Image
Image

കവിത വന്ന വഴി...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 24 November, 2024
 കവിത വന്ന വഴി...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

തപാലിൽ വന്ന കവിത പത്രാധിപർ തിരിച്ചും മറിച്ചും നോക്കി.വായിച്ചു കഴിഞ്ഞപ്പോൾ ഒരു സംശയം ഈ സാധനം കവിത തന്നെയാണോ?പല തവണ വായിച്ചിട്ടും അത്രയ്ക്കങ്ങോട്ട് പിടി കിട്ടുന്നില്ല.ഈശ്വരാ കവിത ഏതൊക്കെ വഴി ഏതൊക്കെ രൂപത്തിലാണ് വരുന്നതെന്ന് ആർക്കാണ് പറയാൻ കഴിയുക?ഇത്തരം സന്നിഗ്‍ദ ഘട്ടത്തിൽ സഹപത്രാധിപരെ വിളിച്ച് ഏൽപ്പിക്കുകയാണ് പതിവ്.മുഖ്യപത്രൻ സഹപത്രനെ വിളിച്ച് സാധനം ഏൽപ്പിച്ചു.

നേരം വളരെ കഴിഞ്ഞിട്ടും സഹപത്രനെയും കവിതയെയും കാണാതായപ്പോൾ മുഖ്യപത്രന് സംശയം,എന്തായിരിക്കും സംഭവിച്ചത്?ഒന്ന് നോക്കിക്കളയാമെന്ന് വിചാരിച്ച് അടുത്ത കാബിനിലേക്ക് ചെന്നു.
                                       
മേശമേൽ തലവെച്ച് ചിന്താമഗ്നനായിരിക്കുന്ന സഹനെക്കാണ്ട് മുഖ്യന് സംശയമായി.കവിത വായിച്ച് ബോധം പോയതാണോ?ബോധം പോയസമയത്ത് എഴുതിയതാണെന്ന് ന്യായമായും സംശയിക്കാവുന്ന പ്രസ്തുത കവിത വായിച്ച് വായിക്കുന്നവന്റെ ബോധം പോയാലും കുറ്റം പറയാനാവില്ല.എന്തൊക്കെയാണ് വെച്ചു കാച്ചിയിരിക്കുന്നത്?ഇതിനെക്കാൾ ഭേദം കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്ന് തോന്നുന്നു.’’കാടിയായാലും മൂടിക്കുടിക്കണം’’ എന്ന പഴയ ചൊല്ലനുസരിച്ച് നമ്മുടെ പട്ടിണിയും   പരിവട്ടവും വിശപ്പും ദാഹവുമൊന്നും അന്യരെ അറിയിക്കാതിരിക്കലാണല്ലോ മാന്യത.
                               
ഇതും വിശപ്പിനെപ്പറ്റിയുള്ള കവിത തന്നെ.വയറിന്റെ വിശപ്പിന്റെ കാര്യമാണെങ്കിൽ സഹിക്കാമായിരുന്നു.ഇത് കവിയുടെ വേറേ ഏതോ വിശപ്പിനെപ്പറ്റിയാണ്.അല്ലെങ്കിലും ഇങ്ങനെയൊക്കെ എഴുതി വിടുന്നതിനാണ് ഇപ്പോൾ ഡിമാന്റ്.പ്രത്യേകിച്ച്  വനിതകളോ അവരുടെ പേര് വെച്ച് വേറെ ആരെങ്കിലുമോ എഴുതിയാൽ കാര്യം കുശാലായി..ഇനി കവിയുടെ വീട്ടിൽ എഴുതി വെച്ചിരുന്ന വ്യക്തിപരമായ കുറിപ്പ് വല്ലതും ആരെങ്കിലും എടുത്ത് പത്രമാഫീസിലേക്ക് അയച്ചതാണോ എന്നും പത്രാധിപർക്ക് സംശയമുണ്ടാകാതിരുന്നില്ല.
                                   
‘ ’കവിത വായിച്ചിട്ട് എന്താണഭിപ്രായം?’’ നേരെ സഹന്റെ മുന്നിൽ വന്ന് നിന്ന് കുറെ നേരമായിട്ടും പ്രതികരണമൊന്നും കാണാതിരുന്നപ്പോൾ മുഖ്യൻ ചോദിച്ചു.’’അത് ശരി അപ്പോൾ ഇത് കവിതയായിരുന്നോ,ഞാൻ കരുതിയത് സാറിന് എന്നെ നേരിട്ട് ചീത്ത പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് കടലാസിൽ എഴുതി തന്നതായിരിക്കുമെന്നാ..’’  

‘’ഞാനും ആദ്യം വിചാരിച്ചത് നമ്മുടെ ആഴ്ചപ്പതിപ്പ് സ്ഥിരമായി വായിക്കുന്ന ആരോ തെറി എഴുതി അയച്ചതാണെന്നാ,മുകളിൽ കവിത എന്നെഴുതിയിരിക്കുന്നത് കണ്ടപ്പോഴാ സംശയമായത്..’’   മുഖ്യപത്രൻ വിശദീകരിച്ചു.’’സാറേ ഇത് നമ്മുടെ വാരികയിൽ പ്രസിദ്ധീകരിച്ചു വന്നാൽ വായനക്കാർ നമ്മെയല്ലേ ചീത്ത വിളിക്കൂ..’’സഹ പത്രാധിപർ സംശയം പ്രകടിപ്പിച്ചു .’’പക്ഷേ കവി പ്രശസ്തനായതു കൊണ്ടും മാനേജരുടെ സുഹൃത്തായതു കൊണ്ടും പ്രസിദ്ധീകരിക്കാതിരിക്കാനും കഴിയില്ല.’’
                                   
‘’അതു ശരിയാ,ഇത്തിരി അറിയപ്പെടുന്നയാളും  വല്ല പുരസ്‍ക്കാരവുമൊക്കെ കിട്ടിയിട്ടുള്ള ആളാണെങ്കിൽ ഏത് ചവറാണെങ്കിലും പ്രസിദ്ധീകരിക്കുകയാണല്ലോ രീതി.പക്ഷേ സാറേ ഇതൽപ്പം കട്ടിയായിപ്പോയി.’’ സഹപത്രൻ പറഞ്ഞു.അങ്ങനെയാണ് പ്രസ്തുത കുറിപ്പടി, ക്ഷമിക്കണം കവിതയെങ്കിൽ അങ്ങനെ വാരികയിൽ അച്ചടിച്ചു വരാനിടയായത്.യഥാർത്ഥത്തിൽ അതു കഴിഞ്ഞാണ് പ്രശ്നങ്ങൾ തുടങ്ങിയത്.കവിതയെപ്പറ്റി വാരികയിലേക്ക് വന്ന കത്തുകൾ അതിനേക്കാൾ വലിയ പൂരപ്രബന്ധങ്ങളായിരുന്നു.അവയ്ക്കു മുകളിൽ കവിതയെന്നെഴുതിയിരുന്നെങ്കിൽ അച്ചടിച്ചതിനെക്കാൾ നല്ല കവിതയാകുമായിരുന്നുവെന്ന് മാത്രമല്ല എല്ലാം കൂടിച്ചേർത്ത്  ഒരു സ്പെഷ്യൽ കവിതാ പതിപ്പ് തന്നെ ഇറക്കാമായിരുന്നു.അതിനെക്കാൾ വലിയ പ്രശ്നം വേറെയുമുണ്ടായി.കവികളും കവികളല്ലാത്തവരും പലതരം വിശപ്പിനെപ്പറ്റി വിശദമായി കവിതകളെന്ന തലക്കെട്ടിൽ സൃഷ്‍ടികളയക്കാൻ തുടങ്ങി.എന്താണ് ചെയ്യേണ്ടതെന്നറിയാതെ മുഖ്യപത്രൻ കുഴങ്ങി.
                              
നമ്മുടെ സർഗ്ഗമണ്ഡലത്തിൽ വിശപ്പ് ഇത്രയും വ്യാപകപ്രശ്നമായി മാറിയിരിക്കുന്നതോർത്ത് അത്ഭുതപ്പെടുകയും ചെയ്തു.ഒരു വേള ഈ ജോലി വേണ്ടെന്നു വെച്ചാലോ എന്നും പത്രാധിപൻ ആലോചിക്കാതിരുന്നില്ല.തന്റെയും കുടുംബത്തിന്റെയും വിശപ്പിന്റെ കാര്യമാലോചിച്ചപ്പോൾ ആ ആലോചനയിൽ നിന്നും ഉടൻ തന്നെ പിൻവാങ്ങുകയും ചെയ്തു.എന്തിനധികം പറയണം,ഒരു കവിയുടെ വിശപ്പ് സൃഷ്ടിച്ച കോലാഹലം ഏതൊക്കെ തലങ്ങളിലേക്ക് വളർന്ന് കീറാമുട്ടിയായതെന്നോർക്കുമ്പോൾ പലതരം വിശപ്പുകളെപ്പറ്റി ഒരു ഖണ്ഡകാവ്യം തന്നെ എഴുതിയാലോ എന്ന് മുഖ്യപത്രാധിപർക്ക് തോന്നാതിരുന്നില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക