നിന്റെ ശരീരം പഴഞ്ചാക്കല്ലയൊ
മനസ്സ് ആക്രിയല്ലയൊ
ആത്മാവിനെ തേടുന്ന തമോവേലകൾ
വെറും പോക്രിത്തരമല്ലയൊ!
2
ഒരു പഴഞ്ചാക്കിനകത്ത്
ഇങ്ങനെ കുന്തിച്ചിരിക്കാതിരിക്കൂ
ഒന്ന് പുറത്തിറങ്ങി വെളിച്ചത്തിൽ
കാട് കയറി ചിന്തിക്കൂ
വാക്കിന്റെ ചിറകില്ലാതെ
ശൂന്യതയുടെ തുറസ്സിലേക്ക് കുതിക്കൂ
മഥിക്കുന്ന വിചാരത്തിനും
ഊർജ്ജത്തിനുമിടയിൽ
ഒരു രജതസേതു പണിയൂ!
3
തൽക്കാലം ചാക്കിനുള്ളിലും
ചാക്കിനോട് അകലം പാലിക്കാം
ഒന്നും ഒന്നും ഒന്നാകാതിരിക്കട്ടെ
വിമ്മിഷ്ടങ്ങളുടെ
മൌനം അവലംബിക്കാം
ഒന്നും ഒന്നും ഞണ്ടല്ല.. .. പത്ത്!
ഞണ്ടിന് പത്ത് കാലാകുന്നു
കോശങ്ങളെയിറുക്കി
പെരുപ്പിക്കും ദശകാലൻഞണ്ട്
ഒന്ന് രണ്ടാകും രണ്ട് നാലാകും
നാല് എട്ടാകും എട്ട് പതിനാറടിയന്തിരമാകും
4
ചാക്കൻ നിശ്ശബ്ദതയെക്കാൾ
പലപ്പോഴും
വെളിയിലെ ഒച്ചപ്പാടാകും
പ്രിയങ്കരബ്രഹ്മാണ്ഡസംഗീതം ;
മരുന്നല്ലെങ്കിൽ കീമോയല്ലെങ്കിൽ സംഗീതവും വിഷാക്തമല്ലയൊ.
പ്രഭാതത്തിന്റെ ഭൂപാളരാഗം
കടൽഗർജ്ജനത്തിന്റെ നാദസുതാര്യത
മഴവില്ലിന്റെ താരാട്ട്
ആകാശത്തിലെ മിന്നും വാൾവെട്ട്
ഇടവിടാതെ ഒഴുകുന്ന
യന്ത്ര റബ്ബർ പ്ലാസ്റ്റിക് നിരക്ഷര സ്വരവ്യഞ്ജന ശബ്ദങ്ങൾ
ഉച്ചഭാഷിണിയിൽ
ഇന്ത്യനിങ്കിൽ മുക്കിയെഴുതുന്ന
പൊയ് വചനധോരണിയുടെ
കാറലുകൾ
കൂവലുകൾ
കാൻസർ രോഗികൾക്കു നൽകാൻ
മുടി മുറിക്കുന്ന ഉരുക്കുകത്രികയുടെ
അപലോഹസ്വരതീവ്രതാളങ്ങൾ
രാത്രിയുടെ ബാഗേശ്രീ.
5
ഒരേ കാലം ചാക്ക്
സുതാര്യവും അതാര്യവുമത്രെ
ചാക്കിന്റെ തുളകളാണെന്റെ
കണ്ണുകൾ
അസംഖ്യം തുളകളുടെ കൊത്തുപണി കൊണ്ട്
ഈ ലോകം അലങ്കരിക്കപ്പെട്ടിരിക്കുന്നു
ഒരു വേള ഇതൊരു അപ്രത്യാശിതവനയാത്രയുടെ
തുടക്കമാകാം
വേട്ടക്കാരനും ബന്ദിയും
വിക്രമാദിത്യനും വേതാളവും
ചാക്കും ചൊക്കിപൂച്ചയും
നാല് കുറുഞ്ഞികളും.
6
രക്ഷിക്കൂ എന്ന് നിലവിളിക്കാൻ
നാവ് പൊങ്ങില്ല
അനന്തതയുടെ സ്വാദ്
അനുഭവിച്ചറിയാനുള്ള
നാവിൽ അർബുദം
ഞണ്ടിന്റെ അടയാളമുദ്ര
കൊത്തിവെച്ചിരിക്കുന്നു
ആകാശത്തിനു കീഴെയാണെങ്കിലും
എന്റെ കണ്ണുകളിൽ ഒരു നക്ഷത്രത്തിന്റെയും നിഴൽ
പതിയുന്നില്ല
എനിക്കു വെളിയിലെ രക്ഷകൻ
ഒരന്ത്യപ്രലോഭനമത്രെ!!
ചാക്ക് ഒരു രക്ഷാകവചമല്ലല്ലൊ
എന്നെ എന്നിലേക്കു കടക്കാൻ
ഈ ചാക്ക് അനുവദിക്കില്ലല്ലൊ!
7
എന്നെ ദഹിപ്പിക്കാതെ
ദേഹം മൂടുന്ന
ഈ കീറച്ചാക്ക് മാത്രം
ഇന്ധനമൊഴിച്ച്
എരിച്ച് ചാരമാക്കാൻ കെൽപ്പുള്ള
ദയാപരനായ ഒരു ഏകാധിപതിയെ
കരുണാമയനെ
ഞാൻ ക്ഷമാപൂർവ്വം
കാത്തിരിക്കട്ടെ!