മധു ആ രാത്രിയില്‍ത്തന്നെ അവിടെനിന്നും ഇറങ്ങി നടന്നു. തിരക്കിട്ട് മുന്നോട്ടു നടക്കുന്നതിനിടയിലും അവന്റെ മനസ്സില്‍ ആ ദൃശ്യം വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. മനസ്സില്‍ നിന്ന് മായ്ക്കാനാഗ്രഹിച്ച ആ കാഴ്ച മുന്നില്‍ കരാള നൃത്തമാടുന്നതുപോലെ-
എങ്കിലും എന്റെ നളിനിക്കൊച്ചമ്മേ, നിങ്ങള്‍ക്ക് ഇതെങ്ങനെ സാധിച്ചു! ഭര്‍ത്താവു മരിച്ചിട്ട് ദിവസങ്ങള്‍ മാത്രമെ ആകുന്നുള്ളൂ. അതിനിടയ്ക്ക് അന്യ പുരുഷനോടൊത്ത്, അതും ആ ശേഖരപിള്ളയോടൊത്ത്- .....ഹോ, ചിന്തിക്കാന്‍ കൂടിയാകുന്നില്ല.
എന്തായാലും ആ വീട് തന്റേതല്ലാതായി. ഇനി അവശേഷിക്കുന്ന ആ സ്ത്രീയുമായും തനിക്കൊരു ബന്ധവുമില്ല; ഇതു സത്യം.
നടന്നു. മനസ്സില്‍ നുരച്ചു പൊന്തിയ രോഷം പാദങ്ങളെ അതിവേഗം മുന്നോട്ടു നയിച്ചു.
റെയില്‍വേ സ്റ്റേഷന്‍-
സ്റ്റേഷനില്‍ എത്തുമ്പോള്‍ മെട്രോസിറ്റിയിലേക്കുള്ള ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. പിന്നെ മടിച്ചില്ല; അവിടെത്തന്നെ കിടന്നുറങ്ങി. അതിരാവിലെ എത്തിയ മറ്റൊരു തീവണ്ടിയില്‍ കയറി പട്ടണത്തിലേക്കു പുറപ്പെടുകയും ചെയ്തു.
ഹോസ്റ്റലിലെത്തുമ്പോള്‍ പത്തുമണി. സഹപാഠികളൊക്കെ കോളജിലേക്കു പോയിക്കഴിഞ്ഞിരിക്കുന്നു.
അതു നന്നായെന്ന് മധുവിനു തോന്നി. അല്ലായിരുന്നെങ്കില്‍ സഹതാപ പ്രകടനങ്ങള്‍ കേട്ട് വീര്‍പ്പുമുട്ടേണ്ടി വരുമായിരുന്നു.
റൂമില്‍ കയറി കതകുമടച്ച് ഇരുന്നു. ഇനി ഭാവിയെക്കുറിച്ച് സാവകാശം ഒന്നു ചിന്തിച്ചു കളയാം.
വീടിനെക്കുറിച്ചോ അവിടെ താമസിക്കുന്ന സ്ത്രീയെക്കുറിച്ചോ ഇനി ചിന്തിച്ചിട്ടു കാര്യമില്ല. ഇനി തന്റെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. അവയെക്കുറിച്ചു മാത്രം ചിന്തിച്ചു തീരുമാനമെടുത്താല്‍ മതി.
പഠനത്തെക്കുറിച്ചാണ് ചിന്തിച്ചു തുടങ്ങിയത്. ഇനി അതു തുടരുവാന്‍ സാധിക്കുമോ?
ചിന്തകള്‍ മുറിഞ്ഞു. ഊര്‍മ്മിളയെ കാണണമെന്ന് പെട്ടെന്ന് തോന്നി. എല്ലാ കാര്യങ്ങളിലും അവളുടെ അഭിപ്രായങ്ങള്‍കൂടി ആരായുന്നത് നന്നായിരിക്കും. ഇനി തനിക്ക്, തന്റെ ദുഃഖങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം കണ്ടെത്താന്‍ കഴിയുന്നത് അവളിലൂടെ മാത്രമായിരിക്കും.
സായാഹ്നത്തില്‍ മധു ഊര്‍മ്മിളയുടെ ഹോസ്റ്റലില്‍ എത്തി. എത്ര വേദനയിലും അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിനു പോലും ഒരു സുഖമുണ്ട്.
പക്ഷെ ഊര്‍മ്മിള എത്താന്‍ ഓരോ നിമിഷം വൈകുംതോറും അയാള്‍ അസ്വസ്ഥനായി. തന്റെ മാനസികാവസ്ഥ അറിയാമായിരുന്നിട്ടും ഇന്ന് എന്താണ് അവള്‍ക്ക് ഇത്ര താമസം?
ഒടുവില്‍ കാത്തുകാത്തിരുന്ന് മുഷിഞ്ഞപ്പോള്‍ അടുത്തടുത്തു വരുന്ന കാലടികളുടെ ശബ്ദം കേട്ടു. ഊര്‍മ്മിളയുടെ ആ കാലൊച്ചകള്‍ പോലും തനിക്ക് ഇന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന വസ്തുത കൗതുകപൂര്‍വ്വം അവന്‍ ഓര്‍മ്മിച്ചു. പക്ഷെ പതിവിനു വിപരീതമായി ഒട്ടും തന്നെ തിടുക്കത്തിലല്ല അവളുടെ വരവ്. തികച്ചും ഒരു അലസഗമനം.
ഒടുവില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു. റൂമിന്റെ വാതില്‍ പടിയില്‍നിന്ന് തോളിലൂടെ ഊര്‍ന്നിറങ്ങിയ സാരി വലിച്ചു നേരെയിട്ടുകൊണ്ട് അവള്‍ ഒരു അപരിചിതനെയെന്നവണ്ണം നോക്കി.
''ഊര്‍മ്മിളേ എന്താണു താമസിച്ചത്? ഞാന്‍ എത്ര നേരമായി ഇവിടെ കാത്തു നില്‍ക്കുന്നു.'' അവളെ കണ്ടതും മധു പറഞ്ഞു.
'എന്തിന്?' എന്ന ഭാവത്തില്‍ അവള്‍ അവന്റെ മുഖത്തേക്കു നോക്കി.
''എന്താ ഊര്‍മ്മിളേ നിനക്കു സുഖമില്ലേ?'' മധു അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
''ങാ, നല്ല സുഖമില്ല.'' വെളിയിലേക്കു നോക്കിക്കൊണ്ട് തികച്ചും അശ്രദ്ധമായാണ് അവള്‍ അതു പറഞ്ഞത്.
''എന്താണ് - പനിയോ?''
''അല്ല. തലവേദന.''
''റ്റാബ്‌ലറ്റ് കഴിക്കണം. ഞാന്‍ വാങ്ങിക്കൊണ്ടു വരാം.''
''വേണ്ട. ഞാന്‍ വാങ്ങിയിട്ടുണ്ട്.''
''ഇപ്പോള്‍ കുറവുണ്ടോ?''
''ങാ....''
പിന്നെ ഒരു നിമിഷം മധു നിശബ്ദനായി നിന്നു. അനന്തരം തുടര്‍ന്നു.
''വീട്ടിലെ സംഭവങ്ങളെല്ലാം ഊര്‍മ്മിള അറിഞ്ഞിരിക്കും?''
''അറിഞ്ഞു....'' തീരെ പതിഞ്ഞ ശബ്ദം.
''കൊട്ടാരത്തില്‍ നിന്ന് പൊടുന്നനെ കുടിലിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കയാണ് ഞാന്‍. ഞങ്ങളുടെ സമ്പത്തെല്ലാം പൊയ്‌പോയി...''
അവള്‍ ഒന്നും പറഞ്ഞില്ല.
''ഞാനിന്നൊരു പാപ്പരാണ്...''
ഊര്‍മ്മിള അപ്പോഴും നിശബ്ദയായി നിന്നതേയുള്ളൂ.
''ഭാവിയെക്കുറിച്ച് പല തീരുമാനങ്ങളും എടുക്കേണ്ടിയിരിക്കുന്നു. അവയെക്കുറിച്ചെല്ലാം ഊര്‍മ്മിളയുമായിട്ടു കൂടി ഒന്ന് ആലോചിക്കാമെന്നു കരുതിയാണ് ഞാനിങ്ങോട്ടു വന്നിരിക്കുന്നത്...''
''അതെല്ലാം മധു തന്നെ ആലോചിച്ചാല്‍ മതി.''
''അങ്ങനെയല്ല ഊര്‍മ്മിളേ. എന്റെ സുഖങ്ങളിലും ദുഃഖങ്ങളിലുമെല്ലാം ഒരു കാലത്തു പങ്കാളിയാകേണ്ടവളാണ് നീ.''
''വിവാഹത്തെക്കുറിച്ചാണു സൂചിപ്പിക്കുന്നതെങ്കില്‍ അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല മധൂ!'' അവള്‍ ഇടയ്ക്കു കയറിപ്പറഞ്ഞു.
''ഊര്‍മ്മിളേ!'' അവന്‍ അതിശക്തമായി ഒന്നു നടുങ്ങി.
''ഊര്‍മ്മിളേ നീ എന്താണു പറഞ്ഞത്?''
''നമ്മള്‍ കൊച്ചുന്നാള്‍ മുതല്‍ സ്‌നേഹിച്ചു വളര്‍ന്നതാണെന്നതൊക്കെ ശരി തന്നെ. പക്ഷെ മധുവിനെ വിവാഹം കഴിക്കാന്‍ അച്ഛന്‍ സമ്മതിക്കുന്നില്ല. അതിനാല്‍ മധു എന്നെ മറന്നേ തീരൂ.'' സ്‌കൂള്‍ വിദ്യാര്‍ത്ഥി കാണാപ്പാഠം ഉരുവിടുന്നതു മാതിരി അവള്‍ പറഞ്ഞു. അതും എത്ര നിസ്സാരമായി!
ആ ഞെട്ടലില്‍ നിന്നും വിമുക്തനാകുവാന്‍ അയാള്‍ക്ക് അല്പനേരം വേണ്ടിവന്നു. അത്രയും നേരം അവര്‍ ഇരുവര്‍ക്കുമിടയില്‍ കനത്ത നിശബ്ദത തളംകെട്ടി നിന്നു. ഒടുവില്‍ തെല്ലു ഗദ്ഗദമാര്‍ന്ന ശബ്ദത്തില്‍ത്തന്നെ അയാള്‍ തിരക്കി-
''അച്ഛനെതിര്‍ത്താല്‍ തന്നെയും എന്നെ മറക്കാന്‍ നിനക്കു സാധിക്കുമോ ഊര്‍മ്മിളേ?''
''അച്ഛനെ എതിര്‍ത്ത് ഒന്നും ചെയ്യുവാനുള്ള കരുത്തെനിക്കില്ല.''
''ആ കരുത്ത് നിനക്കു ഞാന്‍ പകര്‍ന്നു തരും ഊര്‍മ്മിളേ - നീ എന്റെ കൂടെ വരുമോ?''
''ഇല്ല; എനിക്കെന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല.''
''ഊര്‍മ്മിളേ!''
''കൂടുതലൊന്നും എനിക്കു പറയാനില്ല. നിങ്ങളെന്നേ മറന്നേക്കൂ. ഞാന്‍ പോകുന്നു...''
അവള്‍ പെട്ടെന്നു തിരിഞ്ഞു നടന്നു.
അയാള്‍ മുന്നോട്ടാഞ്ഞു.
''ഊര്‍മ്മിളേ!''
അവള്‍ വിളി കേട്ടില്ല. തിരിഞ്ഞു നോക്കിയതുപോലുമില്ല. തിടുക്കത്തില്‍ ഹോസ്റ്റലിനുള്ളിലേക്കു നടന്നു മറഞ്ഞു.
മധു ഒരു ശിലാവിഗ്രഹം പോലെ നിശ്ചലനായി നിന്നുപോയി. എത്രനേരം ആ നില്‍പ്പു തുടര്‍ന്നുവെന്ന് അയാള്‍ക്കു തന്നെ അറിയില്ല.
തെല്ലു സുബോധം വീണ്ടു കിട്ടിയപ്പോള്‍ അയാള്‍ അവിടെ നിന്നും നടന്നു; ഒരു ഭ്രാന്തനെപ്പോലെ.
വീണ്ടും വീണ്ടും അവളുടെ ആ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നതു പോലെ-
''കൂടുതലൊന്നും എനിക്കു പറയാനില്ല. ഞാന്‍ പോകുന്നു. എന്നെ മറന്നേക്കൂ.''
ഹോ, എത്ര നിസ്സാരമായിട്ട് അവള്‍ക്ക് പറയാന്‍ കഴിഞ്ഞു! എത്രയോ കാലത്തെ പഴക്കമുള്ള സ്‌നേഹബന്ധമാണ്. എന്നിട്ടും എത്ര നിസ്സാരമായി അതു പൊട്ടിച്ചെറിയാന്‍ കഴിഞ്ഞിരിക്കുന്നു!
ഓര്‍മ്മവച്ച കാലം മുതല്‍ കളിച്ചും ചിരിച്ചും സ്‌നേഹിച്ചും വളര്‍ന്നവരാണ്. എന്നിട്ടും ഒരു നിമിഷം കൊണ്ട് എല്ലാം മറക്കാന്‍ പറയാന്‍ എന്തെളുപ്പം!
സാമ്പത്തികമായി തങ്ങള്‍ തളര്‍ന്നുപോയി. പക്ഷെ അതിന്റെ ഉത്തരവാദി അവളുടെ അച്ഛനൊരാള്‍ മാത്രമാണ്. അവര്‍ ഇന്ന് സമ്പന്നരാണ്. അതില്‍ തന്റെ അച്ഛനും നിര്‍ണ്ണായക പങ്കുണ്ട്.
ഇതെല്ലാം അറിയാമായിരുന്നിട്ടും അവള്‍ക്ക് എത്ര അനായാസമായി പറഞ്ഞൊഴിയാന്‍ കഴിഞ്ഞിരിക്കുന്നു...
അവളുടെ അച്ഛന്‍ തന്റെ അച്ഛനെ വഞ്ചിച്ചു. ഇന്നിപ്പോള്‍ ഊര്‍മ്മിള തന്നെയും. ശേഖരപിള്ളയുടെ സിരകളില്‍ ഓടുന്ന രക്തം തന്നെയാണ് അവളിലും എന്ന കാര്യത്തില്‍ ഇനി സംശയമില്ല.
''എന്നെ മറന്നേക്കുക... ഞാന്‍ പോകുന്നു...!''
എന്നാലും എന്റെ ഊര്‍മ്മിളേ-
അലക്ഷ്യനായി നടക്കുന്നതിനിടയിലും അയാള്‍ അറിയാതെ തേങ്ങിപ്പോയി.
ജീവിതത്തില്‍ താന്‍ ആകെ ഒറ്റപ്പെടുകയാണന്ന് മധുവിനു തോന്നി. കുട്ടിക്കാലത്തു തന്നെ അമ്മ വിട്ടുപിരിഞ്ഞു. പിന്നെ അച്ഛന്‍. ഇപ്പോഴിതാ തന്റെ കാമുകിയും!
ഈ ജീവിതയാത്രയില്‍ താന്‍ ഒരു ഏകാന്തപഥികനായി തീര്‍ന്നിരിക്കുന്നതുപോലെ അവനു തോന്നി. തനിക്കു സ്‌നേഹിക്കുവാന്‍, തന്നെ സ്‌നേഹിക്കുവാന്‍ ഇനി ആരുമില്ല-
അയാള്‍ക്ക് ഉച്ചത്തിലൊന്നു പൊട്ടിക്കരയണമെന്നു തോന്നി. എങ്കില്‍ മാത്രമെ മനസ്സില്‍ തളംകെട്ടി നില്‍ക്കുന്ന ദുഃഖത്തിന് അല്പമെങ്കിലും ശമനം കിട്ടൂ...
സ്ഥലകാലബോധമുണ്ടായപ്പോള്‍ താനൊരു തീവണ്ടി പാതയിലൂടെയാണ് നടന്നു നീങ്ങുന്നതെന്ന് മധുവിന് മനസ്സിലായി.
(തുടരും)
Read More: https://emalayalee.com/writer/304