Image
Image

പ്രണയത്തിന്റെ ഇടനാഴി ( നോവൽ ഭാഗം - 1: വിനീത് വിശ്വദേവ്

Published on 26 February, 2024
പ്രണയത്തിന്റെ ഇടനാഴി ( നോവൽ ഭാഗം - 1: വിനീത് വിശ്വദേവ്

ഭാഗം - 1 

ഓർമകൾക്ക് എന്നാത്മാവിൻ നഷ്ട സുഗന്ധം എന്നതുപോലെ ആദ്യ പ്രണയത്തിന്റെ ഇടനാഴിയിലൂടെ വീണ്ടും ഒന്നു യാത്രപോകുന്നത് ഓരോ മനുഷ്യർക്കും വ്യത്യസ്തങ്ങളായ അനുഭവമാണ് സമ്മാനിക്കുന്നത്. പ്രണയം പണ്ടുമുതലേ പൈങ്കിളിയാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും എല്ലാ പ്രണയവും കമിതാക്കളുടെ സമീപനംപോലെ വിഭിന്നവും വിചിത്രവുമാണ്. പ്രണയിക്കാത്ത മനുഷ്യരുണ്ടോ എന്നു ചോദിച്ചാൽ എന്റെ ഉത്തരം "ഇല്ല" എന്നുതന്നെയാണ്. ഒരാളെ സ്നേഹിക്കാനും പ്രണയിക്കാനും നമുക്ക് അയാളുടെ സമ്മതം ആവശ്യമില്ലാത്തിടത്തോളം കാലം ഭൂമിയിലെ എല്ലാ മനുഷ്യരിലും പ്രണയം ഉണ്ടാകും. വയലാർ രാമവർമ്മയുടെ വരികൾ കുറിക്കുന്നപോലെ "ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയമുണ്ടോ? സന്ധ്യകളും ചന്ദ്രികയും ഗന്ധർവഗീതവും ഉണ്ടോ? വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവർ ഉണ്ടോ?"

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു എനിക്ക് അവളോട് ആദ്യമായി പ്രണയം തോന്നിയത്. അന്ന് അവളോട് തുറന്നു പറയാൻ എനിക്ക് ഭയമായിരുന്നു. പക്ഷേ ദിനംപ്രതി പരസ്പരം കാണുന്ന സമയവും അവളുടെ സംസാരവും നോട്ടവും എന്നിലെ കാമുകനെ രൂപമാറ്റം നൽകുകയും മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു. പിന്നീടുള്ള ഓരോ രാവും വൈവിധ്യമാർന്ന സ്വപ്‌നങ്ങൾ എനിക്ക് സമ്മാനിക്കുകയും  ചെയ്തിരുന്നു. ചില രാത്രികളിൽ രാജാവും റാണിയുമായി, ഭർത്താവും ഭാര്യയുമായി, അറേബ്യൻ കഥകളിലെ രാജകുമാരനും രാജകുമാരിയുമായി, അങ്ങനെ അനന്ത വിഹായസിലെ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുകയും വർണ്ണശബളമായ സ്വപ്‌നങ്ങൾ പ്രതിനിധാനം ചെയിതും കടന്നുപോയി. അവൾ അറിയാതെ അവളെ പ്രേമിക്കുന്നതും ഒരു സുഖാനുഭൂതിയായി മാറിയിരുന്നു. അതുകൊണ്ടുതന്നെ അവളോടുള്ള എന്റെ പ്രണയത്തെ എനിക്ക് അത്രപെട്ടെന്ന് കുഴിച്ചുമൂടാൻ താല്പര്യമില്ലായിരുന്നു. മനസ്സിലെ മഞ്ഞുകണമായി നിലനിന്നിരുന്ന പ്രണയം ഓരോ രാവും കുളിരേകി. നമുക്ക് ഒരാളെ പ്രണയിക്കാൻ ഒരു ഉപാധികളും ആവശ്യവില്ല എന്ന തിരിച്ചറിവും എനിക്കുണ്ടായിരുന്നു.

വെളിച്ചപ്പാടിന്റെ എല്ലാവർക്കും അറിയാം, പക്ഷേ വെളിച്ചപ്പാടിന് എല്ലാരേയും അറിയില്ലെന്നപോലെ എന്റെ സുഹൃത്തുക്കൾക്കെല്ലാവർക്കും എനിക്ക് അവളോട് ഇഷ്ടമുണ്ടെന്നറിയാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള പെൺകുട്ടിയോട് എന്റെ സ്നേഹം തുറന്നു പറയാൻ പോലും കഴിവില്ലാത്ത ഭീരുവായ നീ പേടിത്തൊണ്ടനാണ് എന്ന് പറഞ്ഞു അധിക്ഷേപിക്കുന്ന കളിയാക്കലുകൾ എന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നും വരെ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ അത് ശരിയായിരിക്കാം. പക്ഷേ എനിക്ക് എന്റെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോൾ തുറന്നു പറഞ്ഞാൽ ഇപ്പോഴുള്ള സൗഹൃദം നഷ്ടമാകുമോ? പിന്നീട് അവൾക്കു എന്നോടുള്ള സമീപനം എങ്ങിനെയായിരിക്കും? പരസ്പരം അറിയാവുന്ന വീട്ടുകാർ എങ്ങിനെ അതിനെ വീക്ഷിക്കുകയും ചിന്തിക്കുകയും ചെയ്യും? എനിക്ക് പ്രണയിക്കാനുള്ള പ്രായവും പക്വതയും വന്നോ? തുടങ്ങിയ ചിന്തകൾ എന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. മനസ്സിൽ നാമ്പിട്ട പ്രണയം നിറയെ ഇലകളുള്ള ആൽമരംപോലെ മനസ്സിൽ പന്തലിച്ചു വളർന്നിരുന്നു.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു. വലിയ വെക്കേഷൻ തുടങ്ങി ഒരാഴ്ച പിന്നിട്ടു. വേണ്ടപ്പെട്ടവരെ കാണാതാകുമ്പോൾ മനസ്സിൽ അറിയാതെ മുളപൊട്ടുന്ന ചില നൊമ്പരങ്ങളുടെ നാമ്പ് എന്റെ മനസ്സിൽ പൊന്തി വരാൻ തുടങ്ങി. സ്കൂളിൽ സമയത്തു പോകുന്നതിനും ട്യൂഷൻ കഴിഞ്ഞു നേരത്തെ വീട്ടിൽ എതുന്നതിനുമായി അച്ഛൻ എനിക്ക് വാങ്ങി തന്ന നീല കളർ ബി. എസ്. എ. സൈക്ലിലിൽ ഞാൻ അവളുടെ വീടിനു മുന്നിലൂടെ അവളെ നേരിൽ കാണാനായി മൂന്നു നേരം റോന്തുചുറ്റി. അന്നേവരെ അവളെ വഴിയിൽ തടഞ്ഞു നിർത്തിയിട്ടില്ല, അവൾക്കുവേണ്ടി പ്രേമലേഖനം എഴുതിട്ടില്ല, എന്നിട്ടും എനിക്കവളോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരുന്നു. അവൾ എന്റെ അടുത്തേക്ക് വരുമ്പോൾ നെഞ്ചിടിപ്പുകൾ ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു. എന്റെ കൈകൾ അവളെ സ്പർശിച്ചിട്ടില്ല എന്നിട്ടും എനിക്ക് അവളോട് അത്രമാത്രം ഇഷ്ടം തോന്നിയിരുന്നു. തുറന്നു പറയാത്ത പ്രണയം എന്റെ മനസ്സിലെ ഉള്ളറയിൽ ഒരു നെരിപ്പോടുപോലെ എരിഞ്ഞു. സ്വപ്നങ്ങളെ താലോലിച്ചു ഞാനും രാവുകളെ തള്ളി നീക്കിയെങ്കിലും നിരാശ കലർന്ന ഓരോ ദിനങ്ങൾ സമ്മാനിച്ച് സൂര്യചന്ദ്രന്മാർ എന്നിലൂടെ കടന്നുപോയി. 

അയൽപക്കത്തെ കുട്ടികൾ വെക്കേഷൻ ക്ലാസ്സിനും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾക്കുമായി പോയി തുടങ്ങി. എന്റെ പഠനകാര്യത്തിൽ അമിത പ്രതീക്ഷ വെച്ച് പുലർത്താതിരുന്ന വീട്ടുകാരുടെ തീരുമാനം റിസൾട്ട് വന്നതിനു ശേഷം മതി തുടർ പഠനത്തിനുള്ള പോംവഴികൾ എന്നായിരുന്നു. ഒരു മാസം കടന്നുപോയി. കുറച്ചു നേരമ്പോക്കിനായി അച്ഛന്റെ കൂടെ ചായക്കടയിൽ ബിസിനസ് സഹായിയായി ഞാനും സമയം ചിലവാക്കി. ഒട്ടുമിക്ക വൈകുന്നേരങ്ങളിലും വീടിനടുത്തുള്ള തരിശുപാടത്തെ കാൽപ്പന്തു കളിയിലും ക്രിക്കറ്റുകളിയിലും കൂട്ടുകാർക്കൊപ്പം ഭാഗമായിരുന്നു. പതിവ് ദിനത്തിലും വ്യത്യസ്തമായി വിയർത്തൊലിക്കുന്ന ഷർട്ട് ഇട്ടുകൊണ്ട് കളികഴിഞ്ഞു ചെല്ലുമ്പോൾ അമ്മയിൽ നിന്നും ശകാരം വാങ്ങാതിരിക്കാനും അലക്കാൻ തുനിയുന്ന അമ്മയ്ക്ക് ജോലിഭാരം കുറയ്ക്കാനും വേണ്ടി ഞാൻ അന്ന് ഷർട്ട് ഊരി പാടവരമ്പത്തെ ഉണങ്ങിയ ഓലക്കീറിൽ വെച്ചതിനു ശേഷമായിരുന്നു പാടത്തേക്കു മുട്ടൊപ്പം വരുന്ന നീക്കറുമിട്ട് സുഹൃത്തുക്കളുടെ കൂടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നത്. എന്റെ പ്രണയിനിയെന്നു കരുതിയ ആ പെൺകുട്ടി പാടവരമ്പത്തൂടെ സ്വർണ വെളിച്ചം വീശിയ മാലാഖയെപ്പോലെ കടന്നു വരുന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടയുടനെ അവൾ എനിക്ക് നേരെ കൈകൾ വീശി എന്റെ പേര് ഉച്ചത്തിൽ വിളിച്ചു "വിഷ്ണു...." 

ഒരു മാസത്തിനു ശേഷം അവളെ കണ്ട മാത്രയിൽ ഞാനും സന്തോഷവാനായി മതിമറന്നു രണ്ടു കൈകൾ വീശി അവളെ വിളിച്ചു. "സിമീ..." ജിനീഷിന്റെ ഫാസ്റ്റ് ബൗളിൽ ബിനീഷിന്റെ വിക്കറ്റ് തെറിച്ചു. തേർഡ് അമ്പയറിന്റെ ഡിസിഷൻ പെൻഡിങ്ങില്ലെങ്കിലും വെള്ളം കുടിക്കാനും പുതിയ ബാറ്റ്സ്മാൻ ഇറങ്ങാനും ഒരു അഞ്ചു മിനിറ്റിലേക്കു അവസരം വീണുകിട്ടി. അവളെ അടുത്തു കാണാൻ ഞാൻ പാടവരമ്പിലേക്കു ഓടി. അടുത്തെതെത്തുന്നതിനു മുൻപേ അവളിൽ പുഞ്ചിരി വിടർന്നു. എന്നെ കണ്ട സന്തോഷമാകാമെന്നു ഞാൻ കരുതി. ഓടിക്കിതച്ചു അവളുടെ അടുത്തെത്തിയ എന്റെ ശരീരത്തു വസ്ത്രമില്ലെന്ന യാഥാർഥ്യം അവളുടെ ചിരിയസ്ത്രം എന്നിൽ പതിച്ചപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. പൊടിമീശ എനിക്കുണ്ടായിരുന്നിട്ടും അവളുടെ മുന്നിൽ നാണം മറയ്ക്കാൻ ഓലക്കീറിൽ കിടന്ന ഷർട്ട് വിയർപ്പിറങ്ങിയ ശരീരത്തെ പൊതിയേണ്ടി വന്നു. ഞങ്ങൾ ഏതാണ്ട് മൂന്നു മിനിറ്റു മാത്രം സംസാരിച്ചു. അവൾ അമ്മയുടെ വീട്ടിൽ വെക്കേഷൻ നിൽക്കാൻ പോയിട്ട് വരുന്ന വഴിയായിരുന്നു എന്നും ഇനി മുതൽ വീട്ടിൽ ഉണ്ടാകുമെന്നും പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ കൊട്ടിക്കേറിയ ചെമ്പടയും പഞ്ചാരി മേളവും കലാശക്കൊട്ടായി നിലച്ചിരുന്നു. കാണാമെന്നും പറഞ്ഞു അവൾ നടന്നകന്നു. സ്നേഹിക്കപ്പെടുമ്പോൾ ചില നോട്ടങ്ങളും മൗനങ്ങളും വാക്കുകളും അങ്ങനെയാണ് നമുക്ക് പ്രതീക്ഷ നൽകികൊണ്ടിരിക്കും.

കൊടും ചൂട് കത്തിക്കേറിയ മേടമാസായിരുന്നിട്ടും അന്നത്തെ എന്റെ രാത്രിയിൽ ഞാൻ മഞ്ഞു കായുകയായിരുന്നു. പ്രണയ സുരഭിലമായ ആ രാത്രിയിൽ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും പ്രണയ ഗാനങ്ങൾ റേഡിയോയിലൂടെ സംഗീത മഴയായി എന്റെ വീടിന്റെ ആകാശത്തു നിന്നും പെയിതിറങ്ങി. പല്ലവിയും അനുപല്ലവിയും ചേർത്ത് ഞാനും ആ പ്രണയമഴയിൽ നനഞ്ഞുകൊണ്ടു പാടിത്തുടങ്ങി.
"മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി 
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു  താളം.
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവ്‌ പകർത്തി 
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ അറിയില്ലല്ലോ"

ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പരുധിയില്ലാത്തടുത്തോളം കാലം മനുഷ്യന് പ്രേമിക്കാൻ കാരണങ്ങളും ആവശ്യമില്ലായിരുന്നു എന്ന പ്രണയത്തിന്റെ സൈദ്ധാന്തിക പ്രമാണം ഉൾക്കൊണ്ടു അവളാകുന്ന തലയിണയെ നെഞ്ചോട് ചേർത്ത് രണ്ടു ശരീങ്ങൾക്കിടയിലെ ചുംബനം ദാഹിച്ചു ഞാൻ അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക