വെറുതെയാണെല്ലാം
സുഹൃത്തേ, നമ്മുടെ
എഴുത്തും പ്രസംഗവും വെറുതെ!
കഥയൊന്നു നന്നായിയെങ്കിൽ
നന്നെന്നു ചൊല്ലി അവർ പോകും;
ചെമ്മേ ചമച്ചോരു കവിത
വായിച്ചു താൾ മറിക്കും
ഒരു നല്ല സിനിമപോലും
ആരെയും നല്ലവർക്കുന്നില്ല--
ഒരുവേളയലിയുന്ന ഹൃദയം
കഠിനപ്പെടുകയായ് വീണ്ടും...
ദുഷ്ടരാഘോഷം നൃത്തംചവിട്ടും
ഇന്നു കലപോലുമായി തമാശ,
സ്വന്ത നാമം വിളക്കുന്ന കേളി.
ദൈവരാജ്യം വരും, വരും നല്ല നാളെ
എന്നാർപ്പോടെ കപടസമർത്ഥർ
കൊന്നും കവർന്നും തിമിർക്കെ,
കേൾക്കില്ലയാരുമീ നമ്മുടെ
നാമം വളർത്തുന്ന മന്ദ്രസ്വനം.
എന്തോന്നു ഭൂമിയുടെ ഭാവി!
അപരന്റെ നൊമ്പര,മതെന്ത്?
സുഹൃത്തേ, നമുക്കീ
പാഴ്വേല മതിയാക്കി, നമ്മുടെ
കാര്യം നോക്കിക്കഴിയാം;
കരിമ്പാറ കീറി തകർന്നുപോകാതെ,
മുള്ളുകൾ മാറ്റി മുറിപ്പെടാതെ,
ഏകാന്തദീപം കെടുത്തി
ആ എണ്ണയിൽ കടുകു വറക്കാം.