തങ്ങി. അവിടെ താമസിച്ചവരിൽ രാഷ്ട്രീയ നേതാക്കൾ, കവികൾ, സംഗീതജ്ഞർ, എഴുത്തുകാർ, സാംസ്കാരിക നേതാക്കൾ ഒക്കെ ഉണ്ടായിരുന്നു. കേരളത്തിന് എക്കാലവും മണിമുത്തുകൾ പോലെ  സൂക്ഷിക്കാനുള്ള കവിതകളും, പാട്ടുകളും, ലേഖനങ്ങളും മുന്തിയ ഹോട്ടലിന്റെ മുറികളിൽ പല കാലങ്ങളിൽ രൂപം കൊണ്ടു.

താഴെയും മുകളിലുമുള്ള ഭക്ഷണശാലകളിൽ  പ്രാതലിനു വിളമ്പപ്പെട്ട ചൂടപ്പവും മട്ടൺ സ്റ്റൂവും, ഉച്ചയ്ക്കും രാത്രിയിലും കേരളത്തനിമയുള്ള ഊണുകളും, ഭക്ഷണ വൈവിധ്യം പ്രിയപ്പെട്ടവർക്ക് സൂപ്പുകളും നൂഡിൽസും, മൽസ്യ, മാംസ, പച്ചക്കറി വിഭവങ്ങളും എല്ലാം ഹോട്ടലിന്റെ പെരുമ വർധിപ്പിച്ചു.

ഭക്ഷണശാല പോലെ തന്നെ ഹോട്ടലിന്റെ പ്രവേശന കവാടത്തിലുള്ള   ബേക്കറിയിലെ വിഭവങ്ങളും കെങ്കേമം ആണെന്ന് ജനം രുചിച്ചറിഞ്ഞു.  പലവിധത്തിലുള്ള കേക്കുകൾ, പഫ്സുകൾ, കട്ട്ലെറ്റുകൾ, പഞ്ഞി പോലെ മാർദ്ദവമായ ബ്രെഡുകൾ, മറ്റു നാനാവിധം മധുരമുള്ളതും ഇല്ലാത്തതുമായ പലഹാരങ്ങൾ എല്ലാം തലമുറകളായി പട്ടണനിവാസികൾക്ക് പഥ്യമായി.

സായാഹ്നങ്ങളിൽ ചായയോടും കാപ്പിയോടും ഒപ്പം പഫ്സും, കട്ട്ലെറ്റും,സമൂസയും ലഘുഭക്ഷണമായി കഴിക്കാൻ എത്തുന്നവരുടെ എണ്ണം  ഹോട്ടലിനെ ശബ്ദമുഖരിതമാക്കി. പ്രായഭേദമില്ലാതെ അനുസ്യൂതം ഹോട്ടലിൽ വന്നു കൊണ്ടിരുന്നവരിൽ അറുപത്തിമൂന്നുകാരനായ, അവിനാഷും ഉൾപ്പെട്ടി- രുന്നു;തനിയെ വന്ന് തനിയെ തിരിച്ചു  പൊയ്ക്കൊണ്ടിരുന്ന ഒരു നിശബ്ദൻ. 

അയാളുടെ ഒറ്റയ്ക്കുള്ള വരവ് തുടങ്ങിയിട്ട് വർഷങ്ങൾ ഇരുപത്തി രണ്ടായി. അതിനു ഇരുപതു വർഷങ്ങൾ അപ്പുറം അവന്റെ കളിക്കൂട്ടുകാരി  ആനിയും, അവർ രണ്ടു പേരുടെയും  സുഹൃത്തായ അലെക്സും അവനൊപ്പം ഹോട്ടലിൽ സ്ഥിരമായി വരുമായിരുന്നു. നാല് പതിറ്റാണ്ടു- കൾക്കപ്പുറം മുതലുള്ള കാര്യങ്ങളുടെ ഓർമ്മകൾ ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ഭക്ഷണ ശാലയിൽ തനിച്ചിരിക്കുമ്പോൾ അയാളുടെ കണ്ണുകളെ ഇടയ്ക്കിടയ്ക്ക് ഈറനണിയിച്ചിരുന്നു.

അടുത്തുള്ള പുരാതനപ്രസിദ്ധമായ കോളേജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന മൂന്നുപേരും മിക്ക ദിവസങ്ങളിലും ക്ലാസ് കഴിഞ്ഞു ഹോട്ടലിൽ, അലക്സിന്റെ കാറിൽ എത്തും. നല്ല ചൂടുള്ള  നെസ്കഫേയും അല്ലെങ്കിൽ ചായയും കൂടെ ലഘുഭക്ഷണം എന്തെങ്കിലും കഴിച്ചു ആഹ്ളാദമായി   അവർ കുറെ സമയം ചിലവഴിയ്ക്കും. അലെക്സ് പിന്നെ രണ്ടു പേരെയും പട്ടണപ്രാന്തത്തിൽ അവരുടെ  അടുത്ത വീടുകളിൽ എത്തിക്കും. മൂന്നു പേരുടെയും കോളേജ് പഠനം പൂർത്തിയായത് വരെ, അവരുടെ ഹോട്ടൽ സന്ദർശനം തുടർന്നു.

നിർധനകുടുംബങ്ങളിൽ ജീവിച്ചിരുന്ന അവിനാഷിനെയും ആനിയെയും  അതിസമ്പന്നനായ അലക്സ് കൂട്ടുകാരാക്കിയത് പലർക്കും വലിയ അത്ഭുതമായിരുന്നു. അവിനാഷിന്റെയും ആനിയുടെയും ഉള്ളിൽ അവരുടെ കുട്ടിക്കാലം മുതൽ വളർന്നിരുന്ന ഇഷ്ടത്തെ പ്രോത്സാഹിപ്പിക്കാനും അലക്സ് മറന്നിരുന്നില്ല. ആനിക്കു എന്തെങ്കിലും സമ്മാനം അവളുടെ പിറന്നാളുകളിലും,ക്രിസ്തുമസിനും കൊടുക്കാൻ അവിനാഷ്  തത്രപ്പെടുമ്പോൾ  അലക്സ്   സഹായകനാകും.  സമ്മാനം രഹസ്യമായി അവിനാഷിനു വാങ്ങിക്കൊടുക്കും, അവനത് ആനിയ്ക്ക് കൊടുക്കും. വർഷങ്ങൾ കഴിയുന്തോറും  വർധിച്ചു കൊണ്ടിരുന്ന അലക്സിന്റെ സ്നേഹ പ്രവർത്തികൾ അവിനാഷിന് കൂടുതൽ കൂടുതൽ അവനെ സ്നേഹിക്കാനും വിശ്വസിക്കാനും കാരണമായി.

ഡിഗ്രി കഴിഞ്ഞ് അവിനാഷ് ജോലി അന്വേഷിച്ചു നടന്ന കാലം…. രണ്ടു വർഷങ്ങൾ കടന്നു പോയത് അവൻ അറിഞ്ഞില്ല. ഒരു സന്ധ്യയ്ക്ക്, പകലത്തെ ജോലിഅന്വേഷണം കഴിഞ്ഞ് അവൻ മടങ്ങിയെത്തിയപ്പോൾ അമ്മ വീടിന്റെ ഒരു മൂലയിൽ ഇരിക്കുന്നത് കണ്ടു  പരിഭ്രമിച്ചു.

"എന്ത് പറ്റി അമ്മെ. അമ്മയുടെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്?  അവൻ വെപ്രാളപ്പെട്ടു  ചോദിച്ചു.

ഒരു പൊട്ടിക്കരച്ചിൽ ആയിരിന്നു മറുപടി.

" എന്റെ മോൻ വിഷമിക്കരുത്. ഇല്ലെന്ന് അമ്മയ്ക്ക് വാക്ക്താ. എങ്കിലേ ഞാൻ പറയൂ." 

ഇല്ലമ്മേ 'അമ്മ പറ. ഈ കരച്ചിൽ എനിക്ക് കാണാൻ വയ്യ." ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട ഒറ്റ മകന്റെ വളർച്ചയ്ക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട അമ്മയുടെ ദുഃഖം ആ ഇരുപത്തിരണ്ടുകാരന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

"അവർ  നിന്നെ ചതിച്ചു മോനെ" 'അമ്മ വീണ്ടും വിങ്ങിപ്പൊട്ടി.  അവന് ഒന്നും മനസ്സിലായില്ല.

" ആര്?  'അമ്മ ആരുടെ കാര്യമാ പറയുന്നേ?”

അമ്മയുടെ വായിൽ നിന്നും കേട്ട അവിശ്വനീയമായ വാക്കുകൾ കേട്ട് അവിനാഷ്  സപ്തനാഡികളും തളർന്ന്  വെറും നിലത്തിരുന്നു.

തന്റെ എല്ലാം ആണെന്ന് കരുതിയിരുന്ന ആനി.  വേറെ ഒരു വിവാഹത്തിന് സമ്മതിച്ചിരിക്കുന്നുവത്രേ. ജോലി ഒന്നും ഇല്ലാത്ത തന്നോട് കുറച്ചു നാളുകളായി അവൾ ഒരു അകൽച്ച കാട്ടുന്നുണ്ടോ എന്നൊരു ഭയം അവനെ ബാധിച്ചിരുന്നു.  

ആനിയെ താൻ എത്രമാത്രം ഇഷ്ടപ്പട്ടിരുന്നു എന്ന് അമ്മക്ക് അറിയാമായിരുന്നു. തനിക്ക് ഒരു ജോലി കിട്ടുമ്പോൾ, പിന്നെ താമസിക്കാതെ കല്യാണക്കാര്യം അവളുടെ അപ്പനോട് സംസാരിക്കാൻ അമ്മ  മനസ്സിൽ  ഉറപ്പിച്ചിരുന്നതും അവന്  അറിയാമായിരുന്നു. 

അവന്റെ മനസ്സിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി

അമ്മ അർധോക്തിയിൽ കല്യാണക്കാര്യം പറഞ്ഞു നിർത്തിയപ്പോൾ മറ്റെന്തോ കൂടെ അമ്മയ്ക്  പറയാനുണ്ട് എന്ന്   അവിനാഷിനു   തോന്നി.

" ഇനി പറയാൻ പോകുന്ന കാര്യം മോൻ ക്ഷമയോടെ  കേൾക്കണം. നമുക്ക് വിധിച്ചിട്ടില്ലാത്തതു ഓർത്തു എന്റെ കൊച്ചു തളരരുത്"

അമ്മയുടെ മുഖത്തേയ്ക്ക് നോക്കി അവൻ ഒന്നും മിണ്ടാതെ ഇരുന്നു.

"ആനിയെ കെട്ടാൻ പോകുന്നത്" ഒരു വിങ്ങലോടെ  'അമ്മ കൂട്ടിച്ചേർത്തു.   " അലെക്സാ  മോനെ"

" ഇല്ലമ്മെ, അമ്മയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അലെക്സ് ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യില്ല. ചെയ്താൽ ഞാൻ അവനെയും അവളെയും കൊല്ലും. എന്നിട്ടു നമുക്കും മരിക്കാം അമ്മെ.” അവൻ നിലവിട്ട് അലറിക്കൊണ്ട് ചാടി  എഴുന്നേറ്റു.

ഒരിക്കലും, ആരോടും നീരസം കാട്ടാത്ത, ശാന്തപ്രകൃതനായ അവിനാഷിന്റെ ഭാവമാറ്റം അവന്റെ അമ്മയെ ഭയപ്പടുത്തി. പുറത്തേയ്ക്ക് പായാൻ ഭാവിച്ച മകനെ 'അമ്മ അടങ്കം കെട്ടിപ്പിടിച്ചു തടഞ്ഞു.

അമ്മയെ തള്ളി  മാറ്റാൻ അവനായില്ല. അമ്മയുടെ പിടിയിൽ നിന്ന് അവൻ വലിയ ശബ്ദത്തിൽ കുറെ നേരം  കരഞ്ഞു. പിന്നെ ശാന്തനായി. 

സാവധാനത്തിൽ അമ്മ മകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. സ്വിറ്റ് സർലണ്ടിലെ പ്രശസ്തമായ ഒരു കോളേജിൽ  ഹോട്ടൽ മാനേജ്മെന്റിന് അലെക്സ് അഡ്മിഷൻ തേടുന്ന വിവരം അവനു അറിയാമായിരുന്നു.  എന്നാൽ അഡ്മിഷൻ ലഭിച്ച വിവരം അലെക്സ് പറഞ്ഞിരുന്നില്ല. നാല് വർഷം നീളുന്ന പഠനത്തിന്  മുൻപ്, ഇരുപത്തി മൂന്നുകാരനായ  മകനെ കല്യാണം കഴിപ്പിക്കാൻ ധനികനായ അവന്റെ  അപ്പൻ  തീരുമാനിച്ചതും, മകന്റെ താൽപ്പര്യങ്ങൾ എല്ലാം സാധിച്ചു കൊടുത്തിരുന്ന അയാൾ പണക്കാരിയല്ലാഞ്ഞിട്ടും അവൻ തന്നെ കണ്ടു പിടിച്ച  സുന്ദരിപ്പെണ്ണിനെ കെട്ടാൻ അനുവാദം കൊടുത്തതും ഒരു സിനിമാക്കഥ കേൾക്കുന്നത് പോലെ അവിനാഷ് അമ്മയിൽ നിന്നും കേട്ടു.

നല്ല ചിത്രകാരിയായ ആനിയ്ക്കും വിവാഹം കഴിഞ്ഞു ചിത്രകല പഠിക്കാൻ സ്വിറ്റ്സർലണ്ടിൽ പോകാൻ അവസരം ഉണ്ടാക്കും എന്ന അലെക്സിന്റെ അപ്പന്റെ വാഗ്ദാനം കൂടി ആയപ്പോൾ മകൾക്കു കിട്ടാൻ പോകുന്ന  മഹാഭാഗ്യത്തെ ആനിയുടെ അപ്പൻ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അവിനാഷിനോട്  ആനിയ്ക്ക് ഉണ്ടായിരുന്ന അടുപ്പം അറിഞ്ഞിരുന്നിട്ടും അയാൾ  അക്കാര്യം  പൂർണമായി അവഗണിച്ച് വിവാഹം ഉറപ്പിച്ചത്രേ.  ആനി, അലെക്സും ആയി ഉള്ള  കല്യാണത്തിന് ഒരു എതിർപ്പും കാട്ടിയില്ല എന്ന് അയല്പക്കംകാരിൽ നിന്ന് 'അമ്മ മനസ്സിലാക്കിയത് കൂടെ കേട്ടപ്പോൾ, ചതിയുടെ ആഴം   അവിനാഷിന്റെ ഉള്ളു  തകർത്തു.

മനസ്സിൽ  പടർന്നു കയറിയ മരവിപ്പുമായി വീട്ടിൽ നിന്നും പുറത്തു പോകാതെ അവിനാഷ്, ആ ദിവസങ്ങളിൽ   സമയം എങ്ങനെയോ തള്ളി നീക്കി.  

അമ്മ ഇടയ്ക്കിടെ മകനെ വന്നു നോക്കും. ചിലപ്പോൾ ഒരുമിച്ചിരുന്നു കെട്ടിപ്പിടിച്ചു കരയും. വിവാഹത്തിന് ക്ഷണിക്കാൻ   ധൈര്യപ്പട്ടു വന്ന ആനിയുടെ അപ്പനെയും, അലെക്സിനെയും ആ  അമ്മ ആട്ടിപ്പായിച്ചു.

അവിനാഷ്  അപ്പോഴും നിർവികാരനായി വീടിന്റെഒരു മൂലയിൽ കഴിഞ്ഞു;ഒരു മരണവീട്ടിൽ കഴിയുന്നത് പോലെ.  കുട്ടിക്കാലം  മുതൽ കളിത്തോഴി ആയിരുന്നവൾ  പൊടുന്നനവെ തന്നെ തള്ളി കൂട്ടുകാരനെ തിരഞ്ഞെടുത്തതും വർഷങ്ങളോളം  ആത്മാർത്ഥത ഭാവിച്ചു  തന്നിൽ നിന്നും പ്രിയപ്പെട്ടവളെ തട്ടിയെടുത്ത കൂട്ടുകാരനേയും എത്ര ആലോചിച്ചിട്ടും  അവനു മനസ്സിലായില്ല. ബാല്യത്തിൻറെയും, കൗമാര്യത്തിന്റെയും, യൗവനത്തിന്റയും  നല്ല നാളുകൾ  ഒരു ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞത് പാവത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

വലിയ ആർഭാടമായി വിവാഹം നടന്നു. അധികം താമസിയാതെ   പഠനത്തിനുള്ള വിസ ശരിയായി അലെക്സ് സ്വിറ്റ്സർലണ്ടിലേയ്ക്ക് യാത്രയായതും, പിറകെ ആനി പോയതും ഒക്കെ അവിനാഷും അമ്മയും അയല്പക്കങ്ങളിൽ നിന്നും അറിഞ്ഞു.

കാലങ്ങൾ കടന്നു പോയി.. 

ഒറ്റപ്പെട്ട  ജീവിതത്തിൽ അവിനാഷിനു അല്പമെങ്കിലും വിടുതൽ കിട്ടിയത്  പട്ടണത്തിലെ ഒരു റബ്ബർ വ്യാപാരിയുടെ കണക്കെഴുത്തുകാരനായി ജോലി കിട്ടിയപ്പോഴായിരുന്നു. തിരക്കുള്ള വീഥിയുടെ ഓരത്തുള്ള ചെറിയ  റബ്ബർക്കടയിൽ മുതലാളിയും, സഹായികളായി രണ്ടു പേരും പിന്നെ അവിനാഷും മാത്രമേയുള്ളു. 

പുറത്തു കാൽനടക്കാരായ ജോലിക്കാരും, വിദ്യാർത്ഥികളും വാഹനങ്ങളും സൃഷ്ടിച്ചിരുന്ന ശബ്ദകോലാഹലങ്ങൾ  അവിനാഷിനെ അലോസരപ്പെടുത്തിയിരുന്നെങ്കിലും കടയ്ക്കുള്ളിലെ സ്ഥായിയായ ശാന്തത അവനു തെല്ലാശ്വാസം കൊടുത്തിരുന്നു. ഇടയ്ക്കിടയ്ക്ക്  റബ്ബർഷീറ്റുകൾ വിൽക്കാൻ നാട്ടുമ്പുറങ്ങളിൽ നിന്ന് വന്നിരുന്നവരുമായി, ചെറുപ്പക്കാരനായ മുതലാളി നടത്തിയിരുന്ന സംഭാഷണ ശകലങ്ങളും, ആഴ്ചയിൽ ഒരിക്കൽ അയാളുടെ ഭാര്യയും രണ്ടു കൊച്ചു കുഞ്ഞുങ്ങളും  കടയിൽ വരുമ്പോൾ ഉണ്ടാകുന്ന കലപിലയും ഒഴിച്ചാൽ കട ശാന്തം.  

കടയിൽ തങ്ങി നിന്ന റബ്ബറിന്റെ ഗന്ധവും, വർഷങ്ങളായി  വെള്ള തേച്ചിട്ടില്ലാത്ത മങ്ങിയ ചുവരുകളുടെ കാഴ്ചയുമായി ഇണങ്ങി അവിനാഷിന്റെ ഔദ്യോഗിക ജീവിതം മുന്നോട്ടു പോയി.

ബാങ്കിലോ, മറ്റു സ്ഥാപനങ്ങളിലോ ജോലി ലഭിക്കാൻ സാധ്യത ഉണ്ടായിരുന്നിട്ടും അതൊന്നും തേടാതെ,  റബ്ബർക്കടയിലെ ജോലി ഏറ്റെടുത്തതിന്റെ   പ്രധാന കാരണം മുതലാളിയുടെ സൗമ്യതയുള്ള ഇടപെടൽ ആയിരുന്നു. തൊട്ടടുത്ത  ഹോട്ടലിൽ     നിന്നും രാവിലെയും നാലുമണിയ്ക്കും മുതലാളി അവിനാഷിനു ചായയോ കാപ്പിയോ വാങ്ങിക്കൊടുക്കും . അമ്മ  എന്നും ബാഗിൽ  പൊതിച്ചോറ് പൊതിഞ്ഞു  വയ്ക്കും. അത് കൊണ്ട് ജോലി കഴിയും വരെ അവന് പുറത്തു പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

രാവിലെയും, വൈകുന്നേരവും പതിനഞ്ചു മിനിട്ടു മാത്രം ദീർഘിച്ച ബസ് യാത്ര. ഞായറാഴ്ചകളിൽ  അമ്മയോടൊത്ത് പള്ളിയിലേക്കുള്ള നടപ്പ്. സന്ധ്യാ നേരങ്ങളിൽ വീടിന്റെ കോലായിൽ അമ്മ വളർത്തിയ പൂച്ചെടികൾ നോക്കി  ഏകാന്തതയിൽ ഉള്ള ഇരിപ്പ്.

അവിനാഷിന്റെ ജീവിതം അങ്ങനെ പൊയ്ക്കൊണ്ടിരുന്നു.

വിദേശത്തു പഠിച്ചു കൊണ്ടിരുന്ന അലെക്സും, ആനിയും ഇടയ്ക്കിടെ നാട്ടിൽ വരുന്നതും പോകുന്നതും,  അവർ പഠനം പൂർത്തിയാക്കിയതും ഒക്കെ അമ്മയിൽ നിന്ന് അവൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും, മനസ്സിൽ തങ്ങി നിന്നിരുന്ന വേദന, അവരോടു ഇടപെടുന്നതിൽ നിന്ന് അവനെ പിന്തിരിപ്പിച്ചു.  കുറ്റബോധം കൊണ്ടാവണം അവനെക്കാണാൻ അവരും ഉത്സാഹിച്ചില്ല.  പിന്നെപ്പിന്നെ ഇരുവരെയും പറ്റിയുള്ള വാർത്തകൾ പത്രങ്ങളിലും, ചാനലുകളിലും ഇടം പിടിച്ചത് അവൻ അറിഞ്ഞു.  

ലണ്ടനിൽ അലെക്സ് തുടങ്ങിയ റെസ്റ്റോറന്റ്  ചുരുങ്ങിയ കാലം കൊണ്ട് മുൻനിരയിൽ എത്തി. അതിന്റെ ശാഖകൾ ബ്രിട്ടണിന്റെ മറ്റു ഭാഗങ്ങളിലും അയർലണ്ടിലും ചുരുങ്ങിയ  വർഷങ്ങൾ  കൊണ്ട് ഉണ്ടായി.  കണക്കില്ലാത്ത സമ്പന്നനായി അലെക്സ് വളർന്നു. ഒപ്പം അറിയപ്പെട്ട  ചിത്രകാരിയായി ആനി മാറി. അവളുടെ എക്സിബിഷനുകൾ യൂറോപ്പിൽ മാത്രമല്ല അമേരിക്കയിലും, ഓസ്ട്രേലിയയിലും, ഏഷ്യൻ രാജ്യങ്ങളിലും നടക്കാൻ തുടങ്ങി. ഓരോ ചിത്രങ്ങളും വളരെ വലിയ വിലയ്ക്ക്  വാങ്ങാൻ   ആളുകളുണ്ടായി. തിരക്ക് പിടിച്ച അവരുടെ ജീവിതം  നാടുമായുള്ള ബന്ധങ്ങൾ പതിയെപ്പതിയെ  പരിമിതമാക്കി.

ഒരു വിവാഹം കഴിച്ചു ജീവിക്കാൻ  അമ്മ നിരന്തരം പ്രേരിപ്പിച്ചിട്ടും അവിനാഷ്  വഴങ്ങിയില്ല. അവിനാഷിന്റെ പഴയ കൂട്ടുകാർ, പണത്തിന്റെയും പ്രശസ്തിയുടെയും പര്യായങ്ങൾ ആയി മാറിയപ്പോൾ ഏകാന്ത എപ്പോഴേ അവന്റെ ജീവിതപങ്കാളിയായി  മാറിയിരുന്നു. ചെറുപ്പത്തിൽ കാണാൻ സുന്ദരനായിരുന്ന   അവിനാഷ്  മെലിഞ്ഞു മറ്റൊരു രൂപമായി.  അമ്മയുടെ സാഹ്നിധ്യം മാത്രം ഒരു കുളിർകാറ്റു പോലെ, ഇരുപത് വർഷങ്ങളിൽ  അവനെ നിലനിർത്തി. 

ഒരു ദിവസം പെട്ടന്നു വീട്ടിൽ എത്താൻ ഒരു ഫോൺ വിളി വന്നു.

വീട്ടിൽ എത്തിയപ്പോൾ, ചെറിയ ഒരാൾക്കൂട്ടം. ഉള്ളിൽ  വെള്ള പുതപ്പിച്ചു  കിടത്തിയിരുന്ന അമ്മയെക്കണ്ട് അവൻ അലറിക്കരഞ്ഞു. അടുത്ത വീട്ടിലെ ആരോ തിണ്ണയിൽ വീണ് കിടന്നിരുന്ന അമ്മയെക്കണ്ട് ഓടിച്ചെന്നപ്പോൾ, ശ്വാസം നിലച്ചിരുന്നു. പിന്നെ അയല്പക്കംകാർ ഡോക്ടറെ വരുത്തി പരിശോധന നടത്തിയപ്പോളാണ് മരണകാരണം വ്യക്തമായത്;ഹൃദയാഘാതം. മകന്റെ ദുഃഖം ഉള്ളിൽ ഒതുക്കി ജീവിച്ചിരുന്ന ആ  സാധ്വി  പെട്ടന്ന് ഇല്ലാതായത് അവരെ അടുത്തറിഞ്ഞ എല്ലാവർക്കും നടുക്കമായി.

അമ്മയുടെ അടക്കം കഴിഞ്ഞു  വീട്ടിൽ മടങ്ങിയെത്തിയ അവിനാഷിന്  താൻ  പൊടുന്നനവെ ഒരു ഇരുട്ട്കുഴിയിലേക്ക് വഴുതി വീണത് പോലെ തോന്നി. ഇനി മിണ്ടാനും,nപറയാനും ആശ്വസിപ്പിക്കാനും തനിക്ക് ആരുമില്ല.  ബാല്യത്തിൽ അപ്പനും, പിന്നെ അമ്മയും പോയപ്പോൾ നാൽപ്പത്തിരണ്ടാം വയസ്സിൽ അവിനാഷിന്റെ ജീവിതം  വെറും ശൂന്യമായി. 

കല്യാണം കഴിക്കാൻ അമ്മ നിർബന്ധിച്ചിരുന്നതിന്റെ അർഥം അപ്പോഴാണ് അവനു മനസ്സിലായത്. ഒരു കാപ്പി പോലും ഉണ്ടാക്കാൻ വശമില്ലാതിരുന്ന അവിനാഷ്   പ്രാതലിനു എന്തെങ്കിലും പാചകം ചെയ്യാൻ നിർബന്ധിതനായി. അമ്മ ഉണ്ടാക്കിയിരുന്ന സ്വാദിഷ്ടമായ ആഹാരവും, അത് വിളമ്പുമ്പോൾ, അമ്മയുടെ കണ്ണിൽ തിളങ്ങിയിരുന്ന സ്നേഹവാത്സല്യങ്ങളും അയാൾക്ക്  കണ്ണീരിൽ കുതിർന്ന ഓർമ്മകൾ മാത്രമായി.

നേരം വെളുക്കുന്നതിനു മുമ്പ്  വീടിനടുത്തുള്ള വിജനമായ ഒരു നാട്ടു വഴിയിലൂടെ നടക്കുന്നത്  അവിനാഷ്  പതിവാക്കി.  ഒരു  പാടത്തിനു നടുവിലൂടെയുള്ള  കെട്ടുവരമ്പിലൂടെ  നടന്ന് പാടത്തിനപ്പുറമുള്ള തോടിന്റെ വശത്തുള്ള ചെമ്മൺ പാതയിലൂടെ അവൻ നടപ്പു തുടരും. അപ്പോഴേയ്ക്കും കിഴക്കേ മാനത്തു തെങ്ങിൻ തലപ്പുകളുടെ പിറകിൽ തങ്കസൂര്യൻ ഉദിച്ചിരിക്കും. പിന്നെ തിരികെ നടപ്പായി. എങ്ങു നിന്നോ പറന്നു വരുന്ന  പാടത്തിലെ വെള്ള കൊക്കുകളും, മരത്തിൽ ഇരുന്നു മധുരമായി പാടുന്ന  കിളികളും,  കരയുന്ന കാക്കകളും ചിലയ്ക്കുന്ന അണ്ണാനുകളും,  തോട്ടിലെ മീനുകളും താൻ ഈ പ്രപഞ്ചത്തിൽ ഏകനല്ല എന്ന ബോധം അവനിൽ വളർത്തി. അവന്റെ ദുഃഖം പ്രകൃതി ഒപ്പിയെടുത്തു.

അമ്മ മരിച്ച് നാൽപ്പതാം ദിവസം കഴിഞ്ഞ് അവിനാഷ്  വീണ്ടും ജോലിക്കു പോയിത്തുടങ്ങി. ഉച്ചഭക്ഷണം തയ്യാറാക്കുന്നത് പ്രായോഗികം അല്ല എന്ന് തിരിച്ചറിഞ്ഞ അവിനാഷ് നീണ്ട കാലയളവിനു  ശേഷം, ഉച്ചയ്ക്ക്   മുന്തിയ ഹോട്ടലിൽ എത്തി. അവിടത്തെ പ്രായമായ ചില ജോലിക്കാർ അവിനാഷിനെ തിരിച്ചറിഞ്ഞതും സ്നേഹാന്വേഷണങ്ങൾ നടത്തിയതും അവനെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. അന്ന് മുതൽ എല്ലാ പ്രവർത്തിദിവസങ്ങളിലും ജോലിസ്ഥലത്തു നിന്നും നടന്നെത്താവുന്ന ദൂരത്തിലുള്ള മുന്തിയ ഹോട്ടലിൽ  അവിനാഷ്  പതിവുകാരനായി; ഉച്ചയ്ക്കും  വൈകുന്നേരവും.

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

പിന്നത്തെ രണ്ടു പതിറ്റാണ്ടുകളുടെ ഒഴുക്കിൽ, അലെക്സിനോടും ആനിയോടും ഉണ്ടായിരുന്ന കടുത്ത  വെറുപ്പ്  അവിനാഷിന്റെ മനസ്സിൽ നിന്നും ഉരുകി ഒലിച്ച് ഇല്ലാതായി.  അന്യരോടു വ്യവസ്ഥയില്ലാതെ ക്ഷമിക്കണം എന്ന  ഒരു പുരോഹിതന്റെ പ്രസംഗ മദ്ധ്യേ ഉണ്ടായ ഓർമ്മപ്പെടുത്തൽ അവനിലെ ക്ഷമയുടെ ആക്കം കൂട്ടി. അവരുടെ ഭാഗത്തു നിന്നും യാതൊരു   അന്വേഷണങ്ങളും ഇല്ലാഞ്ഞിട്ടും, അവർക്ക് നന്മകൾ മാത്രം ഉണ്ടാകണേ എന്ന് അവിനാഷ് പ്രാർത്ഥിച്ചു തുടങ്ങി.

തികഞ്ഞ നിഷ്ക്കളങ്കതയിൽ, തീർത്തും  അജ്ഞാതനായി അവിനാഷ്   തന്റെ സ്വപ്നക്കൂട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം സ്വന്തം  വീടിനു പുറത്തുള്ള രണ്ടാം ഭവനമായി ആ ഹോട്ടൽ പരിണമിച്ചു. ഹോട്ടലിലെ പഴയ പരിചയക്കാരുടെ സ്നേഹമസൃണമായ പെരുമാറ്റവും നല്ല വാക്കുകളും അവിടത്തെ ഭക്ഷണം പോലെ തന്നെ അവിനാഷിനു പ്രിയമുള്ളതായി മാറി.

രണ്ടായിരത്തിഇരുപതിൽ ലോകത്തെമ്പാടുമുള്ള മനുഷ്യ ജീവിതങ്ങളെ, സമ്പത്തുള്ളവരും ഇല്ലാത്തവരും എന്നുള്ള  വ്യത്യാസം ഇല്ലാതെ   തകർത്തു തരിപ്പണമാക്കിയ കൊറോണ വൈറസിന്റെ വ്യാപനത്തോടെ അവിനാഷിന്റെ  ഹോട്ടൽ ഭക്ഷണം അവതാളത്തിലായി. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നത് സർക്കാർ നിയമപരമായി വിലക്കിയപ്പോൾ  അത് മുന്തിയ ഹോട്ടലിനെയും വല്ലാതെ ബാധിച്ചു തുടങ്ങി, അവിനാഷിനെയും. 

ഒരു വർഷത്തോളം  ദുർസ്ഥിതി  തുടർന്നു. രണ്ടായിരത്തിഇരുപത്തിയൊന്ന് ജൂണിൽ കർശന നിയന്ത്രണവിധേയമായി ഹോട്ടലുകൾ പ്രവർത്തിച്ചു തുടങ്ങാൻ സർക്കാർ അനുവദിച്ച  സമയത്തിനു മുൻപ് തന്നെ മുന്തിയ ഹോട്ടലിന്റെ  സാമ്പത്തിക  സ്ഥിതി  താറുമാറായിക്കഴിഞ്ഞിരുന്നു. ജൂൺ പകുതി ഒരു ശനിയാഴ്ച, ഉച്ച ഭക്ഷണം കഴിക്കാൻ  എത്തിയ   അവിനാഷ്  പരിചയക്കാരനായ  ഒരു പഴയ ഹോട്ടൽ  ജീവനക്കാരനിൽ നിന്നും നടുക്കുന്ന ആ  വാർത്ത കേട്ടു. ഹോട്ടൽ  എന്നെന്നേയ്ക്കുമായി  അടച്ചു  പൂട്ടാൻ പോവുകയാണത്രെ.

പിറ്റേന്ന് മുതൽ പത്രങ്ങളിലും, ചാനലുകളിലും ഹോട്ടലിന്റെ   വരാനിരിക്കുന്ന  അന്ത്യം ചൂടുള്ള വാർത്തയായി. ഹോട്ടലിൽ  ഭക്ഷണം കഴിച്ചിട്ടുള്ളവരും താമസിച്ചിട്ടുള്ള പ്രശസ്തരും സ്മരണക്കുറിപ്പുകൾ എഴുതിത്തുടങ്ങി.  അപ്രശസ്തരുടെ നിത്യ സംഭാഷണങ്ങളിലും ഹോട്ടലിന്റെ ദുരവസ്ഥ ചർച്ചാവിഷയമായി. നഗരത്തിനു നടുക്കുള്ള ഹോട്ടലിന്റെ സ്ഥാനത്തിന്റെ വ്യാവസായിക സാധ്യത മനസ്സിലാക്കിയ ഒരു പ്രസ്ഥാനം ന്യായമായ വിലയ്ക്ക് ഹോട്ടൽ പുരയിടം വാങ്ങിക്കഴിഞ്ഞിരുന്നു. ഓഗസ്ററ് മുപ്പത്തിയൊന്നിനു ഹോട്ടൽ അടച്ചു പൂട്ടും എന്ന്  ഔദ്യോഗികമായി അറിയിപ്പുണ്ടായി.

പൊയ്‌പ്പോയ രണ്ടു പതിറ്റാണ്ടുകളിൽ തനിക്കു ഭക്ഷണം വിളമ്പുന്ന അമ്മയായും രണ്ടാം ഭവനമായും മാറിക്കഴിഞ്ഞിരുന്ന ഹോട്ടലിന്റെ അവസാനം അടുത്തു എന്ന ചിന്ത പോലും അവിനാഷിന്റെ മനസ്സിന് ഉൾക്കൊള്ളാൻ ആയില്ല. താൻ തികച്ചും നിസ്സാഹായൻ ആണെന്ന ബോധ്യം  വളർന്നു കൊണ്ടിരുന്ന നാളുകൾ ഒന്നിൽ,  അവിനാഷ്  ഒരു തീരുമാനം എടുത്തു;  തന്റെ ജീവിതത്തിൽ കറുത്ത നിഴൽ വീഴ്ത്തിയ  അലെക്സിനോട് ഏതു വിധേനെയും സഹായം അഭ്യര്ഥിക്കുക. രണ്ടും കൽപ്പിച്ച്  അവൻ എഴുതാൻ തയ്യാറായി.  എന്ത് എഴുതണം, എങ്ങനെ എഴുതണം എന്ന് അവന്  അറിഞ്ഞു കൂടായിരുന്നു.  എന്നിട്ടും, അലെക്സിന്റെ വാട്സ്ആപ്പ് നമ്പർ കണ്ടുപിടിച്ചു,ഹോട്ടലിൽ ഇരുന്ന് അയാൾ  എഴുതിത്തുടങ്ങി:

Dear  Alex  and  Annie,

I am pretty aware that after forty years, you must be hardly remembering me.  Still,  I am gathering up the courage to write this message to you  for  a  reason . To be honest, for ages,   I had had deep anger and hatred  against both of you for the way you have crushed my heart.  However, I learned that keeping wrath in my heart is like carrying venom  that will only make my  life  more miserable.   You must be having a very  good  life in  the  UK . I am praying for your happiness. I have no more any ill-will against either of you.

As for me, I never got married. Twenty years ago, my mother passed away.  I still live in my old house all by myself. From then, I have been finding our old Joint ' Munthia Hotel’, as my mother who feeds me and as my pacifying second abode.

The very same corner where we used to sit is still my sanctuary, where I eat and spend  times  treasuring memories of the good old days. 

You must have heard that the hotel is going to be closed down for good within two months.  I am aware that you and Annie are multi-millions or even billionaires. Can you do something to preserve the hotel, which will be a  great  relief for thousands who have only good things to say about  ‘Munthia Hotel’, that includes  a small person like me.  If you could, I will be gratified to both of you for the rest of my life. 

I do not know what makes me write this.  But something in me compels me to write to you.   Please forgive me if my appeal is out of place and pointless.     

With love and prayers,  Your old friend Avinash.

എഴുതിക്കഴിഞ്ഞ്  ഒരു തവണ കൂടെ അവൻ വായിച്ചു നോക്കി. 'അയക്കണമോ വേണ്ടയോ?'  അവൻ പല തവണ  ആലോചിച്ചു. കണ്ണുകൾ  മുകളിലേയ്ക്ക് ഉയർത്തി അവൻ പ്രാർത്ഥിച്ചു.  'അയക്ക്' എന്ന്  ശക്തമായ ഒരു നിർദേശം ഉള്ളിൽ മുഴങ്ങുന്നതുപോലെ തോന്നി. പിന്നെ  ഒന്നും ആലോചിക്കാതെ അവൻ സന്ദേശം, ഒരു കാലത്ത് അവന്റെ എല്ലാം ആയിരുന്ന  കൂട്ടുകാർക്ക് സെൽ ഫോണിലൂടെ അയച്ചു.

ഒരാഴ്ച കടന്നു പോയി. അലെക്സിന്റെ ഒരു മറുപടിയും വന്നില്ല.        ‘അവർ നിന്നെ അവഗണിച്ചിരിക്കുന്നു. എന്തൊരു പമ്പര വിഢ്‌ഢിയാണ് അവിനാഷേ നീ?  പാഠങ്ങൾ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പഠിച്ചില്ല?’ ആരോ ഉള്ളിലിരുന്നു പരിഹസിക്കുന്നത് പോലെ അവിനാഷിനു തോന്നി. അപ്പോൾ മൃദുലമായ  മറ്റൊരു ശബ്ദവും അവൻ കേട്ടു.  'മകനെ, നീ ശരിയായതാണ് ചെയ്തത്. വിശ്വസിക്കുക. വൻ അനുഗ്രഹങ്ങൾ നിനക്കുണ്ടാവും, കാത്തിരിക്കുക.’

അവൻ കാത്തിരുന്നു.

ഓഗസ്റ്റ് പതിനഞ്ച്. ഞായറാഴ്ച. 

ആരാധന  കഴിഞ്ഞ് പള്ളിയിൽ നിന്നും വീട്ടിലേയ്ക്ക്  നടന്നു കൊണ്ടിരുന്നപ്പോൾ  അജ്ഞാതമായ  ഒരു സമാധാനം തന്റെ ഹൃദയത്തിൽ നിറയുന്നതായി   അവിനാഷിന് അനുഭവപ്പെട്ടു. 'Happy Independence  Day  Uncle’  കൈകളിൽ ദേശീയ പതാകകളുമായി എതിരെ വന്ന അയല്പക്കത്തെ ഒരു കൂട്ടം കുട്ടികളെ, അയാൾ കരങ്ങൾ ഉയർത്തി പ്രത്യഭിവാദ്യം   ചെയ്തപ്പോഴും ഉള്ളിൽ നിറഞ്ഞു കൊണ്ടിരുന്ന ശാന്തത എന്തോ ശുഭമായത് സംഭവിക്കാൻ പോകുന്നു എന്ന വിശ്വാസം അയാളുടെ ഉള്ളിൽ വളർത്തി.

വീട്ടുമുമ്പിൽ വിദേശ നിർമ്മിതമായ, വളരെ വിലപിടിപ്പു തോന്നിച്ച, ഒരു കാർ കിടക്കുന്നത് കണ്ട്  അവിനാഷ്  കൗതുകത്തോടെ അതിനുള്ളിലേക്ക്  നോക്കി.

കാറിന്റെ  വാതിൽ തുറന്ന്  പുറത്തേയ്ക്കു ഇറങ്ങിയ  കൂളിംഗ് ഗ്ലാസ് വച്ച,  ദീർഘകായനെ  തിരിച്ചറിയാൻ അവിനാഷിനു നിമിഷങ്ങൾ വേണ്ടി വന്നില്ല. അലെക്സ് ആയിരുന്നു ആഗതൻ. അയാളുടെ ഇരുപത്തിമൂന്നാം വയസ്സിൽ പിരിഞ്ഞു എങ്കിലും പത്രങ്ങളിലും ടെലിവിഷനിലും    ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്ന അലെക്സിന്റെ പിൽക്കാലചിത്രങ്ങൾ  കണ്ടിരുന്നത്കൊണ്ട്  തിരിച്ചറിയൽ എളുപ്പമായി.

"അവിനാഷേ, എന്നോട് പൊറുക്കെടാ" ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അലെക്സ് ഓടി വന്ന് തന്റെ പഴയ കൂട്ടുകാരനെ കെട്ടിപ്പുണർന്നു. തടിച്ചു  കൊഴുത്ത അലെക്സിന്റെ കരവലയങ്ങളിൽ എല്ലും തോലും മാത്രമുണ്ടായിരുന്ന  അവിനാഷിന് ശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നി.

" വിട് അലെക്സേ, എനിക്ക് ശ്വാസം മുട്ടുന്നു."  അവിനാഷ്  ഞരങ്ങി.

" പേടിക്കണ്ടടാ, എന്റെ  ക്വാറന്റീൻ കാലാവധി ഒക്കെക്കഴിഞ്ഞു. ഞാൻ നിനക്ക് രോഗം ഒന്നും പകർത്തുകയില്ല." 

ചെറു ചിരിയോടെ അലെക്സ് പിടി വിട്ടു.  കുഴിഞ്ഞ കണ്ണുകളും, ഒട്ടിയ മുഖവുമുള്ള അവിനാഷിന്റെ  മുഖത്തേയ്ക്ക്  കുറെ നേരം  അയാൾ നോക്കി നിന്നു.

" നീ എത്ര മോശപ്പെട്ടു  പോയി അവിനാഷേ. ഇതിന് കാരണക്കാരൻ ഞാൻ മാത്രം അല്ലേ?"  വിങ്ങിപ്പൊട്ടിക്കൊണ്ട്  അലെക്സ്   ചോദിച്ചപ്പോൾ അവിനാഷിനും കരച്ചിൽ അടക്കാൻ ആയില്ല. ഒരിക്കൽ കൂടെ അവർ ആലിംഗനത്തിൽ അമർന്നു.  

" നീ തനിച്ചാണോ വന്നത്?  ആനി വന്നില്ലേ?

”ഇല്ലടാ. അവൾ ഇനി ഒരിക്കലും വരില്ല." പൊട്ടിക്കരഞ്ഞുകൊണ്ട് അലെക്സ്  പറഞ്ഞപ്പോൾ,  എന്ത് പറയണം എന്നറിയാതെ അവിനാഷ് , അടുത്തുള്ള ഒരു മരത്തിലേയ്ക്ക്  ചാഞ്ഞു. അവന്റെ കണ്ണുകൾ മറിഞ്ഞു.  അവന്റെ ബോധം നഷ്ടപ്പെടും എന്ന് തോന്നിയിട്ടാവണം, അലെക്സ് അവനെ പിടിച്ചു വീടിന്റെ തിണ്ണയിൽ ഇരുത്തി. തൊട്ടടുത്ത കിണറ്റിൽ നിന്നും വെള്ളം കോരി അവനു കുടിക്കാൻ കൊടുത്തു. അവിനാഷിനോട്‌  ചേർന്ന് അലെക്സും ഇരുന്നു.

ജൂണിൽ  അവിനാഷിന്റെ  വാട്സ്ആപ്പ്  സന്ദേശം കിട്ടിയത് മുതൽ നടന്ന സംഭവങ്ങൾ അലെക്സ് ചുരുങ്ങിയ വാക്കുകളിൽ  കൂട്ടുകാരനെ ധരിപ്പിച്ചു. അവിനാഷിന്റെ എഴുത്തു വായിച്ച്  ആനി  വളരെ നേരം കരഞ്ഞു കൊണ്ടിരുന്നത്രെ.  തങ്ങൾ രണ്ടും അവിനാഷിനോട് കാണിച്ച ക്രൂരത കുറ്റബോധത്തിന്റെ രൂപത്തിൽ മുമ്പൊക്കെ അവരുടെ സംഭാഷണത്തിൽ ഇടയ്ക്കു കടന്നു വരുമായിരുന്നു.എങ്കിലും അവിനാഷിനോട്  സംസാരിക്കാൻ പോലും രണ്ടു പേർക്കും ധൈര്യം ഉണ്ടായിരുന്നില്ല.

"നമുക്ക് അവിനാഷിന്റെ അടുത്ത് പോകണം. അതിനു  മുമ്പ്   അലക്സ് അവന്റെ സങ്കടം എങ്ങനെങ്കിലും  മാറ്റിക്കൊടുക്കണം.  നീ  മുന്തിയ ഹോട്ടൽ വാങ്ങി അതിന്റെ  നടത്തിപ്പ്  തുടരാൻ  ഇടപാട് ചെയ്യണം.പാവം, അവൻ അവിടെ വന്നുപോയി  ജീവിക്കട്ടെ"   ആനിയ്ക്ക് അക്കാര്യത്തിൽ നിർബന്ധമായിരുന്നു.

എന്നാൽ വിധി മറിച്ചായിരുന്നു. അതിന്റെ പിറ്റേന്ന്  കടുത്ത പനിയും ദേഹം വേദനയും, ശ്വാസതടസ്സവും ആയി ആനിയെ  ലണ്ടനിലെ അതിപ്രശസ്തമായ ലണ്ടൻബ്രിഡ്ജ് ആശുപത്രയിൽ  കൊണ്ട് പോകേണ്ടി വന്നു. ആശുപത്രിയിൽ  കോവിഡ്  മാനദണ്ഡങ്ങളുടെ  ഭാഗംആയി ആദ്യം  സ്വാബ്ടെസ്റ്റ് നടന്നു.  ഫലം പോസിറ്റീവ് ആണെന്ന് കണ്ട ഡോക്ടർമാർ   അലെക്സിനെയും പരിശോധനയ്ക്ക് വിധേയനാക്കി. രോഗം ഇല്ലെന്ന് കണ്ടപ്പോൾ,  ആനി രോഗവിമുക്ത ആവുന്നത് വരെ ആശുപത്രിയിൽ  തുടരാൻ പ്രധാന ഡോക്ടർ നിർദേശിച്ചു.  ഒരാഴ്ച കൊണ്ട് രോഗം കുറയും  എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എങ്കിലും പിറ്റേന്ന് ആനിയുടെ അവസ്ഥ  ഗുരുതരമായി.  വെന്റിലേറ്ററിൽ ആയ ആനി, മൂന്നാം ദിവസം അന്ത്യശ്വാസം വലിച്ചു. 

ലോകത്തിലെ ഏറ്റവും മികച്ചതെന്ന് കരുതപ്പെട്ടിരുന്ന ആ ആശുപത്രിയിലെ ഉപകരണങ്ങൾക്കോ, മരുന്നുകൾക്കോ, വിദഗ്ദ്ദ ഡോക്ടർമാർക്കോ അവളെ രക്ഷിക്കാൻ ആയില്ല. മരണ വിവരം അപ്പോൾ പുറത്തു വിടാഞ്ഞതുകൊണ്ട് പ്രശസ്ത ചിത്രകാരിയുടെ അന്ത്യം ലോകം അറിഞ്ഞില്ല. ഒരു പിടി ചാരമായ ആനിയുടെ ഭൗതികാവശിഷ്ടം   ലണ്ടനിലെ ഒരു ദേവാലയത്തിന്റെ സ്വകാര്യ ശ്മശാനത്തിൽ അടക്കപ്പെട്ടു.

ആനിയുടെ അവസാനത്തെ ആഗ്രഹം പൂർത്തിയാക്കുക മാത്രം ആയിരുന്നു പിന്നെ അലെക്സിന്റെ പരിശ്രമം. മറുനാട്ടിലെ താമസം മതിയാക്കി കോടാനുകോടികൾ വരുന്ന  റെസ്റ്റോറന്റ് ശൃംഖലകൾ അലക്സ് വിറ്റു. വീടുകൾ  ഉൾപ്പെടെ സർവ സ്വത്തുക്കളും വിറ്റു പണമാക്കി.  മൂന്നാഴ്ചകൾക്ക് മുമ്പ് നാട്ടിൽ രഹസ്യമായി എത്തി.  പണത്തിന്റെ പിൻബലത്തിൽ  ഹോട്ടൽ വാങ്ങിയ കൂട്ടരോട് വില പേശി.   

പട്ടണത്തിന്റെ ഹൃദയ ഭാഗത്തുണ്ടായിരുന്ന അലെക്സിന്റെ പിതൃസ്വത്തായ സ്ഥലവും  ഹോട്ടൽ  വാങ്ങിയ വിലയുടെ പകുതിയും കൂടെ  വാഗ്ദാനം ചെയ്തപ്പോൾ ഹോട്ടൽ കെട്ടിടവും അതിനു ചുറ്റുമുള്ള സ്ഥലവും  അലക്സിന്റെ പേരിൽ  കൈമാറ്റം ചെയ്യാൻ ഹോട്ടൽ പുരയിടം വാങ്ങിയവർ സന്നദ്ധരായി. നല്ല  പാർക്കിങ് സൗകര്യവും, കൂടുതൽ വിസ്തൃതിയും ഉള്ള  അലെക്സിന്റെ പുരയിടം പുതിയ വ്യാപാര പ്രസ്ഥാനത്തിന് ഏറെ അനുയോജ്യമാണെന്ന്  അവർക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു. പട്ടണ നിവാസികളുടെ വികാരമായ ഹോട്ടലിന്റെ ഇടിച്ചു പൊളിക്കൽ ഒഴിവാക്കാൻ സാധിക്കുന്നതിൽ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

ഹോട്ടൽ പുരയിടം അലെക്സിന്റെ പേരിൽ എഴുതപ്പെട്ടു. എല്ലാ വസ്തു ഇടപാടുകളും അതിരഹസ്യമായി ചെയ്തത്കൊണ്ട്, പുറംലോകം ഒന്നും അറിഞ്ഞില്ല.  നടന്ന കാര്യങ്ങൾ  അവിനാഷ് അറിഞ്ഞിട്ടു മതി മറ്റുള്ളവർ അറിയുന്നത് എന്ന് അലെക്സിന് നിർബന്ധമുണ്ടായിരുന്നു;ചെയ്ത അപരാധങ്ങൾക്ക് ഒരു പ്രായശ്ചിത്തമെന്നവണ്ണം.

"സ്വന്തം നാട് വിട്ട്  സാമ്രാജ്യം വെട്ടിപ്പിടിക്കാൻ പോയ അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ, സ്വന്തം നാട് വിട്ട് യുറോപ്പിൽ റെസ്റ്റോറന്റ് സാമ്രാജ്യം ഞാൻ കെട്ടിപ്പടുത്തപ്പോൾ ജീവിതത്തിൽ ഇത്രയും വലിയ വില കൊടുക്കേണ്ടി വരും എന്ന്  ഒരിക്കലും വിചാരിച്ചില്ലെടാ. ഞങ്ങൾക്ക് മക്കൾ ഉണ്ടായില്ല. ആനി പോയി. എനിക്കറിയാം ഇതൊക്കെ  നിന്നോട് ചെയ്തതിനുള്ള ദൈവശിക്ഷകൾ ആണെന്ന്. പണത്തിനും ഡോക്ടർമാർക്കും ഒന്നിനും അവളെ രക്ഷിക്കാൻ ആയില്ലല്ലോ"  അലക്സ് വീണ്ടും കരഞ്ഞു.

അവിനാഷ് കൂട്ടുകാരനെ ആശ്വസിപ്പിക്കാൻ അവന്റെ തോളിൽ തലോടിക്കൊണ്ടിരുന്നു. ആനിയുടെ മരണവാർത്ത സഹിക്കാനാവാതെ അവനും കണ്ണീരൊഴുക്കി.

"ഹോട്ടൽ അടച്ചു പൂട്ടില്ല  അവിനാഷെ .  ഞാൻ ആ  കെട്ടിടം   ആധുനികമാക്കും. ഹോട്ടലിൽ ഇപ്പോൾ ഉള്ള വിഭവങ്ങൾക്ക് പുറമെ യൂറോപ്പിൽ ഞാൻ  വിളമ്പിയിരുന്ന അന്താരാഷ്ട്ര വിഭവങ്ങൾ   ലഭ്യമാക്കും.വഴിയേ ബ്രിട്ടണിലും  അയർലണ്ടിലും ചെയ്തത് പോലെ കേരളത്തിലെ  പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും  പിന്നെ മറ്റു സംസ്ഥാനങ്ങളിലും  ഹോട്ടലിന്റെ ശാഖകൾ ഉണ്ടാവും. മരണംവരെ നീ ഇനി എന്റെ കൂടെ വേണം. കാണില്ലേടാ. ആനിയുടെ ആത്മാവ് അതുകണ്ട് സന്തോഷിക്കും ഇല്ലേടാ   അവിനാഷാ? 

"ഇനിയുള്ള കാലം ഉറപ്പായും ഞാൻ കാണും നിന്റെ കൂടെ. ഇന്നല്ലെങ്കിൽ നാളെ ഞാനും നീയും ഈ ലോകം വിടേണ്ടവരല്ലേ? ആനി നമുക്ക് മുമ്പേ പോയി. അവൾ ഭാഗ്യമുള്ളവളാ."

അലെക്സിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

ഹോട്ടൽ അടച്ചു പൂട്ടും എന്ന് കരുതിയിരുന്നതിന്  ഏതാനും ദിവസങ്ങൾക്കു മുമ്പ്   പ്രശസ്ത  പത്ര, ടെലിവിഷൻ പ്രതിനിധികളെ വിളിച്ചു കൂട്ടി അലെക്സ് ഒരു ‘പ്രസ്-മീറ്റിങ്’  നടത്തി. രണ്ടു വാർത്തകളാണ് അന്ന് പുറത്തു വന്നത്. അലക്സിന്റെ  ഭാര്യയായ പ്രശസ്ത ചിത്രകാരി ആനിയുടെ  മരണ വിവരവും, മുന്തിയ ഹോട്ടൽ പുനരാരംഭിക്കുന്നതിനേപ്പറ്റിയുള്ള  തീരുമാനവും.

വിവരം   കാട്ടുതീ പോലെ പടർന്നു.  നിരാശയിൽ ആയിരുന്ന പട്ടണവാസികൾ പലരും തുള്ളിച്ചാടി. ആഘോഷനാളുകളിൽ പൊട്ടുന്നതിൽ കൂടുതൽ പടക്കങ്ങൾ അന്ന് പട്ടണത്തിൽ  പൊട്ടി. നെടുവീർപ്പുകൾ  പൊട്ടിച്ചിരികൾ ആയി മാറി.

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ , മുന്തിയ ഹോട്ടലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിന്റെ അടുക്കളയിലെ പഴയ ഉപകരണങ്ങൾക്കു പകരം ആധുനിക ഉപകരണങ്ങൾ  ഉണ്ടായി.  ശൗചസ്ഥാനങ്ങൾ പുതുക്കിപ്പണിതു. സ്വകാര്യ മുറികൾ ആധുനീകരിച്ചു.

ഭിത്തികൾക്ക് പെയിന്റ് അടിച്ചു. ഭക്ഷണ ശാലകളിൽ പുത്തൻ കസേരകളും മേശകളും  നിരന്നു.

ഹോട്ടലിന്റെ ചുവരുകളിൽ പുതിയ കുറെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു; ആനി വരച്ച മനോഹരമായ പ്രകൃതി ചിത്രങ്ങളും, പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത ചിത്രകാരിയുടെ ഒരു വലിയ ഫോട്ടോയും, പിന്നെ നാൽപ്പതോളം വർഷങ്ങൾ പഴക്കമുള്ള, മൂന്നു കൂട്ടുകാർ മുന്തിയ ഹോട്ടലിൽ ഇരുന്ന്  ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന, കറുപ്പിലും വെളുപ്പിലും ഉള്ള ഒരു ഫോട്ടോയും.

IPE MATHEWS  STORY 

 

മുന്തിയ ഹോട്ടൽ (കഥ: ഐപ്പ് മാത്യൂസ് )
Join WhatsApp News
Kottayam 2022-11-16 13:14:29
You writing about the BESTOTEL, Kottayam ?
Ipe Mathews 2022-11-16 16:34:00
Yes, it was written at a time when closure of Bestotal was a sensational news, with a wild hope that in the last minute someone might work out a solution so that the hotel won't be closed down. But I must add that the characters in the story are cent percent fictional.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക